പ്രതിഫലം മൂന്നിരട്ടി വര്‍ധിപ്പിച്ച് സെയ്‍ഫ് അലി ഖാന്‍; കാരണം ഇതാണ്

By Web TeamFirst Published Nov 10, 2020, 7:02 PM IST
Highlights

മലയാളവും തമിഴുമുള്‍പ്പെടെ പല ഇന്‍ഡസ്ട്രികളിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരായ സാഹചര്യമുണ്ടായിരുന്നു. ചിലര്‍ സ്വമേധയ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നപ്പോള്‍ മറ്റു ചിലര്‍ നിര്‍മ്മാതാക്കളുടെ അഭ്യര്‍ഥന പ്രകാരം അതിനു തയ്യാറാവുകയായിരുന്നു.

കൊവിഡ് പശ്ചാത്തലം വകവെക്കാതെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ തന്‍റെ പ്രതിഫലത്തില്‍ വന്‍ വര്‍ധന വരുത്തിയതായി റിപ്പോര്‍ട്ട്. മലയാളവും തമിഴുമുള്‍പ്പെടെ പല ഇന്‍ഡസ്ട്രികളിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരായ സാഹചര്യമുണ്ടായിരുന്നു. ചിലര്‍ സ്വമേധയ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നപ്പോള്‍ മറ്റു ചിലര്‍ നിര്‍മ്മാതാക്കളുടെ അഭ്യര്‍ഥന പ്രകാരം അതിനു തയ്യാറാവുകയായിരുന്നു. എന്നാല്‍ സെയ്ഫ് അലി ഖാന്‍ മുന്‍പ് വാങ്ങിയിരുന്നതില്‍ നിന്നും മൂന്നിരട്ടിയിലേറെ വര്‍ധനവാണ് പ്രതിഫലത്തില്‍ വരുത്തിയിരിക്കുന്നതെന്നാണ് 'മിഡ് ഡേ'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഈ വര്‍ഷാദ്യം വരെ ബോക്സ് ഓഫീസില്‍ തുടര്‍ പരാജയങ്ങളായിരുന്നു സെയ്ഫ് അലി ഖാന്‍ ചിത്രങ്ങള്‍. എന്നാല്‍ ഈ വര്‍ഷം ആദ്യമെത്തിയ 'തനാജി: ദി അണ്‍സംഗ് വാരിയര്‍' എന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റുകളില്‍ ഒന്നായി. (കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ റിലീസുകള്‍ സംഭവിച്ചിട്ടില്ല എന്നത് വസ്തുത). സെയ്ഫിന്‍റെ പ്രകടനമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റുകളില്‍ ഒന്ന്. പിന്നാലെയെത്തിയ 'ജവാനി ജാനെമന്‍' എന്ന ചിത്രം ഒരു ആവറേജ് വിജയവുമായിരുന്നു. ബണ്ടി ഓര്‍ ബബ്ലി 2, ഭൂത് പൊലീസ്, ആദിപുരുഷ് തുടങ്ങിയ ശ്രദ്ധേയ പ്രോജക്ടുകള്‍ സെയ്ഫിന്‍റേതായി പുറത്തുവരാനുമുണ്ട്. ഈ സാഹചര്യത്തിലാണ് സെയ്ഫ് പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നേരത്തെ ഒരു സിനിമയ്ക്ക് 3-4 കോടി വാങ്ങിയിരുന്ന സെയ്ഫ് അലി ഖാന്‍ നിലവില്‍ ആവശ്യപ്പെടുന്നത് 11 കോടിയാണെന്നാണ് മിഡ് ഡേയുടെ റിപ്പോര്‍ട്ട്. ഇനി ഡയറക്ട് ഒടിടി റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവിന്‍റെ തീരുമാനമെങ്കില്‍ സെയ്ഫിന്‍റെ പ്രതിഫലം പിന്നെയും ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സിനിമകള്‍ക്ക് പുറമെ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന വെബ് സിരീസ് 'ഡില്ലി'യിലും സെയ്ഫിന് വേഷമുണ്ട്. നിലവില്‍ ഹിമാചല്‍ പ്രദേശില്‍ 'ഭൂത് പൊലീസി'ന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. 

click me!