മണവാളനും കണ്ണൻ സ്രാങ്കും മുതൽ മാക്രി ഗോപാലനും പ്യാരിയും വരെ..; മലയാളിയെ ചിരിപ്പിച്ച സലിംകുമാർ കഥാപാത്രങ്ങൾ

Published : Jun 07, 2026, 08:26 AM IST
Salim Kumar

Synopsis

'അച്ഛനുറങ്ങാത്ത വീട്', 'ആദാമിന്റെ മകൻ അബു' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മണവാളൻ പോലുള്ള അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇന്നും ജനപ്രിയമാണ്. Salim kumar

സലിംകുമാർ എന്ന ചിരിമാഞ്ഞു. കാലങ്ങളായി മലയാള സിനിമാരംഗത്ത് കോമഡി താരമായും, സഹനടനായും, നടനായും തിളങ്ങിയ ആ മഹാപ്രതിഭ വിടവാങ്ങിയത് തന്റെ അൻപത്തിയാറാം വയസ്സിൽ. 1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. തൊണ്ണൂറുകളിൽ ഇരുപ്പത്തിയെട്ടോളം സിനിമകളിൽ വേഷമിട്ട സലിംകുമാറിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഈ പറക്കും തളികയിലെ കോശി. കരിയറിലുടനീളം ഇത്തരം കോമഡി കഥാപാത്രങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രേക്ഷകരെ എക്കാലത്തും ചിരിപ്പിച്ച നടനാണ് സലിംകുമാർ. എന്നാൽ തനിക്ക് കോമഡി മാത്രമല്ല വഴങ്ങുക എന്നും അയാൾ തെളിയിച്ചു. മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ഓരോ തവണ സ്വന്തമാക്കി. കൂടാതെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും.

വൺ മാൻ ഷോയിലെ ഭാസ്കരൻ, സൂത്രധാരനിലെ ലീലാകൃഷ്ണൻ, മീശമാധവനിലെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി, മഴത്തുള്ളികിലുക്കത്തിലെ മായാണ്ടി, കുഞ്ഞിക്കൂനനിലെ ചന്ദ്രൻ, ഗ്രാമഫോണിലെ തബല ഭാസ്കരൻ, സിഐഡി മൂസയിലെ കഥാപാത്രം, കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഉസ്മാൻ, പട്ടാളത്തിലെ ഗബ്ബാർ കേശവൻ, കല്യാണ രാമനിലെ പുലിവാൽ കല്യാണത്തിലെ മണവാളൻ, ചതിക്കാത്ത ചന്ദുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പാണ്ടിപ്പടയിലെ ഉമാകാന്തൻ, നരനിലെ ഇടിമുട്ട് രാജപ്പൻ, രാജമാണിക്യത്തിലെ ദാസപ്പൻ, മായാവിയിലെ കണ്ണൻ സ്രാങ്ക്, അറബിക്കഥയിലെ കരീം, ക്രേസി ഗോപാലനിലെ ലക്ഷ്മണൻ, ചട്ടമ്പിനാടിലെ മാക്രി ഗോപാലൻ, പോക്കിരിരാജയിലെ മനോഹരം മംഗളോദയം, കാര്യസ്ഥനിലെ കാളിദാസ് തുടങ്ങീ നിരവധി കഥാപാത്രങ്ങളിലൂടെ സലിം കുമാർ മലയാളികളുടെ സിനിമ ഓർമ്മകളിൽ എന്നും നിറസാന്നിധ്യമായിരുന്നു.

ജയസൂര്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട് പുലിവാൽ കല്യാണം എന്ന സിനിമയിലെ നായകൻ ശരിക്കും മണവാളൻ ആണെന്ന്,. ശരിയാണത്. മലയാളി ഓരോ തവണ പുലിവാൽ കല്യാണം കാണുമ്പോഴും അത് മണവാളനെ കാണാൻ വേണ്ടി മാത്രമായിരിക്കാം. പല തലമുറകൾ മണവാളനെ ആഘോഷിച്ചു. ജെൻ സി തലമുറകൾ വരെ മീമുകളായും വാട്സ്ആപ് സ്റ്റിക്കറുകളായും മണവാളനെയും പല സലിംകുമാർ കഥാപാത്രങ്ങളെയും ഇന്നും കൊണ്ടാടുന്നു. നിത്യജീവിതത്തിൽ പല സന്ദർഭങ്ങളിലും സലിംകുമാർ പറഞ്ഞ ഒരു ഡയലോഗ് എങ്കിലും പലരും ഉപയോഗിക്കുന്നുണ്ടാവാം.

അതുവരെ കണ്ട കോമഡി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്‍തമായി സലിംകുമാർ എന്ന നടന്റെ മറ്റൊരു ഭാവപ്പകർച്ച കണ്ടത് ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രത്തിലൂടെയാണ്. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സലിംകുമാറിനെ തേടിയെത്തി. നാല് വർഷങ്ങൾക്ക് ശേഷം സലിം അഹ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും. കമ്പാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു.

ഇന്നും മലയാളിയുടെ സോഷ്യൽ മീഡിയ ഇടങ്ങളും സ്വീകരണമുറികളും സലിംകുമാർ എന്ന നടന്റെ സാന്നിധ്യം കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുണ്ട്. അത് ഇനിയും തുടരും. സലിംകുമാർ എന്ന കലാകാരൻ അയാൾ ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ എന്നും മലയാളി മനസുകളിൽ ഓർമ്മിക്കപ്പെടും!

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സലീം കുമാർ കഥാപാത്രങ്ങൾ, എന്നും ട്രോളുകളുടെ രാജാവ്; മലയാളികളെ ഓർത്തോർത്ത് ചിരിപ്പിച്ചു, സാധാരണ ജീവിതത്തിലും സലീം ടച്ച് ഡയലോഗുകൾ
'മതപരമായ ചടങ്ങുകൾ ഒഴിവാക്കണം, അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ല', സലിം കുമാറിന്റെ സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ