
ഇംഗ്ലീഷ് ഭാഷയില്‍ അഗ്രഗണ്യനായ ശശി തരൂര്‍ എംപിയുടെ ഹിന്ദി ഭാഷാസ്വാധീനം പരിശോധിക്കുന്ന രസകരമായ ഒരു വീഡിയോ നേരത്തേ പുറത്തെത്തിയിരുന്നു. റേഡിയോ മിര്‍ച്ചിയില്‍ ആര്‍ജെ ആയ പുര്‍ഖ, ശശി തരൂരിനോട് ചില ഹിന്ദി വാക്കുകളുടെ അര്‍ഥം ചോദിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ തരൂരിനെ കണ്ടപ്പോഴാണ് പുര്‍ഖ അദ്ദേഹത്തോട് ഇത്തരമൊരു ആശയം പങ്കുവച്ചതും അദ്ദേഹം സമ്മതിച്ചതും. എന്നാല്‍ ഈ വീഡിയോ യുട്യൂബില്‍ എത്തിയതിന് പിന്നാലെ ഇരുവരുടെയും ചിത്രം ചേര്‍ത്ത് സ്ത്രീവിരുദ്ധമായ ഉള്ളടക്കമുള്ള ട്രോളുകളുടെ ഒരു ഘോഷയാത്ര തന്നെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു. 'ശശി തരൂരിന്റെ പുതിയ ഇര'യെന്നും 'ഇത്തവണ ഒരു ചുവന്ന മുടിക്കാരിയാണെ'ന്നുമൊക്കെയുള്ള തലക്കെട്ടുകളിലായിരുന്നു ട്രോളുകളില്‍ പലതും. അപ്രതീക്ഷിതമായി നേരിട്ട ഈ സൈബര്‍ ആക്രമണത്തില്‍ പകച്ചുപോയെങ്കിലും ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെ പുര്‍ഖ. ഇംഗ്ലീഷ് വെബ്‌സൈറ്റ് ആയ 'ദി ക്വിന്റി'ലൂടെയാണ് പുര്‍ഖയുടെ പ്രതികരണം. മാനസികപ്രയാസം നേരിട്ട സമയത്ത് തനിക്കൊപ്പം നില്‍ക്കാന്‍ ഉറ്റവര്‍ ഉണ്ടായെങ്കിലും സമാന അവസ്ഥയിലെത്തുന്ന എല്ലാ സ്ത്രീകളുടെയും സ്ഥിതി അതാവില്ലെന്ന് തനിക്കറിയാമെന്നും പുര്‍ഖ പറയുന്നു.
'ഞാന്‍ ചെയ്ത ജോലി ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുന്നത് ഇത്തരത്തിലൊരു സൈബര്‍ ആക്രമണം ക്ഷണിച്ചുവരുത്തുമെന്ന് ഞാന്‍ കരുതിയതേയില്ല. ആദ്യം എനിക്കത്ര സങ്കടമൊന്നും തോന്നിയില്ല. എന്നാല്‍ ഞങ്ങളുടെ ഫോട്ടോകള്‍ ട്രോളുകളുടെ രൂപത്തില്‍ പല പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. പല സുഹൃത്തുക്കളും എനിക്കുതന്നെ ഇവ അയച്ചുതരാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്നുതന്നെ ഒരു മാനസികപ്രയാസത്തിലേക്ക് കടന്നു. സ്വന്തം ജോലി ചെയ്തതിനാണല്ലോ ഇത്രയും അപമാനിക്കപ്പെടുന്നത് എന്നതായിരുന്നു എന്നെ ഏറ്റവും ഉലച്ചുകളഞ്ഞത്.' തന്നെ ഒരു 'വസ്തു' എന്ന് ചുരുക്കുകയാണ് ആ ട്രോളുകളുടെ ഉപജ്ഞാതാക്കള്‍ ചെയ്തതെന്നും ശശി തരൂരിനൊപ്പം ചിത്രത്തില്‍ വരുന്നത് ഒരു സ്ത്രീയാണെങ്കില്‍ എപ്പോഴും ഇതാണ് നേരിടേണ്ടിവരുന്നതെന്നും ആര്‍ ജെ പുര്‍ഖ പറയുന്നു.
'ഞങ്ങള്‍ മനുഷ്യരാണെന്ന് അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ചില്ല. എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ഒരു നേതാവിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ സ്ത്രീകളെ വെറും ആയുധങ്ങളായി പരിഗണിക്കുന്ന സൈബറിടത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, മി ടൂ തുടങ്ങിയ മൂവ്‌മെന്റുകളൊക്കെ എത്ര നിരര്‍ഥകങ്ങളാണ്... ഈ പരീക്ഷണഘട്ടത്തില്‍ പരിചയക്കാരൊക്കെ എനിക്കൊപ്പം നിന്നു. പക്ഷേ ഇത്തരമൊരു ഘട്ടത്തിലെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും ഇത്തരത്തില്‍ പിന്തുണ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഡോ. തരൂരിനെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള ശ്രമം മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അത് മോശമായി തോന്നിയിരുന്നു. പക്ഷേ ആ ചിത്രങ്ങളിലെയൊക്കെ സ്ത്രീകളെ അത് എങ്ങനെയാവാം ബാധിച്ചിരിക്കുകതെന്ന് ഇപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത്.' അതേസമയം ഈ ഭീഷണികള്‍ക്ക് മുന്നില്‍ താനടക്കമുള്ള സ്ത്രീകള്‍ കീഴടങ്ങുമെന്ന് കരുതേണ്ടെന്നും തങ്ങള്‍ ആരുടെയെങ്കിലും 'ഇരകള്‍' അല്ലെന്നും സ്വന്തം അഭിപ്രായമുള്ള പെണ്ണുങ്ങളാണെന്നും ആര്‍ ജെ പുര്‍ഖ പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ