
സൈജു കുറുപ്പ് വീണ്ടും നായകനാകുകയാണ്. നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. സിന്റോ സണ്ണി തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് തികച്ചും ലളിതമായ ചടങ്ങിൽ ഫാദർ പൗലോസ് കാളിയമേലിൻ്റെ പ്രാർത്ഥനയോടെയാണു തുടക്കമിട്ടത്. പ്രമുഖ സംവിധായകനായ ജിബു ജേക്കബ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേർത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ഈ ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ നായികയായി ദർശനയാണ് എത്തുക.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. 'മേ ഹൂം മുസ' എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ഇത്. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം 'കടത്തൽക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ ആണ്.
മലയാളത്തിന്റെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച കുട്ടുകെട്ട് ഔസേപ്പച്ചൻ- എം ജി ശ്രീകുമാർ- സുജാത ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസൻ ,വൈക്കം വിജയലക്ഷ്‍മി, ഫ്രാങ്കോ, അമൽ ആന്റിണി, സിജോ സണ്ണി എന്നിവരും ഗായകരായുണ്ട്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ. കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയും പരിസരങ്ങളുമാണ് ലൊക്കേഷൻ. ഏറെ വിജയം നേടിയ 'ശിക്കാർ', 'പുലിമുരുകൻ' എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ഇവിടെ ചിത്രീകരിച്ച ചിത്രങ്ങള്‍. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
Read More: 'ജയിലറി'ലേക്ക് തെലുങ്കില്‍ നിന്നും വമ്പൻ താരം, റിലീസിനായി കാത്ത് ആരാധകര്‍