Asianet News MalayalamAsianet News Malayalam

ഓസ്‍കര്‍ 2023: കശ്മീർ ഫയൽസ്, കാന്താര ഉൾപ്പടെ 5 ഇന്ത്യൻ സിനിമകൾ ഷോട്ട് ലിസ്റ്റിൽ

301 സിനിമകൾക്കൊപ്പം ആണ് ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കാൻ ഒരുങ്ങുന്നത്. 

RRR The Kashmir Files, Kantara Oscars 2023 shortlist
Author
First Published Jan 10, 2023, 1:00 PM IST

തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ. ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങൾ. 301 സിനിമകൾക്കൊപ്പം ആണ് ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും.

ഋഷഭ് ഷെട്ടിയുടെ 'കാന്താര' മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ് മത്സരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച സിനിമയാണ് കാന്താര. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. വ്യത്യസ്തമായ ആഖ്യാനവുമായി എത്തിയ ചിത്രം തരക്കേടില്ലാത്ത പ്രകടനം തന്നെ ബോക്സ് ഓഫീസിലും കാഴ്ചവച്ചിരുന്നു. 
 

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‍ത ചിത്രമാണ് ദ് കശ്മീര്‍ ഫയല്‍സ്. കഴിഞ്ഞ വർഷം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ചിത്രം. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ആലിയ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ​ഗം​ഗുഭായ് കത്തിയവാഡി. 'പദ്‍മാവതി'നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.

കഴിഞ്ഞ വർഷം ഇന്ത്യയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ആര്‍ആര്‍ആര്‍. ചിത്രത്തെ 'നാട്ടു നാട്ടു' എന്ന ഹിറ്റ് ഗാനം മികച്ച ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിക്കുള്ള ഓസ്‍കര്‍ അവാര്‍ഡിനുള്ള പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം അടുത്തിടെ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ് അടക്കം കരസ്ഥമാക്കിയിരുന്നു. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലായി രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്കും ആര്‍.ആര്‍.ആര്‍. നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. രാം ചരണും ജൂനിയർ എൻടിആറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.  

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലെന്ന് മകൻ, സഹായം തേടി കുടുംബം

അതേസമയം, ഇന്ത്യയുടെ ഔദ്യഗിക എൻട്രിയായി 'ഛെല്ലോ ഷോ' ആണ് ഓസ്കറിൽ എത്തുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള  ചുരുക്കപട്ടികയിലാണ് അവസാന പതിനഞ്ചില്‍ ചിത്രം ഇടംനേടിയത്. പാൻ നളിൻ സംവിധാനം ചെയ്‍ത ഗുജറാത്തി ചിത്രമാണ് 'ഛെല്ലോ ഷോ'. ഭാവിൻ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെൻ രാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ആണ് ചിത്രം പ്രീമിയര് ചെയ്‍തത്. പാൻ നളിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.

Follow Us:
Download App:
  • android
  • ios