'ഈ രക്തത്തില്‍ എനിക്ക് പങ്കുണ്ട്'; വിമര്‍ശിക്കപ്പെട്ട പോസ്റ്ററിനെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍

By Web TeamFirst Published Dec 7, 2019, 5:19 PM IST
Highlights

"ഇതിനു കാരണമായത് ഞാനും ചോലയെക്കുറിച്ചു വന്ന ഒരു റിവ്യൂവുമാണ് എന്നതുകൊണ്ട് ഈ രക്തത്തില്‍ എനിക്ക് പങ്കുണ്ട്. ഒരു ക്ഷമാപണം എഴുതാനിരുന്നതാണ്..."

വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ സനല്‍കുമാര്‍ ശശിധരന്‍ ചിത്രം 'ചോല'യ്ക്ക് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലടക്കം ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒരു ഒഫിഷ്യല്‍ പോസ്റ്ററില്‍ എഴുതിയ വാചകങ്ങളില്‍ സ്ത്രീവിരുദ്ധതയുടെ ഒരു തലമുണ്ടെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. 'ഒളിച്ചോടുന്ന പെണ്‍കുട്ടികള്‍ക്കുള്ള തിരിച്ചറിവിനായി ചോല' എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആ പോസ്റ്റര്‍ ഡിലീറ്റ് ചെയ്യേണ്ടതില്ലെന്നാണ് താന്‍ കരുതുന്നതെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു

ഈ പോസ്റ്ററിനെക്കുറിച്ചും അതിന്റെ സത്രീവിരുദ്ധതയെപ്പറ്റിയുമൊക്കെ ഒരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് ചോലയുടെ പ്രൊമോഷന്റെ ഭാഗമായി വന്നതാണോ എന്ന ചോദ്യവുമായി ഒന്നു രണ്ടു സുഹൃത്തുക്കള്‍ മെസേജിലും വന്നു. ഇതിനു കാരണമായത് ഞാനും ചോലയെക്കുറിച്ചു വന്ന ഒരു റിവ്യൂവുമാണ് എന്നതുകൊണ്ട് ഈ രക്തത്തില്‍ എനിക്ക് പങ്കുണ്ട്. ഒരു ക്ഷമാപണം എഴുതാനിരുന്നതാണ്. അപ്പോഴാണ് പ്രശസ്ത തമിഴ് കവിയും ഫിലിം മേക്കറുമായ കുട്ടിരേവതിയെ KIFF ല്‍ വച്ച് കാണുന്നതും. അവരോടു സംസാരിക്കവേ ഈ നൈതിക പ്രശ്‌നവും പറഞ്ഞു. എന്റെ കണ്ണ് തുറപ്പിക്കുന്ന ഒരു ചോദ്യം അവര്‍ ചോദിച്ചു. എന്തിനാണത് ഡിലീറ്റ് ചെയ്യുന്നത്. എന്താണതില്‍ കുഴപ്പം? എന്തിനാണ് പെണ്‍കുട്ടികള്‍ പുരുഷന്‍മാര്‍ക്കൊപ്പം ഓടിപ്പോകുന്നത്? വേണമെങ്കില്‍ പെണ്‍കുട്ടികള്‍ അവനവനൊപ്പം ഓടിപ്പോകട്ടെ!

 

ആ ചോദ്യം ഞാനെന്നോടും ചോദിക്കുന്നു എന്തിനാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത്?

പ്രണയത്തിലും പുരുഷന്‍ പെണ്ണിനൊരുക്കിയിരിക്കുന്നത് കെണിയാണെന്നൊരു സന്ദേശവും സിനിമയില്‍ വായിച്ചാല്‍ എന്താണു തെറ്റ്. തേനും പാലുമൊഴുകിയ പ്രണയത്തിന്റെ ചൂണ്ടയിലല്ലേ സൂര്യനെല്ലിയും കുരുങ്ങിയത്.. ഇന്നും പെണ്‍വാണിഭത്തിന്റെ കഥകളില്‍ പലതിലും പരതിയാല്‍ കിട്ടുന്നത് തുരുമ്പിച്ച പ്രണയത്തിന്റെ ചൂണ്ട തന്നെയല്ലേ? ആ ചോദ്യത്തില്‍ എവിടെയാണ് സ്ത്രീ വിരുദ്ധത?

പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഡിലീറ്റ് ചെയ്യേണ്ടതില്ലെന്ന് കരുതുന്നു.

click me!