മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ചു തീർത്ത മുപ്പതാണ്ട്, വിട പറയുന്നത് ട്രോളന്മാരുടെ രാജാവ്

Published : Jun 07, 2026, 12:36 AM IST
Salim kumar troll

Synopsis

പതറി തുടങ്ങിയ ഹാസ്യനടനിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്ക്. മിമിക്രിയിൽ തുടങ്ങി നടനായും സംവിധായകാനായും മലയാള സിനിമയിൽ പടർന്നു പന്തലിച്ച വടക്കൻ പറവൂരുകാരൻ

കൊച്ചി: മലയാള സിനിമയിലെ സലീംകുമാറെന്ന ഒരു കാലഘട്ടം വിടപറയുകയാണ്. ദേശീയ അന്തർ ദേശീയ വേദികളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ കലാകാരൻ, മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ചു തീർത്ത മുപ്പതാണ്ടിന്റെ പേരാണ് സലീം കുമാർ. അങ്ങനെ എന്തിനോ വേണ്ടി തിളച്ചൊരു കഥയല്ല. പതറി തുടങ്ങിയ ഹാസ്യനടനിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്ക്. മിമിക്രിയിൽ തുടങ്ങി നടനായും സംവിധായകാനായും മലയാള സിനിമയിൽ പടർന്നു പന്തലിച്ച വടക്കൻ പറവൂരുകാരൻ സലീം കുമാറിന്റെ കഥ.

തലമുറ മാറ്റമില്ലാതെ മലയാളിയെ ചിരിപ്പിച്ച മണവാളൻ, നായകനേക്കാൾ കയ്യടി വാങ്ങിയ കണ്ണൻ സ്രാങ്ക്, കല്യാണ വീടുകളിലെ പ്യാരി. അങ്ങനെ ഷാഫി - സലീംകുമാർ കൂട്ടുകെട്ടിൽ പിറന്നതെല്ലാം ഹിറ്റുകൾ. നിരാശ, സന്തോഷം, വീരസ്യം എല്ലാത്തിലും ഉൾചേർന്ന നർമ്മം, മഹാരാജാസ് കോളേജാണ് സലീം കുമാറിലെ മിമിക്രി കലാകാരനെ വളർത്തിയത്.കൊച്ചിൻ കലാഭവനിലൂടെ വേദികളിൽ നിന്ന് വേദികളിലേക്ക് ആ ശബ്ധാനുകരണവും തമാശകളും പടർന്നു. കൊച്ചിൻ സാഗറും ഏഷ്യാനെറ്റിലെ കോമിക്കോളയും വഴിത്തിരിവുകളായി.

ഇഷ്ടമാണ് നൂറു വട്ടത്തിലൂടെ വെളളിത്തിരയിലേക്കുളള ചുവട്‍വെയ്പ്പ്. 'നീ വരുവോളം' എന്ന സിനിമയിൽ അഭിനയിച്ചങ്കിലും തഴയപ്പെട്ടു. അവസരങ്ങൾക്കും കിതപ്പിനുമിടയിൽ സലീം കുമാർ വീണ്ടും വേഷമണിഞ്ഞു. പലതവണ. തൊണ്ണൂറുകളിലെ ചെറുവേഷങ്ങളിൽ നിന്ന് 2000 ത്തിലെ തിരക്കേറിയ ഹാസ്യനടനിലേക്കുളള വളർച്ച. തെങ്കാശിപട്ടണത്തിലെ മുത്തുരാമനും സൂത്രധാരനിലെ ട്രാൻസ് കഥാപാത്രം ലീലകൃഷ്ണനുമെല്ലാം പരീക്ഷണവും വിജയവുമായി. ദിലീപിനും ജയറാമിനൊപ്പം ചിരിയുടെ മാലപ്പടക്കം തീർത്ത് സലീം കുമാർ തിയറ്ററുകളിൽ നിറഞ്ഞാടി. ഹാസ്യ വേഷങ്ങളിൽ ഹിറ്റുകൾ തീർത്തൊരു കാലത്ത് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലായുളള പകർന്നാട്ടം. അങ്ങനെ മികച്ച സഹനടനുളള സർക്കാർ പുരസ്കാരം. നാലു വർഷത്തിനു ശേഷം 'ആദമിന്റെ മകൻ അബു' സലീം കുമാറിനെ തേടിയെത്തി. പ്രതിഫലം ഒന്നും വാങ്ങാതെ സലീം കുമാർ അബുവായി ജീവിച്ചു. മികച്ച നടനുളള സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ.ഓസ്കാറിലേക്കുളള രാജ്യത്തിന്റെ നാമനിർദേശം, നന്മയും പ്രതീക്ഷയും ദൈന്യതയുമെല്ലാം മിന്നിമറഞ്ഞ അബുവിനോളം പോന്നൊരു കഥാപാത്രം സലീം കുമാറെന്ന പ്രതിഭയ്ക്കും അനിവാര്യമായിരുന്നു.

പിന്നെ കണ്ടത് മലയാളവും കടന്ന് തമിഴിലേക്കും ബംഗാളിയിലേക്കുമുളള സലീമിന്റെ വളർച്ച. മരിയനിൽ ധനുഷിനൊപ്പം നിന്ന തോമയ്യ ഉൾപ്പടെ 2014 ൽ മാത്രം മൂന്ന് തമിഴ് സിനിമകൾ, മായാബസാറിലൂടെ ബംഗാളിയിലും ഊംഗയിലൂടെ ഒറിയയിലും വേഷങ്ങൾ. അയാളും ഞാനും തമ്മിലിലൂടെ മികച്ച ഹാസ്യനടനായി മലയാളം സലീം കുമാറിനെ ഒരിക്കൽ കൂടി ആദരിച്ചു. 2016 ൽ കഥയും സംവിധാനവും നിർവഹിച്ച കറുത്ത ജൂതനിലൂടെ സലീം കുമാർ മലയാള സിനിമയെ ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു. ആരോണ്‍ ഇല്യാഹുവിനു ചുറ്റും നെയ്ത കഥാ പരിസരത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച കഥയ്ക്കുളള പുരസ്കാരവുമെത്തി. അങ്ങനെ സംവിധായക വേഷമണിഞ്ഞ മൂന്നു സിനിമകൾ.

അവശതകളെ മരണമെന്ന് കൊട്ടിഘോഷിച്ച ചിലർ മാത്രം ഇടയ്ക്കിടെ വില്ലനായെത്തി. സ്വത സിദ്ധമായ ശൈലിയിൽ അയാൾ അതിനെയും നേരിട്ടു. പ്രിയപ്പെട്ടവരുടെ വേർപാടിൽ നാട്യങ്ങളില്ലാതെ അയാൾ വിതുമ്പി. ഉറ്റവരെ ചേർത്തുപിടിച്ചു. ജീവിതാന്ത്യം വരെ പച്ചമനുഷ്യനായൊരാളുടെ പേരാണ് സലീം കുമാർ. അനുകരണ കലയിലൂടെ വളർന്ന് ഹാസ്യനടനായി പടർന്നു പന്തലിച്ച് അഭിനയം കൊണ്ട് വിസ്മയം തീർത്ത് അയാൾ മടങ്ങുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സലീം കുമാറിന് വിട.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരൻ, പ്രിയ സുഹൃത്തിന് പ്രണാമം; കെ സി വേണു​ഗോപാൽ
നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍