
ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ രേണു സുധി ഗുരുതര രോഗത്തിന്‍റെ പിടിയിലാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ രേണു സുധി തന്നെ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ രോഗവിവരം വാസ്തവമാണെന്ന് അറിയിച്ച് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനും സുധിയുടെ പേരില്‍ വീട് വച്ചുനല്‍കാന്‍ നേതൃത്വം നല്‍കിയ ആളുമായ ഫിറോസ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രോഗവിവരം ആദ്യമായി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. തനിക്ക് കാന്‍സര്‍ ആണെന്ന സ്ഥിരീകരിച്ചുവെന്നും മൂന്നാം ഘട്ടത്തിലാണ് ഇപ്പോള്‍ രോഗമെന്നും അവര്‍ പറയുന്നു. മെയിന്‍സ്ട്രീം വണ്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു സുധി ഇക്കാര്യം പറയുന്നത്.
എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്. അവര്‍ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി. 15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല.
സുധിച്ചേട്ടന്‍റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിംഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമ്മോഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. മാമ്മോഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അതിന്‍റെ റിസൾട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല. മാനേജര്‍ കരിഷ്മയാണ് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആദ്യം ചോദിച്ചത്. പറഞ്ഞപ്പോള്‍ അവള്‍ ഞെട്ടി. കരിഷ്മയാണ് ചേച്ചിയോട് പറഞ്ഞത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളെജിലും പരിശോധിച്ചു. മെഡിക്കല്‍ കോളെജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും. എന്റെ കുറച്ച് സുഹൃത്തുക്കൾക്കും മാനേജർക്കും വീട്ടുകാർക്കും കസിൻസിനും മാത്രം അറിയുന്ന കാര്യമാണ് ഇപ്പോള്‍ എല്ലാവരോടുമായി പങ്കുവെക്കുന്നത്. മുന്നോട്ട് നമുക്ക് ജീവിക്കണം എന്നൊരു ഒറ്റ ചിന്തയാണ് എന്നെ ഇപ്പോള്‍ നയിക്കുന്നത്. പെണ്‍കുട്ടികള്‍ ശരീരത്തില്‍ വേദനയില്ലാത്ത മുഴ ഒക്കെ വന്നാല്‍ ശ്രദ്ധിക്കുക. ഡോക്ടറെ കാണുക. വേദനയില്ലെന്നോര്‍ത്ത് വച്ചുകൊണ്ടിരിക്കരുത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ