'നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ ഇനിയും വിലമതിക്കും'; പേളി മാണിക്ക് പിന്തുണയുമായി റോബിന്‍ രാധാകൃഷ്ണന്‍

Published : Jul 25, 2026, 10:57 PM IST
robin radhakrishnan supports pearle maaney after cjp protest reaction controversy

Synopsis

ദില്ലിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിലുള്ള അഭിപ്രായപ്രകടനത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ട പേളി മാണിക്ക് പിന്തുണയുമായി റോബിൻ രാധാകൃഷ്ണൻ

ദില്ലിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിലുള്ള അഭിപ്രായപ്രകടനത്തിലും അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടുള്ള പ്രതികരണത്തിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പേളി മാണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പേളിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്സിന്‍റെയും സബ്സ്ക്രൈബഴ്സിന്‍റെയുമൊക്കെ എണ്ണത്തില്‍ കാര്യമായ ഇടിവും സംഭവിച്ചിരുന്നു. പേളിക്കെതിരായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. ഇപ്പോഴിതാ പേളിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും ബിജെപിയുടെ സ്ഥാനാര്‍ഥിയുമായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റോബിന്‍റെ പ്രതികരണം.

“ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് പൂര്‍ണ്ണമായും ശരിയുമാണ്. വേറിട്ട കാഴ്ചപ്പാടുകള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാന്‍ അനുവദിക്കാതിരിക്കുക. പേളി, അവനവനോട് സത്യസന്ധയായി തുടരുക. തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള ആ വ്യക്തിയായി തുടരുക. നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ എപ്പോഴും നിങ്ങള്‍ക്ക് വില തരും, ബഹുമാനിക്കും. വരാനിരിക്കുന്നത് നല്ല ദിനങ്ങളാണ്. പുഞ്ചിരി തുടരുക, കരുത്തോടെ ഇരിക്കുക”, പേളിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് റോബിന്‍ രാധാകൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദില്ലി സമരത്തില്‍ പേളി മാണി നടത്തിയ പ്രതികരണം ഇങ്ങനെയാണ് ആരംഭിക്കുന്നത്- “കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. ‍നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേൽക്കാതെ നോക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കിൽ, അവിടെ നിന്ന് മടങ്ങിപ്പോവുക. ഒരു ലക്ഷ്യവും ഒരു ജീവനെക്കാൾ വലുതല്ല”, ഇങ്ങനെ തുടങ്ങുന്നു പേളി മാണിയുടെ ആദ്യ പ്രതികരണം. എന്നാല്‍ ഇത് അവിടെയും ഇവിടെയും തൊടാതെയുള്ള പ്രതികരണമാണെന്നും നിലപാടില്ലാത്തതാണെന്നുമൊക്കെയായിരുന്നു വിമര്‍ശനം. വിമര്‍ശനം കടുത്തതോടെ പേളി മാണി നടത്തിയ പ്രതികരണം വീണ്ടും വിമര്‍ശനം ക്ഷണിച്ചുവരുത്തി.

ഒരു ട്രിഗര്‍ വാണിംഗോടെ മാത്രമേ താന്‍ പോസ്റ്റ് പങ്കുവെക്കാമായിരുന്നുള്ളൂവെന്നും ഒരുപാട് പേരെ അത് അസ്വസ്ഥരാക്കിയെന്നും പേളി കുറിച്ചിരുന്നു. ഒപ്പം കാവിയാണ് തന്‍റെ ഇഷ്ട നിറമെന്നും ത്രിവര്‍ണ്ണ പതാകയില്‍ തനിക്ക് ഏറ്റവുമിഷ്ടം ആ നിറമാണെന്നുമൊക്കെ പേളി കുറിച്ചിരുന്നു. ഇതിലൂടെ പേളി തന്‍റെ രാഷ്ട്രീയം പ്രഖ്യാപിക്കുകയായിരുന്നെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരും വിലയിരുത്തിയത്. എന്നാല്‍ ഈ വിവാദത്തിന് ശേഷം വിഷയത്തില്‍ മറ്റ് പ്രതികരണങ്ങളൊന്നും പേളി മാണി നടത്തിയിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പ്ലൂട്ടോ'യിൽ മീരയായി ആർഷ ബൈജു, അൽത്താഫ് സലിം- നീരജ് മാധവ് ചിത്രം റിലീസിനൊരുങ്ങുന്നു
'ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു'; കാവി കളറിൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച് ചന്തു, പേളിയെ ട്രോളിയതല്ലേ എന്ന് കമന്റ്