
ഇന്ത്യൻ സിനിമയിലെ വമ്പൻ ചിത്രമെന്ന വിശേഷണത്തോടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻറെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇതുവരെ കാണാത്ത ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും മേക്കിങ്ങിലും ക്വാളിറ്റിയിലും രാമായണ ട്രെയിലർ ഒന്നിനൊന്ന് മെച്ചമാണ്. രാമനായി എത്തുന്ന രൺബീറിനെക്കാളും കയ്യടി വാരിക്കൂട്ടുന്നത് രാവണനായി എത്തുന്ന യഷ് ആണ്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമന്‍സ് ആകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പിച്ച് പറയുന്നുണ്ട്. ട്രെയിലറിൽ ഹനുമാനെ കാണിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.
രാമനും സീതയുടെ രൺബീറും സായ് പല്ലവിയും എത്തുമ്പോൾ രാവണനായി യഷ് ആണ് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ യഷിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. യഷിനോളം രാവണൻ എന്ന കഥാപാത്രത്തോട് ഇത്രത്തോളം നീതിപുലർത്താൻ മറ്റാർക്കും കഴിയില്ലെന്നാണ് എക്‌സിൽ പങ്കുവച്ച കുറിപ്പിൽ ഋഷഭ് ഷെട്ടി പറയുന്നത്.
"നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും ആളുകളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. നമ്മളെല്ലാവരും അതൊക്കെ കേട്ടാണ് വളർന്നത്, ഈ കാലാതീതമായ ഇതിഹാസങ്ങളെക്കുറിച്ചുള്ള നമ്മുടെ സ്വന്തം ഭാവനയും നമുക്കുണ്ട്. അവിശ്വസനീയമാംവിധം ബോധ്യപ്പെടുത്തുന്ന ഒരു ലോകം സൃഷ്ടിച്ചതിന് ടീമിന് അഭിനന്ദനങ്ങൾ. ഇത്തരം ഐക്കണിക് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു നടൻ അനുഭവിക്കുന്ന സമ്മർദ്ദം എത്രയാണെന്ന് എനിക്ക് മനസ്സിലാകും. ഓരോ നടനും ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. രൺബീർ കപൂർ, സഹോദരാ, രാമന്റെ പ്രഭാവലയവും ദിവ്യത്വവും നിങ്ങൾ ഞങ്ങളെ ശരിക്കും അനുഭവിപ്പിച്ചു. യഷ്, സാർ നിങ്ങളുടെ ഓരോ ഷോട്ട് കാണുമ്പോഴും എന്റെ കണ്ണുകൾ വലുതായി വന്നു. ആ കഥാപാത്രത്തോട് മറ്റാർക്കും ഇത്രത്തോളം നീതി പുലർത്താൻ കഴിയുമായിരുന്നില്ല എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ മികച്ച പ്രകടനത്തെക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ഒരു കാര്യം കൂടി, ഒരു കന്നഡിഗൻ എന്ന നിലയിൽ നിങ്ങൾ എപ്പോഴും ഞങ്ങളുടെ അഭിമാനമാണ്." ഋഷഭ് ഷെട്ടി പറയുന്നു.
നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു.
ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. അതേസമയം, രാമായണയുടെ മ്യൂസിക് റൈറ്റ് റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ടി- സീരീസാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് നടന്നിരിക്കുന്നതെന്നും ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ