'അയ്യരെ' അനുകരിക്കുന്ന 'അരവിന്ദ്'; സല്യൂട്ടിലെ നായകന്‍റെ സ്റ്റില്‍ പങ്കുവച്ച് ദുല്‍ഖര്‍

By Web TeamFirst Published Jan 9, 2022, 2:18 PM IST
Highlights

വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മാണം

മമ്മൂട്ടിയുടെ (Mammootty) അപ്‍കമിംഗ് ലിസ്റ്റില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രം (CBI 5). ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം വൈറല്‍ ആയി. 'സേതുരാമയ്യരു'ടെ ട്രേഡ് മാര്‍ക്ക് ആയ പിന്നില്‍ കൈകെട്ടിയുള്ള നില്‍പ്പ് ആയിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ അതേ ലുക്കിലുള്ള തന്‍റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan).

റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തിലെത്തുന്ന 'സല്യൂട്ട്' (Salute) ആണ് ദുല്‍ഖറിന്‍റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഈ മാസം 14നാണ് ചിത്രത്തിന്‍റെ റിലീസ്. 'അരവിന്ദ് കരുണാകരന്‍' എന്ന പൊലീസ് കഥാപാത്രമാണ് ദുല്‍ഖറിന്‍റെ നായകന്‍. 'സേതുരാമയ്യര്‍' സ്റ്റൈലില്‍ പിന്നില്‍ കൈ കെട്ടിയാണ് പുറത്തുവിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്‍റെ കഥാപാത്രവും ഉള്ളത്. 

ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'മുംബൈ പൊലീസി'നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയുമാണ് ഇത്. ബോളിവുഡ് താരം ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം.

click me!