അതിസാധാരണ മുഖമുണ്ടായിരുന്ന 'അസാധാരണക്കാരി'

Published : Sep 23, 2026, 06:17 PM IST
shobha

Synopsis

ഒരു കാലഘട്ടത്തിലെ പെൺകുട്ടികളുടെ 'കൂട്ടുകാരി'യായിരുന്നു ശോഭ. അക്കാലത്തെ മറ്റ് നടിമാരിൽനിന്ന് വ്യത്യസ്തമായി ശോഭ അവർക്ക് അവരെപ്പോലെ തന്നെയുള്ളൊരു സാധാരണ പെൺകുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആ ദുരന്തവും അവർക്ക് തങ്ങളുടെ ദുരന്തമായി തോന്നിയിരിക്കണം....

നാലാം വയസിൽ ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവച്ച ഒരു കൊച്ചുപെൺകുട്ടി, പതിനാറാം വയസിൽ നായികയായി, മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും അവൾക്കുവേണ്ടി സിനിമകളുണ്ടായി, പതിനേഴാം വയസിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പോലും ആ പെൺകുട്ടിയെ തേടിയെത്തി... ഇത്രയുമാകുമ്പോൾ നമ്മൾ പ്രതീക്ഷിക്കേണ്ടത് സൗത്ത് ഇന്ത്യൻ സിനിമയെ അടക്കി ഭരിച്ച് പിന്നെയും നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടാൻ കഴിഞ്ഞ വിജയിച്ച ഒരു നായിക നടിയെയാണ്. പക്ഷേ അതായിരുന്നില്ല ശോഭയുടെ വിധി...

സെപ്റ്റംബർ 23 , ശോഭ ഇപ്പോഴും നമുക്കൊപ്പമുണ്ടായിരുന്നെങ്കിൽ അവർക്ക് ഇന്ന് 64 വയസ് പൂർത്തിയാകുമായിരുന്നു. തെന്നിന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളുടെ ജന്മദിനം എല്ലാവരും ആഘോഷമാക്കുമായിരുന്നു. പക്ഷേ അതിനൊന്നും കാത്തുനിൽക്കാതെ ശോഭ തന്റെ പതിനേഴാം വയസിൽ മരണം തെരഞ്ഞെടുത്തു...

1962 സെപ്റ്റംബർ 23 നാണ് ബിസിനസുകാരനായിരുന്ന കെ.പി മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി ശോഭ ജനിക്കുന്നത്. മലയാളത്തിലെ അതുല്യനായ സാഹിത്യകാരൻ എസ്.കെ പൊറ്റക്കാടിന്റെ സഹോദരിയുടെ മകൾ കൂടിയാണ് പ്രേമ. ശോഭയുടെ സിനിമയിലേക്കുള്ള വരവിന്റെ കാരണം തന്നെ പ്രേമയുടെ സിനിമ മോഹമായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് പ്രേമയുടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് അമ്മാവനായ എസ്.കെ. പൊറ്റക്കാട് മുൻകൈയെടുത്ത് കവിയും സംവിധായകനുമായ പി. ഭാസ്കരനെയും നിർമാതാവ് ടി.കെ. പരീക്കുട്ടിയെയും പ്രേമയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. അനന്തരവളുടെ അഭിനയത്തോടുള്ള താല്പര്യം അറിയുമായിരുന്ന പൊറ്റക്കാട് അങ്ങനെയൊരു അവസരം പ്രേമയ്ക്ക് ലഭിച്ചാൽ ആ കുടുംബം രക്ഷപെടുമെന്നും പ്രതീക്ഷിച്ചു. അദ്ദേഹത്തിന്റെ പ്രതീക്ഷപോലെതന്നെ പ്രേമയെ ഇരുവർക്കും ഇഷ്ടമായി. തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ നീലക്കുയിലിലേക്ക് അവർ പ്രേമയെ തെരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെയാണ് സിനിമയുടെ മായികലോകത്തേക്ക് പ്രേമ കടന്നുചെല്ലുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി നീലക്കുയിൽ എന്ന ചിത്രം മാറി. ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ബഹുമതി അടക്കം സിനിമ സ്വന്തമാക്കി. അതോടെ സിനിമ എന്നത് പ്രേമയുടെയും സ്വപ്നമായി. കൂടുതൽ അവസരങ്ങൾക്കുവേണ്ടി അവർ മദ്രാസിലേക്ക് താമസം മാറി. കെ.പി മേനോനുമായുള്ള വിവാഹവും ഏതാണ്ട് ആ സമയത്തുതന്നെ നടന്നു. എന്നാൽ തന്റെ പ്രതീക്ഷകൾ പോലെയല്ല കാര്യങ്ങളെന്ന് അവർക്ക് വേഗത്തിൽ മനസിലായി. നായികനടി ആയി തിളങ്ങാനാവുമെന്ന പ്രതീക്ഷയോടെ മദ്രാസിലേക്കെത്തിയ പ്രേമയ്ക്ക് ലഭിച്ചത് അധികവും അമ്മ വേഷങ്ങളും സൈഡ് റോളുകളുമാണ്. വലിയൊരു താരമായി മാറാമെന്ന അവരുടെ സ്വപ്‌നങ്ങൾ മെല്ലെമെല്ലെ പൊലിഞ്ഞുതുടങ്ങി.

പക്ഷേ അപ്പോഴേക്കും പ്രേമ മറ്റൊരു സ്വപ്നം കണ്ടുതുടങ്ങിയിരുന്നു, തനിക്ക് സാധിക്കാത്തത് തന്റെ മകളിലൂടെ സാധിക്കണമെന്ന സ്വപ്നം. മഹാലക്ഷ്മി മേനോൻ എന്ന ഒരേയൊരു മകളിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കുക എന്നതായിരുന്നു പ്രേമയുടെ ആഗ്രഹം. അതിനായി ചുവടുറയ്ക്കും മുമ്പേ അവളെ സിനിമാലോകത്തേക്ക് കൈപിടിച്ചുനടത്തി പ്രേമ. മകളെ സിനിമയിലേക്ക് കൊണ്ടുവരാൻ അച്ഛൻ കെ.പി മേനോൻ അത്ര താല്പര്യപ്പെട്ടിരുന്നില്ലെങ്കിലും പ്രേമയുടെ ദൃഢനിശ്ചയത്തിനുമുന്നിൽ ഒരു എതിർപ്പുകളും വിലപ്പോയില്ല.

1966 ൽ നാല് വയസുള്ളപ്പോഴാണ് 'തട്ടുങ്കള്‍ തിറക്കപ്പെടും' എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി ബേബി മഹാലക്ഷ്മി ആദ്യമായി ക്യാമറയുടെ വെള്ളിവെളിച്ചത്തിന് മുന്നിലേക്കെത്തുന്നത്. തൊട്ടടുത്ത വർഷം മലയാളത്തിലെ ആദ്യ 'മൾട്ടി-സ്റ്റാർ' ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന 'ഉദ്യോഗസ്ഥ' എന്ന ചിത്രത്തിലും ബേബി മഹാലക്ഷ്മി വേഷമിട്ടു. സത്യൻ, പ്രേം നസീർ, കെ.പി. ഉമ്മർ, പത്മിനി, ശാരദ, ഷീല, രാജശ്രീ തുടങ്ങി നിരവധി മുൻനിര താരങ്ങളാണ് ആ സിനിമയിൽ അണിനിരന്നത്. ചിത്രത്തിന്റെ വലിയ വിജയം മഹാലക്ഷ്മിയുടെ അഭിനയ ജീവിതത്തിന് കൂടുതൽ തിളക്കവും പ്രതീക്ഷയും പകരുന്നതായിരുന്നു. 1971ല്‍ മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന അവാർഡ് നേടുമ്പോൾ മഹാലക്ഷ്മിക്ക് 9 വയസായിരുന്നു പ്രായം.

ശോഭ ആദ്യമായി നായികയാകുന്നതും മലയാളത്തിലാണ്. 1978 ൽ ബാലചന്ദ്രമേനോന്റെ ആദ്യ സംവിധാന സംരംഭമായ 'ഉത്രാടരാത്രി' എന്ന ആ സിനിമയിൽ അഭിനയിക്കുമ്പോൾ ശോഭയുടെ പ്രായം വെറും 16 വയസായിരുന്നു. നായികാ പദവിയിലേക്ക് ചുവടുമാറ്റിയപ്പോഴാണ് മഹാലക്ഷ്മി എന്ന പേര് മാറ്റി ശോഭ എന്ന പേര് സ്വീകരിച്ചത്. എങ്കിലും ആരായിരുന്നു ആ പേരവർക്ക് നൽകിയത് എന്നത് വ്യക്തമല്ല. ആരായിരുന്നാലും പൂർണ്ണചന്ദ്രനെപോലെ സൗമ്യതയും ശാലീനതയും ശോഭയും നിറഞ്ഞ ആ മുഖത്തിന് ശോഭ എന്ന പേരിനെക്കാൾ അനുയോജ്യമായി മറ്റൊരു പേരില്ലെന്ന് അവർക്കും തോന്നിയിരിക്കണം.

അക്കാലത്ത് നായിക നടിമാരെക്കുറിച്ചുണ്ടായിരുന്ന സൗന്ദര്യ സങ്കല്പങ്ങൾക്കൊക്കെ പുറത്തായിരുന്നു ശോഭ. വശ്യതയല്ല, മറിച്ച് ശാന്തതയായിരുന്നു ശോഭയുടെ സ്ഥായീഭാവം. ഒരൽപം കുസൃതിയും അത്രതന്നെ വിഷാദവും ഒരുപോലെ കലർന്ന മുഖം. അതിഭാവുകത്വം നിറഞ്ഞ അന്നത്തെ അഭിനയശൈലിയിൽനിന്ന് വേറിട്ടുനിൽക്കുന്ന, വളരെ calm and subtle ആയ അഭിനയരീതി. ശോഭയുടെ മുഖത്ത് ഒരു ഭാവങ്ങളും അമിതമായി തെളിഞ്ഞില്ല, അത് വളരെ സൂക്ഷ്മവും കൃത്യവുമായിരുന്നു. അഭിനയിച്ച് തഴക്കം വന്നവർക്ക് മാത്രം സാധ്യമാകുന്ന ഒരു കയ്യൊതുക്കം.

അഭിനയപ്രാധാന്യമുള്ള മികച്ച ചിത്രങ്ങൾ, ഓർമ്മയിൽ എന്നും തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ. അങ്ങനെ തൊടുന്നതെല്ലാം പൊന്നാക്കുന്ന നായിക. വളരെ പെട്ടന്നുതന്നെ പ്രേമ സ്വപ്നം കണ്ട ഉയരങ്ങളിലേക്ക് ശോഭ നടന്നടുക്കാൻ തുടങ്ങി. ആ ചെറിയ പ്രായത്തിൽ ശോഭ കീഴടക്കിയ ഉയരം ഏതൊരു തുടക്കക്കാരിയെയും മോഹിപ്പിക്കുന്നതായിരുന്നു. മികച്ച ഫിലിമോഗ്രഫി മാത്രമല്ല, വാരിക്കൂട്ടിയ പുരസ്കാരങ്ങളും കുറച്ചായിരുന്നില്ല. 1977ല്‍ മികച്ച സഹനടിക്കുളള കേരള സംസ്ഥാന അവാര്‍ഡ് നേടിയ ശോഭ തൊട്ടടുത്ത വർഷംതന്നെ മികച്ച നടിക്കുളള കേരള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. 1979ലും 1980 ലും കന്നഡ സിനിമയിലടക്കം മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ്. പക്ഷേ അവിടംകൊണ്ട് കഴിഞ്ഞില്ല. 1980ല്‍ ട്രാവൻകൂർ സിസ്റ്റേഴ്‌സിൽ മൂത്തയാളായ ലളിത നിർമ്മിച്ച 'പശി' എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് ശോഭയെ തേടിയെത്തിയത് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമാണ്. അപ്പോൾ ശോഭയുടെ പ്രായം 17 വയസായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് 'ഉര്‍വശി അവാര്‍ഡ്' എന്ന വിശേഷണം നിർത്തലാക്കുന്നതിന് മുമ്പായതിനാൽ അതിനുശേഷം ശോഭ 'ഉർവശി ശോഭ'യായി. അക്കാലത്തെ ഒരുപാട് പെൺകുട്ടികളുടെ സ്വപ്നങ്ങളിലെ കൂട്ടുകാരിയായി ശോഭ മാറി. തങ്ങളിലൊരാളായി അവർക്ക് ശോഭയെ തോന്നി.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലുമായി സിനിമകൾക്ക് പിന്നാലെ സിനിമകൾ ചെയ്തിരുന്ന കാലത്താണ് ശോഭ സംവിധായകൻ ബാലു മഹേന്ദ്രയുമായി അടുപ്പത്തിലാവുന്നത്. നേരത്തെതന്നെ ബാലു മഹേന്ദ്രയുമായി ശോഭയുടെ കുടുംബത്തിന് അടുപ്പമുണ്ടായിരുന്നു എങ്കിലും 1977 ൽ പുറത്തിറങ്ങിയ 'കോകില' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ശോഭയും ബാലുവും കൂടുതൽ അടുക്കുന്നത്. അന്ന് ശോഭയുടെ പ്രായം 15 വയസാണ്. ബാലുവിന് ശോഭയേക്കാൾ 23 വയസ്സിന്റെ വ്യത്യാസവും. തനിക്ക് മകളെപ്പോലെയാണ് ശോഭ എന്നാണ് ബാലു ആദ്യ കാലങ്ങളിൽ അവരെക്കുറിച്ച് പറഞ്ഞിരുന്നത്. ശോഭയുടെ ഡേറ്റുകളും പ്രതിഫലവുമടക്കം കൈകാര്യം ചെയ്തിരുന്നതുപോലും ബാലുവാണ്. ബാലുവിന് മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ശോഭ ഏറെ പ്രിയപ്പെട്ടവളായിരുന്നു. പക്ഷേ പോകെപ്പോകെ ആ ബന്ധത്തിന്റെ തലങ്ങൾ മാറാൻ തുടങ്ങി.

വ്യക്തിജീവിതത്തിൽ ശോഭ നേരിട്ട അരക്ഷിതത്വങ്ങളും കൗമാരത്തിന്റേതായ വികാര വിക്ഷോഭങ്ങളും ബാലു മഹേന്ദ്ര എന്ന സംവിധായകനോട് തോന്നിയ ആരാധനയും അയാൾ നൽകിയ കരുതലും പരിഗണനയുമെല്ലാം ശോഭയെ ബാലുവിനോട് കൂടുതൽ അടുപ്പിച്ചു. സാവധാനം ഈ ബന്ധം കൂടുതൽ പരസ്യമാകാൻ തുടങ്ങി. ശോഭയുടെ മാതാപിതാക്കൾ ഇതിനെ അതിശക്തമായി എതിർത്തെങ്കിലും അതെല്ലാം തരണം ചെയ്യാനും മാത്രമുള്ള ശക്തി ബാലുവിനോടുള്ള ശോഭയുടെ സ്നേഹത്തിനുണ്ടായിരുന്നു, അല്ലെങ്കിൽ ശോഭ അങ്ങനെ വിശ്വസിച്ചു. വൈകാതെ ശോഭ ബാലു മഹേന്ദ്രയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന് നിയമപരമായ സാധുതയുണ്ടായിരുന്നോ ഇല്ലയോ എന്നത് വ്യക്തമല്ല.

പക്ഷേ തനിക്ക് എവിടെയോ പിഴച്ചുപോയെന്ന് വൈകാതെ തന്നെ ശോഭ തിരിച്ചറിഞ്ഞു. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന ആ സമയത്തും തന്റെ വ്യക്തി ജീവിതം കൈവിട്ടുപോകുന്നതും തകർന്നടിയുന്നതും ശോഭയ്ക്ക് വേദനയോടെ നോക്കിനിൽക്കേണ്ടിവന്നു. ബാലു മഹേന്ദ്രയുമായുള്ള ശോഭയുടെ ബന്ധം സാവധാനം വേർപിരിയലിന്റെ വക്കിലേക്കെത്തി. പക്ഷേ അപ്പോഴേക്കും ശാരീരികമായും മാനസികമായും ശോഭ ആകെ തകർന്നിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചെന്ന സന്തോഷ വാർത്ത പങ്കുവയ്ക്കാനെത്തിയ മാധ്യമപ്രവർത്തകർക്കുമുന്നിൽ നിർവികാരയായി ശോഭ നിന്നു. തലമുതിർന്ന, പരിചയസമ്പന്നരായ നടിമാർ മാത്രം സ്വന്തമാക്കിയ ദേശീയ പുരസ്കാരമെന്ന നേട്ടം പോലും ആ പതിനേഴുവയസുകാരിയെ സന്തോഷിപ്പിച്ചില്ല. അപ്പോഴേക്കും അവളിൽനിന്ന് പഴയ ചിരി പൂർണ്ണമായും മാഞ്ഞുപോയിരുന്നു.

1980 ഏപ്രിലില്‍ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശോഭയെ മെയ് 1 ന് തന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അപ്പോഴും അവൾക്ക് 18 വയസ് പൂർത്തിയായിരുന്നില്ല...

14 വർഷത്തിനുള്ളിൽ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി ശോഭ അതിനോടകം അഭിനയിച്ചുതീർത്തത് 75 സിനിമകളാണ്. വാരിക്കൂട്ടിയത് നിരവധി പുരസ്കാരങ്ങളും. എന്നിട്ടും കൗമാര ചാപല്യങ്ങളിലോ സിനിമയെ അടക്കി വാണിരുന്ന ആൺകോയ്മയിലോ അവൾക്ക് കാലിടറി.

ഒരേയൊരു മകൾക്ക് വന്നുചേർന്ന ദുരന്തം താങ്ങാനാവാതെ ശോഭയുടെ അമ്മ പ്രേമ മാനസികമായി തകർന്നു. രണ്ടുവർഷങ്ങൾക്കുശേഷം അവരും മകളെപ്പോലെതന്നെ ജീവനൊടുക്കി.

1983 ൽ ശോഭയുടെ ജീവിതം പ്രമേയമാക്കി കെ.ജി ജോർജ് ഒരു സിനിമ ചെയ്തു, 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്'. പക്ഷേ അതിൽ നായിക കഥാപാത്രത്തിന്റെ ദുരന്തത്തിന്റെ പ്രധാന കാരണമായി അവരുടെ അമ്മയെയാണ് വരച്ചുകാട്ടിയിരുന്നത്. സംവിധായകനായ കഥാപാത്രത്തെ ഈ സിനിമ വെള്ളപൂശാൻ ശ്രമിച്ചെന്ന ആരോപണവും അന്നുണ്ടായി.

ശോഭ ഒരു മാജിക്കായിരുന്നു. വളരെ പെട്ടന്ന് പൂത്തുലഞ്ഞ് ഒരുപാട് സന്തോഷങ്ങൾ നൽകി അതിലുംവേഗം കൊഴിഞ്ഞുപോയ ഒരു വിസ്മയം. അത്തരമൊരു ഫിലിം കരിയർ ഇനി മറ്റൊരാൾക്ക് സ്വപ്നം കാണാൻപോലും സാധിക്കുമോ എന്ന് സംശയമാണ്. ഇന്നും ജീവനോടെയുണ്ടായിരുന്നെങ്കിൽ ശോഭയുടെ പേരിൽ മലയാള സിനിമ കൂടുതൽ തലയുയർത്തിപ്പിടിച്ച് നിൽക്കുമായിരുന്നു എന്നുറപ്പ്. 17 വയസിൽ ആർക്കും ചിന്തിക്കാൻ പോലുമാകാത്ത നേട്ടങ്ങൾ വാരിക്കൂട്ടി ആരോടും പരാതികളില്ലതെ അവൾ മാഞ്ഞുപോയി. പക്ഷേ ആ മുഖവും ചിരിയും നോട്ടവും ഇപ്പോഴും ഇവിടെ ബാക്കിയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മാസ്- ആക്ഷൻ റോളിൽ രശ്‌മിക; 'മൈസ' റിലീസിനൊരുങ്ങുന്നു; ട്രെയ്‌ലർ പുറത്ത്
'സഹോദരി തനിക്ക് 97 കോടിയോളം രൂപ നൽകാനുണ്ട്..'; രാധയുടെ ആരോപണങ്ങൾ തള്ളി നടി അംബിക