
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവന്‍ ബ്രാന്‍ഡ് ആയ നടനാണ് പ്രഭാസ്. അത്രകാലം തെലുങ്ക് താരമായിരുന്ന പ്രഭാസ് ഒറ്റ ചിത്രം കൊണ്ട് പാന്‍ ഇന്ത്യന്‍ താരമായി. ബാഹുബലി നേടിയ സാമ്പത്തിക വിജയത്തിന്‍റെ വലിപ്പം കൊണ്ട് അദ്ദേഹത്തിന്‍റെ പിന്നീടിങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളും ഉയര്‍ന്ന ബജറ്റിലാണ് നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ അവയില്‍ ഒന്ന് പോലും തിയറ്ററുകളില്‍ വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന അടുത്ത ചിത്രം ആ കുറവ് നികത്തുമെന്നാണ് പ്രഭാസ് ആരാധകരുടെ പ്രതീക്ഷ. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് ആ ചിത്രം.
പ്രഭാസിന് കൈമോശം വന്ന വിജയപാത തിരികെ നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന്‍റെ ടീസറിന് ലഭിച്ച പ്രതികരണം ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ എത്രത്തോളം പ്രതീക്ഷ വെക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ച ഒരു നടന്‍റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തെലുങ്ക് നടനും നിര്‍മ്മാതാവുമായ സപ്തഗിരിയുടെ ട്വീറ്റ് ആണ് പ്രഭാസ് ആരാധകര്‍ക്കിടയില്‍ വൈറല്‍ ആയിരിക്കുന്നത്.
കൂടുതലും കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള സപ്തഗിരി സലാറിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ തന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം ചെയ്ത ട്വീറ്റിലാണ് സപ്തഗിരി ചിത്രത്തെക്കുറിച്ചുള്ള തന്‍റെ ആത്മവിശ്വാസം പങ്കുവച്ചത്- സലാര്... വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന സലാറിലെ എന്‍റെ കഥാപാത്രത്തിന്‍റെ ഡബ്ബിംഗ് ഞാനിന്ന് പൂര്‍ത്തിയാക്കി. ഒരു ഇരട്ട ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കും ചിത്രം. ബോക്സ് ഓഫീസില്‍ ഇത് 2000 കോടി മറികടക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നമ്മുടെ പാന്‍ വേള്‍ഡ് റിബല്‍ സ്റ്റാര്‍ പ്രഭാസ് ഗാരുവിനും സംവിധായകന്‍ പ്രശാന്ത് ഗാരുവിനും നന്ദി, സപ്തഗിരി ട്വീറ്റ് ചെയ്തു.
പൃഥ്വിരാജ് ആണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നത് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം