
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ ഒറിജിനല്‍ സിരീസ് ആണ് പോച്ചര്‍. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസ് ഫെബ്രുവരി 23 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ജോർദാൻ പീലെസ് ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാൻസ്മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ നൽകിയ, ഓസ്കര്‍ നേടിയ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്റർടൈൻമെന്റ് നിർമ്മിച്ച ആദ്യത്തെ ടെലിവിഷൻ പരമ്പരയാണ് ഇത്. ക്രൈം സിരീസ് വിഭാഗത്തില്‍ പെടുന്ന ഒന്നാണ് പോച്ചര്‍.
ക്യുസി എന്റർടൈൻമെന്റിന്റെ ധനസഹായത്തോടെ എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയാണ് പോച്ചറിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിലെ നിബിഢ വനങ്ങളിലും ദില്ലിയിലെ കോൺക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളുടെ സാങ്കൽപ്പിക ആവിഷ്കാരമാണ് പോച്ചർ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ, ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയ സമരക്കാര്‍ എന്നിവർ നൽകിയ മഹത്തായ സംഭാവനകൾ ഈ പരമ്പര കാണിച്ചുതരുമെന്ന് അണിയറക്കാര്‍ പറയുന്നു.
കേരളത്തിലെയും ദില്ലിയിലെയും യഥാർത്ഥ ജീവിത പശ്ചാത്തലത്തില്‍ ആയിരുന്നു ചിത്രീകരണം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. എട്ട് എപ്പിസോഡുകൾ ഉള്ള പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ 2023-ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. അവിടെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രൈം വീഡിയോയിൽ പോച്ചർ പ്രീമിയർ ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ