
മാധവന്‍റെ (R Madhavan) സംവിധാന അരങ്ങേറ്റമായിരുന്നു റോക്കട്രി ദ് നമ്പി എഫക്റ്റ് (Rocketry). ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രത്തിന്‍റെ രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന്‍ ആയിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയം നമ്പി നാരായണനൊപ്പം ആഘോഷിച്ചിരിക്കുകയാണ് മാധവന്‍. നമ്പി നാരായണന്‍റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ മാധവന്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം റോക്കട്രിയുടെ വിജയം ആഘോഷിച്ചു. നമ്പി നാരായണനും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലനുമൊപ്പം കേക്ക് മുറിച്ചാണ് മാധവന്‍ ചിത്രം നേടിയ വിജയത്തിന്‍റെ സന്തോഷം പങ്കുവച്ചത്.
ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ചിത്രം കൈയടി നേടിയിരുന്നു.
ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം 2020ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആയിരുന്നു. ശ്രീഷ റായ് ആണ് ഛായാഗ്രഹണം നിര്‍വ്വബിച്ചത്. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ