Latest Videos

ഹിന്ദിയില്‍ 'മാസ്റ്റര്‍' ആവാന്‍ സല്‍മാന്‍ ഖാന്‍? റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

By Web TeamFirst Published Apr 3, 2021, 8:30 PM IST
Highlights

ചിത്രത്തിന് ഒരു ഹിന്ദി റീമേക്ക് വരുന്ന കാര്യം മാസ്റ്റര്‍ റിലീസിനു പിറ്റേന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് വിജയ് ചിത്രം 'മാസ്റ്റര്‍'. ചിത്രത്തിന് ഒരു ഹിന്ദി റീമേക്ക് വരുന്ന കാര്യം മാസ്റ്റര്‍ റിലീസിനു പിറ്റേന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തെലുങ്ക് ചിത്രം 'അര്‍ജുന്‍ റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീര്‍ സിംഗി'ന്‍റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസി'ന്‍റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഹിന്ദി റീമേക്കിന്‍റെ സഹ നിര്‍മ്മാതാക്കളായിരിക്കുമെന്നുമായിരുന്നു വിവരം. ചിത്രത്തില്‍ നായകനായി എത്തുക ആരായിരിക്കുമെന്ന ആകാംക്ഷ സിനിമാപ്രേമികള്‍ക്കിടയില്‍ അന്നുമുതലേ ഉണ്ട്. ഹൃത്വിക് റോഷന്‍റെ പേരാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകണ്ടത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു താരത്തിന്‍റെ പേര് കുറച്ചുകൂടി വിശ്വസനീയമായ രീതിയില്‍ ഈ വേഷത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നു.

 

മറ്റാരുമല്ല, ബോളിവുഡിലെ ക്രൗഡ് പുള്ളര്‍മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ ആയിരിക്കും മാസ്റ്റര്‍ ഹിന്ദി റീമേക്കില്‍ നായകനാവുക എന്നാണ് ഇപ്പോഴെത്തുന്ന വിവരം. എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുറാദ് ഖേതാനിയും എന്‍ഡെമോള്‍ ടീമും കഴിഞ്ഞ ഒരു മാസത്തോളമായി ഈ പ്രോജക്ടിനെക്കുറിച്ച് സല്‍മാനുമായി ചര്‍ച്ച നടത്തുന്നുവെന്നും ചിത്രത്തിന്‍റെ ആശയം സല്‍മാന് ഇഷ്ടമായെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പൂര്‍ണ്ണ തിരക്കഥ ലഭിച്ചതിനു ശേഷമാവും സല്‍മാന്‍റെ അന്തിമ തീരുമാനം. തമിഴ് ഒറിജിനലില്‍ നിന്നും ഒട്ടേറെ മാറ്റങ്ങളോടെയാവും ചിത്രം ഹിന്ദിയില്‍ എത്തുക. തിരക്കഥയുടെ റീറൈറ്റിംഗ് നടക്കുകയാണ് ഇപ്പോള്‍. അടുത്ത രണ്ട് മാസത്തിനകം പൂര്‍ണ്ണ തിരക്കഥയുമായി നിര്‍മ്മാതാക്കള്‍ സല്‍മാനെ വീണ്ടും കാണും.

അതേസമയം 'രാധെ' ആണ് സല്‍മാന്‍റെ അടുത്ത റിലീസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ വൈകാതെ പുറത്തെത്തും. ചിത്രീകരണം പുരോഗമിക്കുകയായിരുന്ന 'ടൈഗര്‍ 3'യില്‍ നിന്നും ഇടവേള എടുത്തിരിക്കുകയുമാണ് നിലവില്‍ അദ്ദേഹം. ടൈഗര്‍ 3ന് പൂര്‍ത്തിയാക്കാനുള്ള ഒരു വിദേശ ഷെഡ്യൂള്‍ ജൂണ്‍ മാസത്തിലേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആ സമയത്തെ കൊവിഡ് സാഹചര്യം അനുസരിച്ചേ അത് പൂര്‍ത്തിയാക്കാനാവൂ. 

click me!