Latest Videos

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ; 'ബ്രഹ്മാസ്ത്ര' ഒരുങ്ങിയത് റെക്കോര്‍ഡ് ബജറ്റിലെന്ന് റിപ്പോർട്ട്

By Web TeamFirst Published Sep 1, 2022, 10:29 PM IST
Highlights

സെപ്റ്റംബര്‍ 9ന് തിയറ്ററിലെത്തുന്ന ചിത്രം ബോളിവുഡിനെ കൈപിടിച്ച് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. തുടരെയുള്ള പരാജയങ്ങളിൽ നിന്നുള്ള മുക്തിയെന്നോണം ബോളിവുഡ് പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം കൂടിയാണിത്. രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്റ്റംബർ 9ന് തിയറ്ററുകളിൽ എത്തും. അയാൻ മുഖർജിയാണ് സംവിധാനം. ഈ അവസരത്തിൽ ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. 

410 കോടിയാണ് 'ബ്രഹ്മാസ്ത്ര'യുടെ നിർമ്മാണ ചെലവെന്നാണ് ബോളിവുഡ് ഹംഗാമയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പബ്ലിസിറ്റിയും പ്രിന്‍ഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോർട്ടുകൾ അനുസരിച്ച് ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് വിവരം. ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും ഈ ചെലവ് കാണാനാകും. അയാനും സംഘത്തിനും മികച്ച വിഷ്വലുകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ട്രെയ്‌ലര്‍ ഒരു സാമ്പിൾ മാത്രമാണെന്നും സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഹിന്ദി ചിത്രം വൈ ആർ‌ എഫിന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ ആണ്. 2018ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആമിർ ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചെത്തിയ ചിത്രത്തിന്റെ നിർമ്മാണ ചെലവ്  310 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. 335 കോടി ബോക്സ് ഓഫീസിൽ നിന്നും ചിത്രത്തിന് ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. 

പഴയ അഭിമുഖത്തിലെ 'ബീഫ്' പരാമർശം; രൺബീറിന്റെ 'ബ്രഹ്മാസ്ത്ര'യ്ക്ക് എതിരെ ബോയ്കോട്ട് ക്യാംപെയിൻ

അതേസമയം, 'ബ്രഹ്മാസ്ത്ര'യ്ക്ക് എതിരെ ബഹിഷ്കരണാഹ്വാനങ്ങൾ ഉയരുന്നുണ്ട്. തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് രൺബീർ കപൂർ പറയുന്നൊരു വീഡിയോ ‌പ്രചരിപ്പിച്ച് കൊണ്ടാണ് ക്യാംപെയ്ൻ. പഴയൊരു അഭിമുഖത്തിന്റെ വീഡിയോ കട്ടിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിൽ ഇഷ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. റെഡ് മീറ്റ് ഭക്ഷണങ്ങൾ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും ആയിരുന്നു രൺബീറിന്റെ മറുപടി. ഈ ഭാ​ഗം മാത്രം കട്ട് ചെയ്ത് ട്വിറ്ററിലിട്ടാണ് ചിത്രത്തിനെതിരെ ബോയ്കോട്ട് ക്യാംപെയ്ൻ നടക്കുന്നത്.

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളിലായിരുന്നു റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 9ന് തിയറ്ററിലെത്തുന്ന ചിത്രം ബോളിവുഡിനെ കൈപിടിച്ച് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. 

click me!