RRR release postponed : 'ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല'; രാജമൗലിയുടെ ആര്‍ആര്‍ആറും റിലീസ് മാറ്റി

Published : Jan 01, 2022, 05:51 PM IST
RRR release postponed : 'ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല'; രാജമൗലിയുടെ ആര്‍ആര്‍ആറും റിലീസ് മാറ്റി

Synopsis

അടുത്ത വെള്ളിയാഴ്ച തിയറ്ററുകളിലെത്താനിരുന്ന ചിത്രം

ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി (SS Rajamouli) സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചിരുന്ന ചിത്രം 'ആര്‍ആര്‍ആറി'ന്‍റെ (RRR) റിലീസ് മാറ്റി. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രത്തിന്‍റെ റിലീസാണ് അനിശ്ചിതമായി നീട്ടിയിരിക്കുന്നത്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. നേരത്തെ ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം 'ജേഴ്സി'യുടെ റിലീസും നീട്ടിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ഹാന്‍ഡിലുകളിലൂടെയാണ് പ്രഖ്യാപനം.

"എല്ലാവരുടെയും നന്മയെക്കരുതി ഞങ്ങളുടെ ചിത്രത്തിന്‍റെ റിലീസ് നീട്ടിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നിരുപാധികമായ സ്നേഹത്തിന് ആരാധകരോടും മറ്റ് സിനിമാപ്രേമികളോടും ഞങ്ങളുടെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു. ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. പല ഇന്ത്യന്‍ സംസ്ഥാനങ്ങളും തിയറ്ററുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് മറ്റൊരു സാധ്യതയില്ല. ആകാംക്ഷ കാത്തുസൂക്ഷിക്കുക എന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളൂ. ഇന്ത്യന്‍ സിനിമയുടെ ഈ യശസ്സിനെ ശരിയായ സമയത്ത് ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും", ആര്‍ആര്‍ആര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ സിനിമാ തിയറ്ററുകള്‍ ഡിസംബര്‍ 28ന് അടച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള, ഇടക്കാലത്ത് 50 ശതമാനം പ്രവേശനത്തില്‍ കടുംപിടുത്തം പിടിക്കാതിരുന്ന സംസ്ഥാനങ്ങള്‍ അക്കാര്യം വീണ്ടും കര്‍ശനമായി നടപ്പാക്കിത്തുടങ്ങി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ബോളിവുഡ് സിനിമകളുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആയ ദില്ലിയിലെ തിയറ്ററുകള്‍ അടച്ചതിനാല്‍ പല ബോളിവുഡ് ചിത്രങ്ങളുടെയും റിലീസ് നീട്ടിയേക്കും. അതേസമയം ജേഴ്സി റിലീസ് മാറ്റിയ സമയത്ത് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ആര്‍ആര്‍ആര്‍ റിലീസ് നീട്ടില്ലെന്ന മറുപടിയാണ് നിര്‍മ്മാതാവ് ഡി വി വി ദനയ്യ നല്‍കിയിരുന്നത്. ചിത്രത്തിന്‍റെ അവസാനവട്ട പ്രൊമോഷന്‍ പരിപാടികളിലായിരുന്നു ഇക്കഴിഞ്ഞ ദിവസം വരെ രാജമൗലി ഉള്‍പ്പെടെയുള്ളവര്‍. ദിവസങ്ങള്‍ക്കു മുന്‍പ് ഇതിനായി തിരുവനന്തപുരത്തും സംഘം എത്തിയിരുന്നു. 

PREV
click me!

Recommended Stories

സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്‍മിക് സാംസൺ' പൂജ നടന്നു
നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍