കൊവിഡ് 19 മലയാള സിനിമയെ തകര്‍ക്കുമോ? എസ് കുമാര്‍ പറയുന്നു

By Web TeamFirst Published Mar 25, 2020, 11:32 PM IST
Highlights

ഹോളിവുഡിൽ കൊറോണ ഇംപാക്ട് മാറുവാൻ പത്തു വർഷമൊക്കെ എടുത്തേക്കുമെന്നണ് പറയുന്നത്. ഫാസ്റ്റ് ഫൈവ് ഒക്കെ ഒരു വർഷമാണ് നീട്ടിവെക്കപ്പെട്ടത്. ബോണ്ട് എട്ട് മാസവും.

കൊവിഡ് 19 ലോകത്തെ വ്യവസായ മേഖലകളെയാകെ ഉലച്ചിട്ടുണ്ട്. അതില്‍ ചലച്ചിത്ര വ്യവസായവും ഉള്‍പ്പെടും. ഇന്ത്യയിലുള്‍പ്പെടെ സിനിമാ മേഖലയും ലോക്ക് ഡൌണിലാണ്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ഉള്‍പ്പെടെ നേരത്തേ തീരുമാനിച്ചിരുന്ന റിലീസുകളൊക്കെ മാറ്റിവച്ചു. അവ ഇനി എന്ന് റിലീസ് ചെയ്യാനാവുമെന്ന് മഹാമാരിയുടെ ഈ കാലം അവസാനിച്ചാലേ അണിയറപ്രവര്‍ത്തകര്‍ക്ക് ഇനി തീരുമാനിക്കാനുമാവൂ. എന്നാല്‍ കൊവിഡ് 19 മലയാളസിനിമയില്‍ ആകെയുണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും? അതേക്കുറിച്ച് പറയുകയാണ് മുതിര്‍ന്ന ഛായാഗ്രാഹകനായ എസ് കുമാര്‍. ഹോളിവുഡ് പോലും ഒരു തകര്‍ച്ച മുന്നില്‍ കാണുന്നുവെന്ന് പറയുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ് കുമാറിന്‍റെ അഭിപ്രായ പ്രകടനം.

എസ് കുമാര്‍ പറയുന്നു

കൊറോണയും ലോക്ക് ഡൌണും ഒക്കെ കഴിയുമ്പോൾ മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ വിഷുവിന് ഇറങ്ങേണ്ടിയിരുന്ന മരയ്ക്കാർ, വണ്‍, കിലോമീറ്റേഴ്‍സ്, മാലിക്, ഹലാൽ ലൗ സ്റ്റോറി, മോഹൻകുമാർ ഫാൻസ്, ഹിന്ദിയിൽ നിന്ന് സൂര്യവംശി,1983, തമിഴിൽ മാസ്റ്റർ, അതുംകഴിഞ്ഞ് ഏപ്രിൽ അവസാനം സൂരരൈ പോട്ര്, പിന്നെ പെരുന്നാളിന് വരേണ്ട പ്രീസ്റ്റ് , കുറുപ്പ്, തുറമുഖം പിന്നെ ഇതിനിടയിൽ വരേണ്ട ആനപ്പറമ്പ്, അജഗജാന്തരം, ആരവം, പട , കുഞ്ഞെൽദോ, മാർട്ടിൻ പ്രക്കാട്ട് ബോബൻ കുഞ്ചാക്കോ പടം, വെയിൽ, കുര്‍ബാനി, കാവല്‍, 2403 ഫീറ്റ്, ഓണത്തിന് വരേണ്ട മിന്നൽ മുരളി, പടവെട്ട്, അജിത്തിന്‍റെ വലിമൈ, ഉപചാര പൂർവ്വം ഗുണ്ട ജയൻ, മണിയറയിൽ അശോകൻ, ആഹാ, വർത്തമാനം, ലളിതം സുന്ദരം, ചതുർമുഖം പിന്നെയും ഒട്ടനേകം തമിഴ്, ഹിന്ദി ചിത്രങ്ങളും കെജിഎഫും... ഇതെല്ലാം കൂടി എപ്പോൾ ഇറങ്ങും... ഈ ലോക്ക് ഡൗൺ ഏപ്രിൽ 15 കഴിഞ്ഞു നീളുകയാണെങ്കില്‍ ഏപ്രിൽ 21 ന് നോമ്പ് തുടങ്ങും. പിന്നെ പെരുന്നാളിനേ പുതിയ റിലീസുകൾ ഉണ്ടാകൂ. അപ്പോളേക്കും മഴ തുടങ്ങും. 

ചുരുക്കി പറഞ്ഞാല്‍ മലയാള സിനിമയിലെ കൊറോണ ഇംപാക്ട് ഈ വർഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല. ഹോളിവുഡിൽ കൊറോണ ഇംപാക്ട് മാറുവാൻ പത്തു വർഷമൊക്കെ എടുത്തേക്കുമെന്നണ് പറയുന്നത്. ഫാസ്റ്റ് ഫൈവ് ഒക്കെ ഒരു വർഷമാണ് നീട്ടിവെക്കപ്പെട്ടത്. ബോണ്ട് എട്ട് മാസവും. ഇതെല്ലാം കഴിഞ്ഞാലും ജനങ്ങളുടെ കൈയ്യിൽ തീയറ്ററിൽ പോയി സിനിമ കാണുവാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവണമെന്നില്ല. എന്തായാലും ഈ അവസ്ഥ ഒരു 31ന് അപ്പുറം കടന്നാൽ, അത് ഏകദേശം ഉറപ്പായി കഴിഞ്ഞു. നമ്മുടെ സാമ്പത്തിക രംഗം അമ്പെ തകരും. പിന്നെ അതിൽനിന്ന് കരകയറാൻ സമയം എടുത്തേക്കാം. ലോകം മുഴുവൻ ഒരേയവസ്ഥയായ സ്ഥിതിക്ക് കാര്യങ്ങള്‍ വല്യ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ ഇപ്പോഴേ പ്ലാൻ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു വ്യവസായം തകർന്നു പോയേക്കാം. ഹോളിവുഡ് പോലുള്ള ഭീമൻ വ്യവസായം പോലും തകർച്ച മുന്നിൽ കാണുന്നുണ്ട്...

click me!