ഓസ്കര്‍ ചുരുക്കപ്പട്ടികയിൽ 'റോക്കട്രി'യും; ആഗോള ശ്രദ്ധനേടി നമ്പി നാരായണന്‍റെ ജീവിതം

Published : Jan 11, 2023, 06:33 PM IST
ഓസ്കര്‍ ചുരുക്കപ്പട്ടികയിൽ 'റോക്കട്രി'യും; ആഗോള ശ്രദ്ധനേടി നമ്പി നാരായണന്‍റെ ജീവിതം

Synopsis

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ ചിത്രം.

ഈ വർഷത്തെ ഓസ്കര്‍ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ പ്രതീക്ഷയായി റോക്കട്രി - ദി നമ്പി ഇഫക്ട് ഇടം പിടിച്ചു. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ ചിത്രമാണ് റോക്കട്രി- ദ നമ്പി ഇഫക്ട്. ബോളിവുഡ്, കോളിവുഡ് സൂപ്പർ താരം ആർ. മാധവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയും ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും.

മാധവൻ തന്നെയാണ് നമ്പി നാരായണനായി അഭിനയിച്ചതും. സിനിമ തിയറ്ററിൽ റിലീസ് ചെയ്ത സമയത്ത് സൂപ്പർ ഹിറ്റായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്‍റെ  വര്‍ഗീസ് മൂലൻ പിക്ച്ചേഴ്സും, ആര്‍. മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഓസ്‍കര്‍ 2023: കശ്മീർ ഫയൽസ്, കാന്താര ഉൾപ്പടെ 5 ഇന്ത്യൻ സിനിമകൾ ഷോട്ട് ലിസ്റ്റിൽ

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടർന്ന് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്‍റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു? അതാണ് റോക്കട്രി പറയുന്നത്. ഒരേസമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച ചിത്രം മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റിയിരുന്നു. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മൻ, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തിയിരുന്നു. ഇതോടെ ഒരേസമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറി ‘റോക്കട്രി- ദ നമ്പി ഇഫക്ട്.’

ചിത്രത്തിൽ ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിൽ എത്തിയിരുന്നു. സിമ്രാനാണ് നായിക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിസ് ലോഗൻ(Phyllis Logan), വിൻസന്റ് റിയോറ്റ( Vincent Riotta), റോൺ ഡൊനാഷേ( Ron Donaiche ) തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂർ, രവി രാഘവേന്ദ്ര , മിഷ ഖോഷൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനമയുടെ ചിത്രീകരണം നടന്നത്.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍