ഗാനഗന്ധർവന് അഭിനന്ദനങ്ങളുമായി ഋഷി രാജ് സിംഗ്

By Web TeamFirst Published Oct 2, 2019, 3:02 PM IST
Highlights

കഥ, തിരക്കഥ, ഗാനങ്ങൾ തുടങ്ങി സിനിമയുടെ സാങ്കേതിക വശങ്ങളെയും ഓരോ കഥാപാത്രങ്ങളെയും വരെ എടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നുണ്ട് ഋഷി രാജ് സിംഗ്

മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം  ഗാനഗന്ധര്‍വ്വൻ. ഇപ്പോളിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്  ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കൌതുകം നിലനിർത്താൻ ചിത്രത്തിനായെന്നും  കുടുംബത്തിന് നല്ലരീതിയില്‍ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വനെന്നും ഋഷി രാജ് സിംഗ് പറയുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.


ഋഷി രാജ് സിംഗിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഏത് സാഹചര്യവും ഒരു ചെറുപുഞ്ചിരിയോടെ നേരിടുക- ഗാനഗന്ധർവ്വൻ ഫിലിം റിവ്യൂ 
                 by ഋഷിരാജ് സിംഗ്

 സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ സീനിലും കൗതുകം നിലനിർത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു കലയാണ്.

 നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാനായി ഒരുപാട് നിയമങ്ങൾ ഇപ്പോൾ നിലവിലുണ്ട്, എന്നാൽ ചില സ്ത്രീകൾ ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ സിനിമയിലും മീ ടൂ പോലുള്ള സാഹചര്യങ്ങൾ വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

 സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഗായകൻ ഉല്ലാസിൻ്റെ (മമ്മൂട്ടി) കഥയാണ് ചിത്രം പറയുന്നത്. വന്ദിതയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നിസ്സഹായയായ ഭാര്യയായി നല്ല രീതിയിൽ അഭിനയിച്ചിരിക്കുന്നത്.

ഗാനമേളയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് കഴിയുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണിത്.  സ്വന്തം ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയെ സഹായിക്കാൻ ശ്രമിക്കുന്നതും അവസാനം ആ സ്ത്രീ തന്നെ ശത്രുവാകുന്നതും ഉല്ലാസിനെ ദ്രോഹിക്കുന്നതുമാണ് കഥ.

എത്ര കള്ളം പറഞ്ഞാലും കാര്യം നടന്നാൽ മതി എന്ന രീതിയിൽ ഉള്ള ഒരു സ്ത്രീ കഥാപാത്രമായി (സാന്ദ്ര ) അതുല്യ മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്നു

അന്യഭാഷകളിൽ ഹിറ്റായ പാട്ടുകൾ ആണ് ഇതിൽ കൂടുതലായും പാടുന്നത്, 

 ജയിൽവാസത്തിനുശേഷം ഗായകനായി ഗാനമേള അവതരിപ്പിക്കുന്ന ശ്യാമപ്രസാദ് (സുരേഷ് കൃഷ്ണ) എന്ന കഥാപാത്രവും, ഈ ട്രൂപ്പിലെ ഡ്രമ്മർ ടിറ്റോ എന്ന കഥാപാത്രത്തെ മനോജ് കെ ജയനും  മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ് ഇതിൽ വക്കീൽ മനോജ് ആയി വേറിട്ട അഭിനയം കാഴ്ച വച്ചിരിക്കുന്നു.

സാന്ദ്രയെ കല്യാണം കഴിക്കാൻ തീരുമാനിച്ച പയ്യന്റെ റോൾ പ്രിൻസ്(ജോണി ആൻ്റണി) നന്നായി അവതരിപ്പിച്ചിരിക്കുന്നു. 

മൂന്ന് സുപ്രധാന സ്ത്രീ കഥപാത്രങ്ങള്‍ ഉള്ള ചിത്രത്തില്‍ പ്രകടനത്തില്‍ അനസൂയ എന്ന വക്കീല്‍ കഥാപാത്രവും സാന്ദ്ര എന്ന കഥപാത്രവും ഭേദപ്പെട്ട് നിന്നു. 

 അടുത്ത  സീനിൽ എന്ത് സംഭവിക്കും എന്ന രീതിയിൽ ഉള്ള കൗതുകം ജനിപ്പിക്കുന്ന എഡിറ്റിംഗ് ആണ് ഈ സിനിമയിൽ ഉള്ളത്. ഇത് സംവിധായകന്റെ ( രമേശ് പിഷാരടി) മികവും തെളിയിക്കുന്നതാണ്.

ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും ലിജോ പോളിന്റെ എഡിറ്റിംഗും കൂടി ഒത്തുചേർന്നതോടെ നല്ലൊരു ഗാനമേള കണ്ട അനുഭവം തന്നെയാണ്.

എടുത്തുപറയേണ്ടത് ഡയലോഗുകളും തമാശകളും ആണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. 

ഒരു കുടുംബത്തിന് നല്ലരീതിയിൽ ആസ്വദിക്കാൻ കഴിയുന്ന തികച്ചും ഒരു എന്റർടൈനർ ആണ് ഈ സിനിമ

 

click me!