'ഇതൊക്കെ എന്ത്'; വിട പറയുന്നത് ഐക്കോണിക് ഡയലോഗുകളുടെ ആശാന്‍

Published : Jun 07, 2026, 08:40 AM IST
salim kumar famous dialogues which malayalees uses daily

Synopsis

നിത്യജീവിതത്തില്‍ നാം എപ്പോഴും എടുത്ത് പെരുമാറുന്ന നിരവധി ഡയലോഗുകള്‍ സലിം കുമാര്‍ കഥാപാത്രങ്ങളുടേതാണ്

സിനിമയില്‍ അഭിനേതാക്കള്‍ ഉണ്ടാക്കിയ ഇംപാക്റ്റ് പ്രേക്ഷകര്‍ ഓര്‍ത്തുവെക്കുന്ന അവരുടെ കഥാപാത്രങ്ങള്‍ മാത്രമല്ല, മറിച്ച് ആ കഥാപാത്രങ്ങള്‍ കടന്നുപോയ സന്ദര്‍ഭങ്ങളും അവരുടെ സംഭാഷണങ്ങളുമാണ്. എത്രത്തോളം അവയൊക്കെ നമ്മള്‍ വീണ്ടും വീണ്ടും ഓര്‍ത്തു എന്നതാണ് ആ കലാകാരന്മാരുടെ വിജയവും. ഏത് വഴിക്ക് നോക്കിയാലും അഭിനയകലയില്‍ ഡിസ്റ്റിം​ഗ്ഷനോടെ പാസ്സായ മികവേറിയ വിദ്യാര്‍ഥി ആയിരുന്നു സലിം കുമാര്‍. തന്‍റെ തലമുറയിലെ മറ്റ് കോമഡി താരങ്ങളില്‍ അദ്ദേഹത്തിന്‍റെയത്ര ഹിറ്റ് ഡയലോ​ഗുകള്‍ മറ്റാരും പറഞ്ഞിട്ടില്ല. ട്രോളുകളിലും മീമുകളിലും ഇപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നത് ആ കലാകാരനോടുള്ള പുതുതലമുറയുടെയും പ്രീതി വ്യക്തമാക്കുന്നുണ്ട്. സലിം കുമാര്‍ എന്ന പേര് കേട്ടാല്‍ വേ​ഗത്തില്‍ ഓര്‍മ്മ വരുന്ന നിരവധി കഥാപാത്രങ്ങളും ഡയലോ​ഗുകളുമുണ്ട്.

ദിലീപിന് വമ്പന്‍ കരിയര്‍ ബ്രേക്ക് നല്‍കിയ മീശമാധവനില്‍ പൊട്ടിച്ചിരി പകര്‍ന്ന കഥാപാത്രമായിരുന്നു സലിം കുമാറിന്‍റെ വക്കീല്‍ അഡ്വ. മുകുന്ദനുണ്ണി. ആ കഥാപാത്രത്തിന്‍റെ ഇന്‍സെക്യൂരിറ്റിയും ദൈന്യതയുമൊക്കെ ഒറ്റ ഡയലോ​ഗില്‍ സലിം ആവാഹിച്ചു. കണ്ടാല്‍ ഒരു ലുക്കില്ലെന്നേയുള്ളൂ. ഒടുക്കത്തെ ബുദ്ധിയാ. സലിം കുമാര്‍ സ്റ്റൈലില്‍ ആ ഡയലോ​ഗ് എത്തിയപ്പോള്‍ കണ്ണുനീര്‍ നനവുള്ള ഒരു പൊട്ടിച്ചിരി അത് തിയറ്ററുകളില്‍ വിതറി. ഏത് സന്ദര്‍ഭത്തിലും നമുക്ക് അനായാസം എടുത്തുപയോ​ഗിക്കാന്‍ പറ്റുന്നവ ആയതിനാലാണ് ആ ഡയലോ​ഗുകള്‍ ഇപ്പോഴും മീമുകളായി കിടന്ന് കളിക്കുന്നത്. ഹലോയിലെ സലിമിന്റെ ചിദംബരം എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോ​ഗിന്റെ അവസാനം ഇങ്ങനെയാണ്- പേടിക്കണ്ട, ഓടിക്കോ... നമ്മുടെ നിത്യജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ക്ക് എളുപ്പത്തില്‍ വഴക്കി എടുക്കാം എന്നതായിരുന്നു ഈ ഡയലോ​ഗുകളുടെയൊക്കെ മേന്മ. ദിദൊക്കെ എന്ത് എന്ന മായാവിയിലെ സ്രാങ്കിന്‍റെ സ്വയം ഞെളിയലും ഇത്തരത്തില്‍ ഒന്നാണ്. തങ്ങള്‍ക്ക് അറിയാത്ത ഒരു വിഷയം മറ്റൊരാള്‍ വിശദീകരിക്കുമ്പോള്‍ സുഹൃത്തിന്‍റെ ചെവിയില്‍ അടക്കം പറയാവുന്ന ഒന്നായിരുന്നു ആയിരുന്നു ചട്ടമ്പിനാടിലെ മാക്രി ​ഗോപാലന്‍ പറഞ്ഞ ഡയലോ​ഗ്. പണ്ഡിതന്‍ ആണെന്ന് തോന്നുന്നു എന്നായിരുന്നു അത്. എല്ലാം ശഡപഡേ ശഡപടേന്നായിരുന്നു എന്നാണ് കല്യാണരാമനിലെ പ്യാരിലാല്‍ പറഞ്ഞത്.

മറ്റ് കോമഡി താരങ്ങളെപ്പോലെ സ്വന്തം ദുരവസ്ഥയിലൂടെ ചിരിപ്പിച്ച നിരവധി ഹിറ്റ് ഡയലോ​ഗുകളും അദ്ദേഹത്തിന്‍റേതായി ഉണ്ട്. കഴുത്ത് വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്‍റെ തലയില്‍ ആന ചവുട്ടിയതുപോലെ എന്നാണ് പച്ചക്കുതിരയിലെ ചന്ദ്രന്‍ ഒരു ഘട്ടത്തില്‍ പറയുന്നത്. കോണ്‍ഫിഡന്‍സ് ഉള്ള കാര്യത്തില്‍ സുഹൃത്തുക്കളോട് വീമ്പ് പറയാവുന്ന ഡയലോ​ഗ് ആയിരുന്നു മായാവിയിലെ സ്രാങ്കിന്‍റേത്- ആശാന്‍ മുന്‍പേ നടക്കും. ശിഷ്യന്‍ പിറകേ നടന്നാല്‍ മതി. സ്വന്തം അച്ഛനെക്കുറിച്ചോ മറ്റൊരാളുടെ അച്ഛനെക്കുറിച്ചോ സ്നേഹത്തില്‍ വിമര്‍ശിക്കാവുന്ന ഡയലോ​ഗ് ആയിരുന്നു പുലിവാല്‍കല്യാണത്തിലെ മണവാളന്‍റെ ഡയലോ​ഗ്- അച്ഛന്‍ ആണത്രെ, അച്ഛന്‍, എന്നായിരുന്നു അത്. എനിക്ക് വിശപ്പിന്‍റെ അസുഖമുള്ള ആളാണേ എന്നാണ് തൊമ്മനും മക്കളും എന്ന ചിത്രത്തിലെ രാജാകണ്ണ് പറയുന്നത്. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണിക്ക് നിത്യജീവിതത്തില്‍ നമ്മെ പിന്നീട് പറയിപ്പിച്ച മറ്റൊരു ഡയലോ​ഗ് കൂടിയുണ്ട്- നന്ദി മാത്രേ ഉള്ളൂ അല്ലേ എന്നാണ് അത്. കല്യാണരാമനിലെ പ്യാരിലാല്‍ ദിലീപിന്‍റെ നായകനെ ആശ്വസിപ്പിക്കുന്നത്- തളരരുത് രാമന്‍കുട്ടീ തളരരുത് എന്നാണ്. നിരവധി ഐക്കോണിക്ക് ഡയലോ​ഗുകള്‍ അമ്മാനമാടിയ ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിന്‍റെ ഒരു ഡയലോ​ഗ് ഇങ്ങനെ- ഇത്രയ്ക്ക് പോപ്പുലര്‍ ആയ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീ. മായാവിയിലെ സ്രാങ്കിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഭീകരനാണവന്‍, കൊടും ഭീകരന്‍ എന്ന് തോന്നിപ്പിക്കുന്ന എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ, സന്ദര്‍ഭങ്ങളിലൂടെ, ഡയലോ​ഗുകളിലൂടെ സലിം കുമാര്‍ ഇവിടെത്തന്നെ ഉണ്ടാവും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മണവാളനും കണ്ണൻ സ്രാങ്കും മുതൽ മാക്രി ഗോപാലനും പ്യാരിയും വരെ..; മലയാളിയെ ചിരിപ്പിച്ച സലിംകുമാർ കഥാപാത്രങ്ങൾ
സലീം കുമാർ കഥാപാത്രങ്ങൾ, എന്നും ട്രോളുകളുടെ രാജാവ്; മലയാളികളെ ഓർത്തോർത്ത് ചിരിപ്പിച്ചു, സാധാരണ ജീവിതത്തിലും സലീം ടച്ച് ഡയലോഗുകൾ