Latest Videos

മരത്തില്‍ ഇടിച്ച കാറിലിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടി; 'ലൂക്ക് ആന്‍റണി' എത്താന്‍ മൂന്ന് ദിനങ്ങള്‍

By Web TeamFirst Published Oct 3, 2022, 1:26 PM IST
Highlights

കെട്ട്യോളാണെന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രം

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ലൂക്ക് ആന്‍റണി എന്നാണ്. ഒക്ടോബര്‍ 7 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ടൈറ്റില്‍ പോസ്റ്റര്‍ മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ചിത്രം പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഇപ്പോഴും അത് തുടരുന്നുണ്ട്. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും അത്തരത്തിലുള്ള ഒന്നാണ്. 

മരത്തില്‍ ഇടിച്ച ഒരു കാറിലിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

 

അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍, ആന്‍സ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ALSO READ : 'സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായി'; അറ്റ്ലസ് രാമചന്ദ്രനെക്കുറിച്ച് കെ ടി കുഞ്ഞുമോന്‍

click me!