
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റിയാസ് സലിം. ഫെമിനിസത്തെക്കുറിച്ചും എല്‍ജിബിടിക്യുഐഎ പ്ലസ് സമൂഹത്തെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വേദിയില്‍ സംസാരിച്ച റിയാസ് വലിയ ആരാധകവൃന്ദത്തെയും സ്വന്തമാക്കിയിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് ഫൈനൽ സിക്സിൽ ഇടം പിടിച്ചിരുന്നു. റിയാസിന്റെ പിറന്നാൾ ദിനത്തിൽ ബിഗ് ബോസിലെ തന്നെ മത്സരാർഥി ആയിരുന്ന ഡെയ്സി ഡേവിഡ് ഒരുക്കിയ സർപ്രൈസ് പാർട്ടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്ന നിമിഷയ്ക്കും റിയാസിനും ഒന്നിച്ചാണ് സഹ മത്സരാർഥികളായിരുന്ന ജാസ്മിനും, സൂരജ് തെലക്കാട്ടും, ഡെയ്‌സിയുമെല്ലാം ചേർന്ന് പാർട്ടി ഒരുക്കിയത്. ഇരുവരും വ്യത്യസ്തമായ കേക്കുകളായിരുന്നു മുറിച്ചത്. ഹൗസ് ബോട്ടിലായിരുന്നു പിറന്നാൾ ആഘോഷം നടന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് 24 കാരനായ റിയാസ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് താരം. കഴിഞ്ഞ ഒൻപത് വർഷങ്ങളായി ബിഗ് ബോസിൻ്റെ വലിയ ആരാധകനായിരുന്നു റിയാസ് സലിം. റിയാസ് എന്നാൽ വിനോദമാണ്, അതുകൊണ്ട് വിനോദത്തിനാണ് റിയാസ് ആദ്യ പരിഗണന നൽകുക എന്ന് പറഞ്ഞായിരുന്നു താരം ബിഗ് ബോസ്സിൽ എത്തിയത്.
റിയാസ് ഷോയിൽ മുന്നോട്ടുവച്ച ആശയം ആദ്യ ഘട്ടത്തിൽ നെഗറ്റീവ് മുഖമാണ് നൽകിയിരുന്നത്. എന്നാൽ, പിന്നീട് അത് എല്ലാവരുടെയും ഇഷ്ടം പിടിച്ചെടുക്കുന്നതിലേക്ക വഴിമാറുകയുമായിരുന്നു. ഷോയ്ക്ക് പുറത്തും സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളെ കുറിച്ചും റിയാസ് നിലപാട് വ്യക്തമാക്കാറുണ്ട്. ഇത്തരം നിലപാടുകളിൽ ചിലപ്പോഴൊക്കെ സൈബർ ബുള്ളിങിന് ഇരയാകുന്ന റിയാസ് ഇതൊക്കെ വളരെ രസകരമായാണ് കൈകാര്യം ചെയ്യാറുള്ളത്.