
കൊച്ചി: പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ വരുന്ന നിരൂപണങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതായി സംവിധായകന്‍ റോഷൻ ആൻഡ്രൂസ്. 'സാറ്റർഡേ നൈറ്റ്സ്' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിൽ സിനിമ നിരൂപണത്തെ കുറിച്ചുള്ള സംവിധായകൻ റോഷൻ ആൻഡ്രൂസ് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'കൊറിയയിലെ സിനിമ നിരൂപണം' ഏറെ ട്രോള്‍ ചെയ്യപ്പെട്ടു.
സാറ്റര്‍ഡേ നൈറ്റ് എന്ന തന്‍റെ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വിവാദത്തിനായി വളച്ചൊടിച്ചുവെന്നാണ് റോഷന്‍ പറയുന്നത്. പ്രബുദ്ധരായ പ്രേക്ഷകരെയല്ല, നിരൂപണം നടത്തുന്നവരുടെ നിലവാര തകര്‍ച്ച സംബന്ധിച്ചാണ് താന്‍ പറയുന്നത് എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് വിശദീകരിക്കുന്നത്. നിരൂപണം നടത്തുന്നവര്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘമാണെന്നും, മോശം റിവ്യൂ നല്‍കും എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തുവരുണ്ടെന്നും. രണ്ട് ലക്ഷം വാങ്ങി സിനിമ നല്ലതാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുന്നവരുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് മലയാള മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
യൂട്യൂബ് നിരൂപകർ തിയേറ്ററിൽ ഇടിച്ചുകയറി ഇടവേളയിൽ ആഭിപ്രായം ചോദിക്കുകയാണ്. അപ്പോൾ സിനിമയെ കുറിച്ച് നല്ലതും മോശവും പറയുന്ന ആളുകൾ ഉണ്ടാകും. ഇത് കാണിച്ച് നിർമ്മാതാവിനെ ഭീഷണിപ്പെടുത്തുകയാണ് പലരും ചെയ്യുക. ഇത്തരക്കാരെ തിയേറ്ററിൽ കയറ്റാതിരിക്കാൻ തിയേറ്റർ ഉടമകൾ ശ്രദ്ധിക്കണം.
ഇന്ന് ഇടവേളയിൽ വരുന്നവർ നാളെ സിനിമ തുടങ്ങി 10 മിനിറ്റിനകം തിയേറ്ററിനുള്ളിൽ നിന്ന് ലൈവ് ചെയ്യും. സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം. ഇത്തരക്കാരെ തിയേറ്ററിൽ കയറ്റരുതെന്ന് നിർമ്മാതാവും തിയേറ്റർ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ട് അഭ്യർഥിച്ചിട്ടുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
സിനിമ നിരൂപണവും റിവ്യൂവും രണ്ടാണ്. പണ്ടും മാധ്യമങ്ങളില്‍ റിവ്യൂ വരാറുണ്ട് അത് മാന്യമായിരുന്നു വ്യക്തിഹത്യ അല്ല. ഇവിടെ റിവ്യൂ ചെയ്യുന്നവര്‍ സിനിമയില്‍ എത്താതെ പോയതിന്‍റെ നിരാശയാണ് പ്രകടിപ്പിക്കുന്നത്. സാഡിസ്റ്റുകളാണ് ഇവര്‍. ഇവര്‍ എന്‍റെ സിനിമയ്ക്ക് മാര്‍ക്കിടാന്‍ വരേണ്ടതില്ല. അവര്‍ക്ക് അതിന് ആരാണ് അധികാരം നല്‍കിയത്. യൂട്യൂബ് വരുമാനത്തിന് വേണ്ടി സിനിമയെ കൊന്നു തിന്നേണ്ടതില്ല. ഇവര്‍ സിനിമ പ്രേക്ഷകരുടെ പ്രതിനിധിയായി സ്വയം കരുതുന്നു. മലയാളത്തില്‍ നല്ല റിവ്യൂ ചെയ്യുന്ന യൂട്യൂബ് നിരൂപകരും ഉണ്ട്. പക്ഷെ അവര്‍ വളരെ കുറവാണ്.
കൊറിയന്‍ അഭിപ്രായത്തെക്കുറിച്ചും പറഞ്ഞ റോഷന്‍ ആന്‍ഡ്രൂസ്. കൊറിയന്‍ ജനതയുടെ ഏറ്റവും വലിയ ഉല്ലാസം സിനിമയാണ് അത് നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ നിരൂപണത്തിലൂടെ സിനിമയെ കൊല്ലാറില്ല. അവിടുത്തെ സിനിമയുടെ പ്രചോദനം ആ നാട്ടുകാരാണ് ഇത് പറയുന്നത് തെറ്റ് അല്ലല്ലോ.
അടുത്തകാലത്ത് റിവ്യൂകളെക്കുറിച്ച് പറഞ്ഞ് വിവാദത്തിലായ മോഹന്‍ലാല്‍, അഞ്ജലി മേനോന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരെ പിന്തുണച്ചും റോഷന്‍ ആന്‍ഡ്രൂസ് സംസാരിച്ചു. മെസിയുടെ കളി മോശമാണെങ്കില്‍ കളിയെ വിമര്‍ശിക്കൂ, മെസിയുടെ വ്യക്തിപരമായ കാര്യം അതില്‍ വലിച്ചിഴയ്ക്കരുത് റോഷന്‍ വ്യക്തമാക്കി.
ഞാന്‍ സിനിമ രംഗത്തേക്ക് വരുന്നതില്‍ പിതാവിന് താല്‍പ്പര്യം ഇല്ലായിരുന്നു: ഹൃത്വിക് റോഷൻ