Latest Videos

മുല്ലപ്പെരിയാറിലെ ആശങ്ക പങ്കുവച്ച് റോബിന്‍ രാധാകൃഷ്‍ണന്‍; വേദിയില്‍ മറുപടി പറഞ്ഞ് ഇ പി ജയരാജന്‍

By Web TeamFirst Published Oct 4, 2023, 8:38 AM IST
Highlights

മുല്ലപ്പെരിയാറിന്‍റെ കാര്യത്തില്‍ വ്യക്തിപരമായ ആശങ്കയുണ്ടെന്നും പ്രശ്നമുണ്ടായിട്ട് നടപടി എടുക്കുന്നതിനേക്കാള്‍ നല്ലത് അത് ഉണ്ടാവാതെ നോക്കുന്നതല്ലേയെന്ന് റോബിന്‍ 

ലോകത്തെ ഏറ്റവും അപകടകരമായ അണക്കെട്ടുകളുടെ ലിസ്റ്റില്‍ മുല്ലപ്പെറിയാറിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ന്യൂയോര്‍ക് ടൈംസ് ലേഖനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ശ്രദ്ധയില്‍ പെടുത്തി മുന്‍ ബി​ഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍. റോബിന്‍റെ പ്രതിശ്രുത വധു ആരതി പൊടിക്ക് യുവ സംരംഭകയ്ക്കുള്ള ബിസിനസ് കേരള മാ​ഗസിന്‍റെ പുരസ്കാരം ലഭിച്ചിരുന്നു. പുരസ്കാരദാന ചടങ്ങില്‍ വച്ചാണ് മുല്ലപ്പെരിയാര്‍ വിഷയം റോബിന്‍ വേദിയിലുണ്ടായിരുന്നു ഇ പി ജയരാജന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ ഇപിയുടെ മറുപടിയും വന്നു. 

മുല്ലപ്പെരിയാറിന്‍റെ കാര്യത്തില്‍ വ്യക്തിപരമായ ആശങ്കയുണ്ടെന്നും പ്രശ്നമുണ്ടായിട്ട് നടപടി എടുക്കുന്നതിനേക്കാള്‍ നല്ലത് അത് ഉണ്ടാവാതെ നോക്കുന്നതല്ലേയെന്ന് റോബിന്‍ ചോദിച്ചു. "എനിക്ക് ഇ പി ജയരാജന്‍ സാറിനോട് ഒരു അപേക്ഷയുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് റിസ്ക് ഏരിയയില്‍ ആണെന്ന് പറയുന്നുണ്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബാധിക്കുമെന്ന് കേട്ടു. ഞാന്‍ തിരുവനന്തപുരംകാരനാണെങ്കിലും എറണാകുളത്താണ് താമസിക്കുന്നത്. ഈയൊരു കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ട്. ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്ന് ഒരു ഡോക്ടര്‍ എന്ന നിലയില്‍ പറയാറുണ്ട്. ഒരു പ്രശ്നം വന്ന് അത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂര്‍ ആയി അതിന് എന്തെങ്കിലും നടപടി എടുത്തുകഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുമായിരുന്നു", റോബിന്‍ പറഞ്ഞു.

എന്നാല്‍ മൈക്ക് സ്വീകരിച്ച് പൊടുന്നനെ ഇപിയുടെ പ്രതികരണവും വന്നു- "ഒരു ടെന്‍ഷനും വേണ്ട. കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്. പൂര്‍ണ്ണമായും നിങ്ങള്‍ക്ക് വിശ്വസിക്കാം. ഒരു കുഴപ്പവും കേരളത്തില്‍ ഉണ്ടാവില്ല. ഐശ്വര്യമായി ഇരിക്കും", ഇ പി ജയരാജന്‍ പറഞ്ഞു. ലിബിയയിലെ അണക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍റര്‍നാഷണല്‍ റിവേഴ്സ് ഡയറക്ടര്‍മാരായ ജോഷ് ക്ലെമ്മും ഇസബെല്ല വിങ്ക്ലറും ചേര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ലോകത്തിലെ അപകടകരമായ അണക്കെട്ടുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി പരാമര്‍ശിച്ചിരിക്കുന്നത്. 

ALSO READ : 8 കോടി ബജറ്റില്‍ 95 കോടി കളക്ഷന്‍! തെലുങ്ക് ചിത്രം 'ബേബി'യുടെ നിര്‍മ്മാതാവ് സംവിധായകന് നല്‍കിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!