'എന്റെ കൊച്ചേട്ടന്റെ അനുജനല്ലേ എന്ന് പറഞ്ഞ് ഓടിവന്ന് കെട്ടിപിടിച്ചു'; പ്രവീണയെ കണ്ട അനുഭവം പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ

Published : Nov 08, 2025, 11:59 AM IST
RLV Ramakrishnan meets actress Praveena

Synopsis

തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ, നടി പ്രവീണയെ കണ്ടുമുട്ടി. മണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച കൂടിക്കാഴ്ച ഏറെ വൈകാരികമായിരുന്നുവെന്ന് രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

നടി പ്രവീണയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നർത്തകനും കലാഭവൻ മണിയുടെ അനുജനായ ഡോ. ആർഎൽവി രാമകൃഷ്ണൻ. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽവച്ചാണ് പ്രവീണയെ കണ്ടുമുട്ടിയതെന്നും, ഏറെ നാളത്തെ പരിചയമുള്ള പോലെ 'എന്റെ കൊച്ചേട്ടന്റെ അനുജനല്ലേ' എന്ന് പറഞ്ഞ് തന്നെ വന്ന് കെട്ടിപിടിച്ചെന്നും ആർഎൽവി രാമകൃഷ്ണൻ കുറിച്ചു.

‘ആ ഉൾവിളി അവരിൽ ഇപ്പോഴും ഉണ്ട്’

"ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് നടി പ്രവീണയെ കണ്ടത്. കണ്ടമാത്രയിൽ ഒരുപാട് നാളത്തെ പരിചയത്തോടെ എന്നെ വന്ന് കെട്ടിപ്പിടിച്ചു. എന്റെ കൊച്ചേട്ടന്റെ അനുജനല്ലെ എന്ന് പറഞ്ഞ്. അതെ.... വർഷങ്ങൾക്ക് മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി ചേട്ടൻ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിന്റെ സഹോദരി വാസന്തിയെ അവിസ്മരണീയമാക്കിയ പ്രവീണ

ഒരുപാട് വിശേഷങ്ങൾ പങ്കുവച്ചു... കുറേ സങ്കടപ്പെട്ടു കരഞ്ഞു. ഒടുവിൽ വീണ്ടും കാണാം എന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി യാത്രയായി... വാസന്ത്യേ.... എന്നവിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല....ആ... ഉൾവിളി അവരിൽ ഇപ്പോഴും ഉണ്ട്... അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവർ നെഞ്ചേറ്റിയിട്ടുണ്ട്." ആർഎൽവി രാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

വിനയൻ സംവിധാനം ചെയ്ത 1999 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. കലാഭവൻ മണി നായകനായി എത്തിയ ചിത്രത്തിൽ മണിയുടെ സഹോദരിയുടെ വേഷത്തിലാണ് പ്രവീണയും വേഷമിട്ടത്. കാവേരിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. കലാഭവൻ മണിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രത്തിലെ രാമു എന്ന കഥാപാത്രം. കലാഭവൻ മണിക്ക് ആ വർഷത്തെ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച ചിത്രം കൂടിയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ