'ആര്‍ആര്‍ആര്‍' ഓസ്‍കര്‍ സ്വന്തമാക്കുന്നത് നേരിട്ടു കാണാൻ രാജമൗലി 20 ലക്ഷം നല്‍കിയോ?, സത്യം ഇതാണ്

By Web TeamFirst Published Mar 19, 2023, 5:24 PM IST
Highlights

ഓസ്‍കര്‍ പുരസ്‍കാരം സ്വന്തമാക്കിയ ഗാനത്തിന്റെ സംഗീതം ഒരുക്കിയ കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും മാത്രമേ സൗജന്യ പാസുണ്ടായിരുന്നുള്ളൂവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഓസ്‍കര്‍ തിളക്കത്തിലാണ് സംവിധായകൻ എസ് എസ് രാജമൗലിയും സംഘവും. 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം 'നാട്ടു നാട്ടു'വിനാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഓസ്‍കര്‍ ലഭിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിന് ഓസ്‍കര്‍ ലഭിച്ചത് രാജ്യം ആകെ ആഘോഷിച്ചിരുന്നു. എന്നാല്‍ 'ആര്‍ആര്‍ആര്‍' സിനിമയുടെ സംവിധായകനും അഭിനേതാക്കളും വൻ തുക നല്‍കിയാണ് ഓസ്‍കര്‍ ചടങ്ങിന് പങ്കെടുത്തത് എന്ന പ്രചാരണമുണ്ടായതില്‍ വസ്‍തുത പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ഓസ്‍കര്‍ പുരസ്‍കാരം സ്വന്തമാക്കിയ ഗാനത്തിന്റെ സംഗീതം ഒരുക്കിയ കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും ഇവരുടെ ഓരോ കുടുംബാംഗത്തിനും മാത്രമാണ് സൗജന്യ പാസ് ലഭിച്ചത് എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്.. ഇവര്‍ പുരസ്‍കാരം ഏറ്റുവാങ്ങുമ്പോള്‍ ഡോള്‍ബി തിയറ്ററിലുണ്ടായിരുന്ന രാജമൗലിയും ഭാര്യയും രാം ചരണും ഭാര്യയും ജൂനിയര്‍ എൻടിആറും പണം നല്‍കി ടിക്കറ്റ് എടുത്താണ് അവാര്‍ഡ് ചടങ്ങ് കണ്ടത്. ഏകദേശം ഇന്ത്യൻ രൂപ 20.6 ലക്ഷം രൂപയാണ് ഒരു ടിക്കറ്റിന് ചെലവായത് എന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ എസ് എസ് രാജമൗലിയും സംഘവും ടിക്കറ്റെടുത്താണ് ഓസ്‍കര്‍ ചടങ്ങ് വീക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണെന്ന് 'ആര്‍ആര്‍ആര്‍' ടീമിനെ ഉദ്ധരിച്ച് ഇന്ത്യാ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

'നാട്ടു നാട്ടു' എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവുമായിരുന്നു ഗാനം. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. ജപ്പാനിലും റിലീസ് ചെയ്‍ത രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Read More: എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ

tags
click me!