
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാമന്ത. തമിഴിൽ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ തെലുങ്കിൽ ഇതേ ചിത്രത്തിന്റെ റീമേക് ആയ 'യെ മായ ചെസാവെ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാനും വലിയ ആരാധകരെ സൃഷ്ടിക്കാനും സാധിച്ച താരം കൂടിയാണ് സാമന്ത. ഇപ്പോഴിതാ തന്റെ വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ജിമ്മിൽ
"കരുത്തുറ്റ വിങ്സ് ഉണ്ടായിരിക്കുക എന്ന ആശയം വർഷങ്ങൾക്ക് മുൻപ് ഞാൻ ഉപേക്ഷിച്ചിരുന്നു. എന്റെ ജീനുകളിൽ അതില്ലെന്ന് ഞാൻ ശരിക്കും കരുതി. നല്ല വിങ്സുള്ള മറ്റ് ആളുകളെ കാണുമ്പോൾ, ഒരിക്കലും ഞാനിങ്ങനെയാവില്ല എന്ന് ചിന്തിക്കുമായിരുന്നു. പക്ഷേ എനിക്ക് തെറ്റുപറ്റി. സത്യം പറഞ്ഞാൽ, ഇങ്ങനെയായതിൽ എനിക്ക് സന്തോഷമുണ്ട്. ഇവിടെയെത്താൻ ഞാനെടുത്ത പ്രയത്നം തീവ്രമായിരുന്നു. ശരിക്കും തീവ്രം. മസിൽ വളർത്തിയെടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്." സാമന്ത പറയുന്നു.
"നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിന് മാത്രമല്ല, നിങ്ങൾ എങ്ങനെ ജീവിക്കുന്നു, എങ്ങനെ നീങ്ങുന്നു, നിങ്ങൾക്ക് എങ്ങനെ പ്രായമാകുന്നു എന്നെല്ലാം അത് തീരുമാനിക്കും. നിങ്ങൾക്ക് പ്രായമാകുമ്പോൾ ആരോഗ്യ പരിപാലനം നിങ്ങളുടെ ഉറ്റ സുഹൃത്തായി മാറേണ്ടതുണ്ട്. ആ ആരോഗ്യ പരിപാലനമാണ് എനിക്ക് മറ്റെന്തിനെക്കാളും ഗുണം ചെയ്തത്. അച്ചടക്കവും ക്ഷമയും അതെന്നെ പഠിപ്പിച്ചു. ജീനുകളിൽ ഇല്ല എന്നത് ഒരു ഒഴിവ് കഴിവ് മാത്രമാണെന്ന് അതെന്നെ പഠിപ്പിച്ചു. തോൽവിയോട് അടുത്തിരിക്കുന്ന ഘട്ടത്തിൽ പോലും തോറ്റുകൊടുക്കരുത്, നിങ്ങൾ മുന്നോട്ട് പോയാൽ നിങ്ങളുടെ ഭാവി നിങ്ങളോട് കടപ്പെട്ടിരിക്കും." ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാമന്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അതേസമയം 2023 ൽ പുറത്തറിങ്ങിയ ഖുഷി ആയിരുന്നു സാമന്തയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഈ വർഷം പുറത്തിറങ്ങിയ ശുഭം എന്ന ചിത്രത്തിൽ കാമിയോ റോളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ നിർമ്മാതാവും സാമന്ത തന്നെയായിരുന്നു. താരത്തിന്റെ ആദ്യ നിർമ്മാണ ചിത്രം കൂടിയായിരുന്നു ശുഭം. 'സിറ്റഡൽ: ഹണി ബണ്ണി' എന്ന വെബ് സീരീസിൽ വരുൺ ധവനൊപ്പവും സാമന്ത വേഷമിട്ടിരുന്നു. രാജ് ആൻഡ് ഡി.കെ. സംവിധാനം ചെയ്ത ഈ സീരീസ് വലിയ പ്രശംസകളാണ് നേടിയത്.