മലയാളത്തിന്റെ 'തിലകക്കല' മാഞ്ഞിട്ട് 14 വര്‍ഷങ്ങള്‍

Published : Sep 24, 2026, 08:05 AM IST
Thilakan

Synopsis

മലയാള സിനിമയിലെ ഇതിഹാസ നടനായ തിലകന്റെ പതിനാലാം ഓർമ്മദിനമാണിന്ന്. നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം 1973ൽ വെള്ളിത്തിരയിലെത്തിയത്. പെരുന്തച്ചൻ, കിരീടം, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം അനശ്വര കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു.

ഭിനയകലയുടെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 14 ആണ്ട്. കാലം മായിച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഒളിമങ്ങാതെയുണ്ട് ഇന്നും. പെരുന്തച്ചനിലെ തച്ചനെയും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനെയും കിരീടത്തിലെ അച്യുതന്‍ നായരെയും കാട്ടുകുതിരയിലെ കൊച്ചുവാവയെയുമൊക്കെ എങ്ങനെ മറക്കും നമ്മള്‍ മലയാളികള്‍. തിലകന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായങ്ങളും കാലം ശരിവയ്ക്കുന്ന സമയമാണ് കടന്നുപോകുന്നത്.

1935 ജൂലായ് 15ന് പി എസ് കേശവന്റെയും പി എസ് ദേവയാനിയുടെയും മകനായി പത്തനംതിട്ടയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്റെ ജനനം. സ്കൂള്‍ കാലയളവില്‍ അരങ്ങിലൂടെയായിരുന്നു അരങ്ങേറ്റം. കൊല്ലം എസ്എന്‍ കോളേജില്‍ 1956ല്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ അരങ്ങിന്റെ ഉള്‍ച്ചൂട് തിലകനില്‍ ആവേശിച്ചു. മുണ്ടക്കയം നാടകസമിതി രൂപീകരിച്ചാണ് തിലകന്‍ പ്രൊഫഷണല്‍ നാടകവേദിയില്‍ സ്വന്തം ഇടം തേടിയത്. പിന്നീട് കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലൂടെ അരങ്ങില്‍ നിറഞ്ഞു. അരങ്ങിലെ ചക്രവര്‍ത്തിയായി വാഴുമ്പോള്‍ തന്നെ ആകാശവാണിയില്‍ ശബ്ദം കൊണ്ടും പകര്‍ന്നാട്ടങ്ങള്‍ നടത്തി തിലകന്‍.

അരങ്ങിന്റെ തിലകക്കുറി വെള്ളിത്തിരയ്ക്ക് സ്വന്തമാകുന്നത് 1973ലാണ്. പി ജെ ആന്റണി സംവിധാനം ചെയ്ത പെരിയാറിലൂടെ. പിന്നീട് ഉള്‍ക്കടല്‍, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ തിലകന്‍ വെള്ളിത്തിരയില്‍ തന്റെ ഇടം ഉറപ്പിച്ചു. തുടര്‍ന്ന് എത്രയെത്ര കഥാപാത്രങ്ങള്‍... അച്ഛനായും മകനായും ഡോക്ടറായും മന്ത്രവാദിയായും പൊലീസുകാരനായും പള്ളി വികാരിയായും വികടനായുമെല്ലാം അഭ്രപാളിയില്‍ തിലകന്‍ വിസ്മയങ്ങള്‍ തീര്‍ത്തു. പെരുന്തച്ചനും മൂന്നാം പക്കത്തിലെ മുത്തച്ഛനും സേതുമാധവന്റെ അച്ഛനും സ്ഫടിക്കത്തിലെ ചാക്കോ മാഷും മലയാളിയുടെ ഉള്ളിലിരുന്ന് ഇന്നും വിങ്ങുന്നുണ്ട്.

തന്റേടവും നിലപാടും ആയിരുന്നു തിലകന്റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത, പറയാന്‍ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത സ്നേഹം നിറഞ്ഞ സിംഹം. അതായിരുന്നു വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും സുരേന്ദ്ര നാഥ തിലകൻ. സൂപ്പര്‍താരങ്ങളുടെ കോക്കസ് കളിയാണ് മലയാളസിനിമയെ നശിപ്പിക്കുന്നതെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ ഏറെ നഷ്ടമായിരുന്നു തിലകന്. താരസംഘടനായ അമ്മ പുറത്താക്കിയെങ്കിലും നിഷേധിയായ ആ കാട്ടുകുതിരയ്ക്ക് കൂസല്‍ തെല്ലുമില്ലായിരുന്നു. തിലകന്റെ ശരികളെ കാലം ശരിവയ്‍ക്കുന്ന കാഴ്ചയും ഇപ്പോള്‍ നമ്മള്‍ കാണുന്നു.

ഇന്ത്യന്‍ റുപ്പിയിലെ അച്യുതന്‍ നായരായി തിലകനെ സ്ക്രീനില്‍ വീണ്ടും കണ്ടപ്പോള്‍ എവിടെയായിരുന്നു ഇത്രയും നാളെന്ന് പൃഥ്വിരാജിന്റെ കഥാപാത്രത്തെ പോലെ പ്രേക്ഷകരും വിസ്മയിച്ചു. തിലകനിലെ പ്രതിഭവറ്റിയെന്ന ചില പൊയ് വാക്കുകകള്‍ക്കുള്ള മറുപടിയായിരുന്നു ഇന്ത്യന്‍ റുപ്പിയിലെ പ്രകടനം. അവിടംകൊണ്ടും അവസാനിച്ചില്ല. പിന്നീട് ഉസ്താദ് ഹോട്ടലില്‍ കരീമിക്കയായി വന്ന് 'സൂഫി സൂക്തത്തിന്റെ രുചിയുള്ള, സ്നേഹത്തിന്റെ സുലൈമാനി' പകര്‍ന്നുതന്നു തിലകന്‍.ഒരു വീഴ്ചയെ തുടര്‍ന്ന് പക്ഷാഘാതം വന്നെങ്കിലും മടങ്ങിവരവില്‍ യുവനായകര്‍ക്കൊപ്പവും മത്സരിച്ച് അഭിനയിക്കാന്‍ കഴിഞ്ഞത് അഭിനയത്തോടുള്ള തിലകന്റെ അടങ്ങാത്ത അഭിനിവേശം കൊണ്ടൊന്നു മാത്രമാണ്. അരങ്ങിനെയും അഭ്രപാളിയേയും ഒന്നുപോലെ വിസ്മയിപ്പിച്ച തിലകന്‍ മടങ്ങിവരവിലും മലയാളത്തിന് സമ്മാനിച്ചത് ഒട്ടനവധി അവിസ്മരണീയ അഭിനയമുഹൂര്‍ത്തങ്ങളായിരുന്നു. പക്ഷേ, തിലകനില്‍ ആവേശിക്കാനായി അണിയറയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ഊഴം കാത്തുനില്‍ക്കുന്നതിനിടയില്‍ ആ മഹാനടനു മുന്നില്‍ കാലം കര്‍ട്ടനിട്ടു. 2012 സെപ്റ്റംബര്‍ 24ന്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പ്രോഗ്രാം കറക്ട് 6.30ന് തുടങ്ങും, സാറിനത് നിർബന്ധമാണ്, ആ ഡിസിപ്ലിനോട് തന്നെ പോയി'; സൂര്യ കൃഷ്ണമൂർത്തിയെ കുറിച്ച് നവ്യ നായർ
കുഞ്ഞാറ്റ ഇനി നായിക; 'പ്രിയതമൻ' ഷൂട്ടിങ് ആരംഭിച്ചു; നായകൻ ശ്രീനാഥ് ഭാസി