'ജയ് മഹേന്ദ്രൻ', സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസില്‍ നായകനായി സൈജു കുറുപ്പ്

Published : Apr 18, 2023, 01:02 PM IST
'ജയ് മഹേന്ദ്രൻ', സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസില്‍ നായകനായി സൈജു കുറുപ്പ്

Synopsis

സോണി ലിവ് ആദ്യ മലയാളം ഒറിജിനൽ സീരീസുമായി എത്തുകയാണ്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സൈജു കുറുപ്പ് നായകനായി വെബ് സീരീസ് വരുന്നൂ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസിലാണ് സൈജു കുറുപ്പ് നായക വേഷത്തിലെത്തുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസിന്റെ സംവിധാനം. 'ജയ് മഹേന്ദ്രൻ' എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.

രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫിസർ 'മഹേന്ദ്രനാ'ണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാൽ ഇതേ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി 'മഹേന്ദ്രനും' മാറുന്നു. അതോടെ അയാൾക്ക് തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനും 'മഹേന്ദ്രൻ' വല്ലാതെ കഷ്‍ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഈ തീക്കളിയിൽ 'മഹേന്ദ്രൻ' ജയിക്കുമോ തോൽക്കുമോ എന്നറിയാൻ സോണി ലിവ് പരമ്പരക്കായി കാത്തിരിക്കാം.

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കർ രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്റെ' കഥയെഴുതുന്നതും നിർമിക്കുന്നതും. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്‍ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്‍ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വളരെ വ്യത്യസ്‍തമായ ഇതിവൃത്തവും അവതരണരീതിയുമാണ് ഒരുങ്ങുന്നത്. സോണി ലിവ് സീരീസ് എപ്പോഴായിരിക്കും സ്‍ട്രീമിംഗ് തുടങ്ങുകയെന്ന് അറിയിച്ചിട്ടില്ല.

സോണി ലിവിന്റെ ഇന്ത്യൻ ഉള്ളടക്കത്തിൽ വ്യത്യസ്‍തതകളും വൈവിധ്യങ്ങളും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് 'ജയ് മഹേന്ദ്രൻ' എന്ന് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറയുന്നു. ഇന്ത്യക്ക് വേണ്ടി കണ്ടന്റ് ഉണ്ടാക്കുമ്പോൾ, വ്യത്യസ്‍തരായ നിരവധി കാലകരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നു എന്ന ഗുണമുണ്ട്. ഓരോ ഭാഷയിലും ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ വ്യത്യസ്‍തങ്ങളായ സംസ്‍കാരങ്ങളെയും വീക്ഷണങ്ങളെയും കൂടി അവതരിപ്പിക്കുകയും അവ തമ്മിലുള്ള അകലം കുറയ്ക്കാനുള്ള അവസരവുമാണ് കിട്ടുന്നത് എന്നും സോണി ലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറഞ്ഞു. ഒരു ഓഫിസറുടെ ജീവിതം വ്യത്യസ്‍ത വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാനാണ് 'ജയ് മഹേന്ദ്രൻ' ശ്രമിക്കുന്നത് എന്ന് പരമ്പരയുടെ നിർമാതാവ്  രാഹുൽ റിജി നായർ പറഞ്ഞു. പല ഘട്ടങ്ങളിലായുള്ള അധികാരകേന്ദ്രീകരണം കാരണം സിസ്റ്റം വളരെ സങ്കീർണമായിരിക്കും. പക്ഷെ പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും അതേസമയം അവർക്ക് ആസ്വദിക്കാനും കഴിയുന്ന ഒരു പരമ്പരയാണ് ഒരുക്കുന്നതെന്നും രാഹുൽ റിജി നായർ പറഞ്ഞു.

Read More: 'പൊന്നിയിൻ സെല്‍വനോ'ട് ഏറ്റുമുട്ടാൻ 'യാതിസൈ', ദൃശ്യങ്ങള്‍ പുറത്ത്

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍