
രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. ഓം റാവത്തിന്‍റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ ചിത്രമായ 'ആദിപുരുഷുമായി' ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ വിവാദത്തിലാണ് താരം മാപ്പ് പറഞ്ഞത്. അസുര രാജാവായ രാവണനെ 'മാനുഷികമായ' കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്‍ഫ് പറഞ്ഞത്. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സെയ്‍ഫിനെതിരെ ട്വിറ്ററില്‍ ബഹിഷ്‍കരണാഹ്വാനം ഉയരുകയുമായിരുന്നു.
‘ഒരു അഭിമുഖത്തിനിടെ എന്റെ പ്രസ്താവന വിവാദത്തിന് കാരണമായെന്നും, അത് വികാരത്തെ വ്രണപ്പെടുത്തിയെന്നും മനസിലാക്കുന്നു. അത് മനഃപൂര്‍വം ചെയ്തതല്ല. എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. എന്റെ പ്രസ്താവന പിന്‍വലിക്കാനും ആഗ്രഹിക്കുന്നു. രാമന്‍ എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. ഇതിഹാസ കഥയ്ക്ക് യാതൊരു വികലവും വരുത്താതെ അവതരിപ്പിക്കാന്‍ മുഴുവന്‍ ടീമും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു’ എന്ന് സെയ്ഫ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഒരു അഭിമുഖത്തിനിടെ ആയിരുന്നു താരം രാവണനെ 'മാനുഷികമായ' കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്ന് പറഞ്ഞത്. സെയ്‍ഫിന്‍റെ അഭിപ്രായ പ്രകടനത്തിനെതിരെ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തു. സെയ്‍ഫിനെ ചിത്രത്തില്‍ നിന്ന് നീക്കണമെന്നും പകരം അക്ഷയ് കുമാറിനെയോ യാഷിനെയോ ഒക്കെ ആ വേഷത്തിലേക്ക് പരിഗണിക്കണമെന്നും ചിലര്‍ പറഞ്ഞിരുന്നു.
2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ പദ്ധതി. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള സിനിമയുടെ അണിയറയില്‍ നിരവധി വിദേശ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ