The Great Indian Kitchen in Japan : ജപ്പാനിലെ തിയറ്ററുകളിലേക്ക് 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'; റിലീസ് 21ന്

By Web TeamFirst Published Jan 9, 2022, 1:18 PM IST
Highlights

റൈറ്റ്സ് നേരത്തേ വിറ്റുപോയിരുന്നു

ഒടിടി റിലീസിലൂടെ ഭാഷയുടെ അതിരുകള്‍ കടന്ന് വിജയം നേടിയ മലയാള ചിത്രം 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന് (The Great Indian Kitchen) ജപ്പാനില്‍ തിയറ്റര്‍ റിലീസ്. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം. ചിത്രത്തിന്‍റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ റിലീസ് നീണ്ടുപോയതാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പറഞ്ഞിരുന്നു.

"ജപ്പാനില്‍ നിന്നു തന്നെയുള്ള ചില ഫിലിം ഏജന്‍റ്സ് ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നുണ്ടായിരുന്നു. പ്രാദേശിയ ഫിലിം ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നവരെയൊക്കെ അവര്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാവാം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് സിനിമയെക്കുറിച്ച് റെഫറന്‍സ് കിട്ടുന്നത്. അങ്ങനെയൊരു റെഫറന്‍സ് വഴിയാണ് ഒരു ക്യുറേറ്റര്‍ വഴി ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. ഇതെല്ലാം പരസ്‍പരം കണക്റ്റഡ് ആണ്", ജോമോന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം എത്തിയ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പ്രാദേശിക ഒടിടി പ്ലാറ്റ്‍ഫോം ആയ നീസ്ട്രീമിലൂടെ പേ പെര്‍ വ്യൂ മാതൃകയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. നിത്യജീവിതത്തിലെ ലളിതമായ ഉദാഹരണങ്ങള്‍ നിരത്തി പുരുഷാധിപത്യ സമൂഹത്തെക്കുറിച്ച് സംസാരിച്ച ചിത്രത്തെക്കുറിച്ച് ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിത്രം വന്‍ വിജയം നേടിയതോടെ ആമസോണ്‍ പ്രൈം അടക്കമുള്ള നിരവധി പ്ലാറ്റ്‍ഫോമുകളിലേക്കും ചിത്രം പിന്നീട് പ്രദര്‍ശനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മൂന്ന് വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് നേടുകയും ചെയ്‍തു. മികച്ച ചിത്രം. തിരക്കഥാകൃത്ത്, ശബ്‍ദരൂപകല്‍പ്പന എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്‍കാരം. 

click me!