
സിനിമാപ്രേമികളുടെ ചര്‍ച്ചകളിലെങ്ങും ഇപ്പോള്‍ മലൈക്കോട്ടൈ വാലിബനാണ്. ചിത്രം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരുമെല്ലാമായി ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ക്കിപ്പുറവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വാലിബനെപ്പോലെതന്നെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള മറ്റു ചില ചിത്രങ്ങളും മലയാളത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഉണ്ട്. ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതമാണ് അത്. ഏപ്രില്‍ 10 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ മേഖലകളിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഒരു എക്സ് പോസ്റ്റ് പ്രേക്ഷകശ്രദ്ധ നേടുകയാണ്.
ചിത്രത്തിന്‍റെ സൗണ്ട് മിക്സിംഗ് നടന്നുകൊണ്ടിരിക്കുന്ന സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു 28 സെക്കന്‍ഡ് വീഡിയോയ്ക്കൊപ്പമാണ് റസൂലിന്‍റെ പോസ്റ്റ്. അതില്‍ ചിത്രത്തിന്‍റെ സൗണ്ട് ട്രാക്കും കേള്‍ക്കാം. "ആടുജീവിതം അവസാനരൂപത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മഹാനായ എ ആര്‍ റഹ്‍മാന്‍ മുതല്‍ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ബ്ലെസി വരെ.. ഓരോ ഫ്രെയ്‍മും വൈകാരിക വിക്ഷുബ്ധത നിറഞ്ഞതാണ്. പൃഥ്വിരാജിനും അമല പോളിനും ആശംസകള്‍", വീഡിയോയ്ക്കൊപ്പം റസൂല്‍ പൂക്കുട്ടി എക്സില്‍ കുറിച്ചിട്ടുണ്ട്.
വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഒരു ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് ആടുജീവിതത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം അത് സംവിധാനം ചെയ്യുന്നത് ആരെന്നതും പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് ആരെന്നതും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.
ALSO READ : കാത്തിരിപ്പ് ചുരുങ്ങുന്നു; 'വിടാ മുയര്‍ച്ചി' അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ