
കഴിഞ്ഞ ആറിലധികം വർഷങ്ങളിലായി മലയാള സിനിമാ നിർമ്മാണ - വിതരണ രംഗത്ത് പ്രവർത്തിക്കുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് പുതിയ തിരക്കഥകൾ തേടുന്നു. പുതിയ പ്രതിഭകളുടെ പുത്തൻ കഥകൾ ക്ഷണിച്ചു കൊണ്ട് വാലെന്റൈൻസ് ദിനത്തിൽ ട്രൂത്ത് ഗ്ലോബൽ ഉടമ സമദ് ട്രൂത്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്. സിനിമയുടെ വിസ്മയലോകത്ത് കഴിഞ്ഞ ആറു വർഷങ്ങളായി ഹൃദയപൂർവ്വം പ്രവർത്തിക്കുകയാണ് തങ്ങൾ എന്നും, ലോകമെമ്പാടും സിനിമകൾ പ്രദർശിപ്പിച്ചും, വൻകിട നിർമ്മാണ സംരംഭങ്ങളിൽ പങ്കാളികളായും, സിനിമാ തിയേറ്ററുകൾ തുടങ്ങിയും സിനിമാ വ്യവസായത്തിന്റെ ഓരോ തുടിപ്പും തൊട്ടറിയാൻ തങ്ങൾക്ക് സാധിച്ചുവെന്നും സമദ് പറയുന്നു.
ഈ വാലന്റൈൻസ് ദിനത്തിൽ, പ്രണയത്തോടൊപ്പം , എന്നും ഹൃദയത്തോടൊപ്പം നിൽക്കുന്ന മനോഹരമായ കഥകളെ കൂടിയാണ് തങ്ങൾ ആഘോഷിക്കുന്നതെന്നും പ്രണയം പോലെ തന്നെയാണ് നല്ല കഥകളും എന്നും നിലനിൽക്കുന്നത് എന്നും അദ്ദേഹം കുറിച്ചു. മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ കൈമുതലായുള്ള അടുത്ത തലമുറയിലെ പ്രതിഭകളെയാണ് തങ്ങൾ ഇപ്പോൾ തേടുന്നത് എന്നും, സിനിമാ മോഹികളുടെ ആ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ തങ്ങൾ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അത്തരം പുതിയ പ്രതിഭകളുടെ സർഗ്ഗാത്മകമായ കാഴ്ചപ്പാടുകൾക്ക് ജീവൻ നൽകുന്ന ഒരു വെളിച്ചമായി മാറാനാണ് "സമദ് ട്രൂത്ത് പ്രൊഡക്ഷൻസ്" ആഗ്രഹിക്കുന്നത് എന്ന് കുറിച്ച അദ്ദേഹം, സിനിമ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന രചയിതാക്കളുടെ കഥകൾ തങ്ങൾക്ക് അയക്കാൻ ആണ് ആവശ്യപ്പെടുന്നത്.
പ്രേക്ഷകരുടെ കൈവശമുള്ള കഥാ സംഗ്രഹങ്ങൾ അയക്കാനുള്ള ഇമെയിൽ ഐഡിയും അദ്ദേഹം കുറിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്. ലഭിക്കുന്ന കഥയിലെ സ്പാർക് തങ്ങളുടെ ഹൃദയത്തിൽ തട്ടിയാൽ, ആ കഥയുടെ മുഴുവൻ ലോകം കേൾക്കാൻ നിങ്ങളെ തേടി തങ്ങൾ എത്തുമെന്നും ആ സ്വപ്നങ്ങൾ വെള്ളിത്തിരയിൽ ആസ്വദിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. springboard@truthqatar.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് താല്പര്യമുള്ളവർ തങ്ങളുടെ തിരക്കഥകളും കഥകളും അയക്കേണ്ടത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ വമ്പൻ ചിത്രങ്ങളായ ഭീഷ്മപർവ്വം, കണ്ണൂർ സ്‌ക്വാഡ്, ടർബോ, ഭ്രമയുഗം, കളംകാവൽ, തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഗൾഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാർക്കറ്റിൽ വിതരണം ചെയ്തത്. സൂപ്പർ ഹിറ്റുകളായ അബ്രഹാം ഓസ്ലർ, ആലപ്പുഴ ജിംഖാന മുതൽ, ഇനി വരാനുള്ള മലയാളത്തിലെ ഏറ്റവും വലിയ മൾടിസ്റ്റാർ ചിത്രമായ പേട്രിയറ്റ് വരെ ഓവർസീസ് വിതരണം ചെയ്യുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ