
കഥകൊണ്ടും അവതരണം കൊണ്ടും മലയാള സിനിമയിലെ വേറിട്ട അനുഭവമായിരുന്നു മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്‍ത റോഷാക്ക്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സൃഷ്ടിച്ച സസ്പെന്‍സ് സിനിമയുടെ ക്ലൈമാക്സ് വരെ കാത്തുസൂക്ഷിക്കാന്‍ പറ്റി എന്നത് അണിയറക്കാരുടെ വിജയമായിരുന്നു. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്തതരം കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകനായ ലൂക്ക് ആന്‍റണി. ഇന്ത്യയിലും വിദേശത്തുമുള്ള റിലീസ് സെന്‍ററുകളിലെല്ലാം ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം നേടുന്ന പ്രിയം തുടരുകയാണ്. യുകെയില്‍ റിലീസ് ചെയ്‍തപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ തിയറ്ററുകള്‍ കൂടുതലാണ് മൂന്നാം വാരം ചിത്രത്തിന്!
ഇന്ത്യയിലും സൌദി ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലുമടക്കം ഒക്ടോബര്‍ 7 ന് ആണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ മറ്റു പല വിദേശ മാര്‍ക്കറ്റുകളിലും ഒരാഴ്ചയ്ക്ക് ഇപ്പുറത്താണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ ഒക്ടോബര്‍ 13 ന് ചിത്രം എത്തിയെങ്കില്‍ യുകെയിലും അയര്‍ലന്‍ഡിലുമൊക്കെ 14 ന് ആയിരുന്നു റിലീസ്. യുകെ, അയര്‍ലന്‍ഡ് സ്ക്രീന്‍ കൌണ്ട് ആണ് ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്യുമ്പോള്‍ യുകെയില്‍ 26, അയര്‍ലന്‍ഡില്‍ 5 എന്നിങ്ങനെയായിരുന്നു സ്ക്രീന്‍ കൌണ്ട് എങ്കില്‍ ഇപ്പോള്‍ അത് യഥാക്രമം 38, 6 എന്ന് വര്‍ധിച്ചിട്ടുണ്ട്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വിദേശ മാര്‍ക്കറ്റുകളില്‍ റിലീസിന്‍റെ മൂന്നാം വാരം സ്ക്രീന്‍ കൌണ്ട് വര്‍ധിക്കുന്നു എന്നത് അപൂര്‍വ്വതയാണ്.
യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ആളാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്‍റണി. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ആര്‍എഫ്ടി എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ചിത്രം യുകെ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളില്‍ എത്തിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ