
തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. 'റിവോൾവർ റീറ്റ'യാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഒരു പരിപാടിക്കിടയിലെ തന്റെ മോശം ആംഗിളിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോഴാണ് താൻ ആ ചിത്രത്തെ കുറിച്ച് ചിന്തിച്ചതെന്നും, അപ്പോഴാണ് അതൊരു എഐ ജനറേറ്റഡ് ചിത്രമാണെന്ന് മനസിലായതെന്നും കീർത്തി സുരേഷ് പറയുന്നു. പോളിമർ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കീർത്തിയുടെ പ്രതികരണം.
"അടുത്തിടെ ഒരു പരിപാടിക്കിടെയിലുള്ള എന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആ പരിപാടിയിൽ ഞാന്‍ ഇരിക്കുന്നതിന്റെ മോശം ആംഗിളിലെ ഫോട്ടോയായിരുന്നു അത്. കുറച്ചുനേരം ഞാന്‍ ആ ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി. ആ പരിപാടിക്ക് ഞാന്‍ അങ്ങനെ ഇരുന്നോ എന്നായിരുന്നു ചിന്തിച്ചത്. ആരോ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച ഫോട്ടോയായിരുന്നു അത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ അത് ഒറിജിനലാണെന്നേ ആളുകള്‍ വിചാരിക്കൂ. ഇത് കൃത്രിമമാണെന്ന് പെട്ടെന്ന് നോക്കുന്ന ആര്‍ക്കും മനസിലാകില്ല. എ.ഐയുടെ ഈ കടന്നുകയറ്റം എങ്ങോട്ടേക്കാണെന്ന് എനിക്ക് ഒരു പിടിയുമില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഞാനും സാമന്തയും പോസ് ചെയ്ത് നില്‍ക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഓരോരുത്തര്‍ പോസ്റ്റ് ചെയ്യുന്നു. കണ്ടാല്‍ ഞങ്ങളാണെന്നേ പറയുള്ളൂ." കീർത്തി സുരേഷ് പറയുന്നു.
അതേസമയം റിവോൾവർ റീറ്റയുടെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തിൽ വൈവിധ്യമാർന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‍ലർ വ്യക്തമാക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‍ലർ, പ്രേക്ഷകർക്ക് ഒരു പുതു അനുഭവം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നു.‘റിവോൾവർ റീറ്റ’ വർഷത്തിലെ ഏറ്റവും കൗതുകകരമായ റിലീസുകളിലൊന്നാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രാഥമിക പ്രതികരണങ്ങൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് 'റിവോൾവർ റിറ്റ'യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും.
സൂപ്പർസ്റ്റാർ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകൻ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോൾവർ റിറ്റ'. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും, പ്രവീൺ കെ. എൽ. എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റിവോൾവർ റിറ്റയിൽ, കീർത്തിക്കൊപ്പം രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നവംബർ 28-ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.