'ഒരു അമേരിക്കക്കാരനും അന്ന് അങ്ങനെ പറഞ്ഞില്ല'; കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സലിം കുമാര്‍

By Web TeamFirst Published Feb 4, 2021, 8:43 PM IST
Highlights

"അന്ന് ഒരു അമേരിക്കക്കാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.."

കര്‍ഷക സമരത്തെക്കുറിച്ച് പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ ട്വീറ്റുകള്‍ക്കെതിരായുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച് നടന്‍ സലിം കുമാര്‍. കര്‍ഷകസമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശികള്‍ അഭിപ്രായം പറയേണ്ടെന്നും അഭിപ്രായപ്പെടുന്നവരോട് അമേരിക്കയിലെ ജോര്‍ജ് ഫ്ളോയ്ഡ് സംഭവം ഓര്‍മ്മിപ്പിക്കുന്നു സലിം കുമാര്‍. അന്ന് ശക്തമായി പ്രതികരിച്ചവരില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. ഒപ്പം കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും പറയുന്നു സലിം കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

സലിം കുമാറിന്‍റെ പ്രതികരണം

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്‍റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്‍റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്‍റെയും ഉള്ളു പിടപ്പിക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ, വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു.

അക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കക്കാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം  ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അതുകൂടാതെ അമേരിക്കൻ പൊലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.

അമേരിക്കക്കാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാനയെയും ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രീയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

click me!