'നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടിയുള്ളവർക്ക് പാര്‍വതിയെ മനസിലാകില്ല'; കുറിപ്പ്

Published : Dec 20, 2019, 11:24 AM IST
'നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടിയുള്ളവർക്ക് പാര്‍വതിയെ മനസിലാകില്ല'; കുറിപ്പ്

Synopsis

മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന പ്രതിഷേധ സായാഹ്നത്തിലാണ് പാര്‍വതിയും പങ്കാളിയായത്.  പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നടി പാര്‍വതി തിരുവോത്തിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന പ്രതിഷേധ സായാഹ്നത്തിലാണ് പാര്‍വതിയും പങ്കാളിയായത്.  പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധത്തിന് മുന്‍നിരയില്‍ തന്നെ നില്‍ക്കുന്ന പാര്‍വതിയെ കുറിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ സന്ദീപ് ദാസ് എന്നയാള്‍ എഴുതിയ കുറിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സന്ദീപ് ദാസിന്‍റെ കുറിപ്പ് വായിക്കാം

ഇതാണ് പാർവ്വതി തിരുവോത്ത്.മലയാളസിനിമയുടെ അഭിമാനമായ അഭിനേത്രി.ഇത്രയേറെ ശാപവചനങ്ങളും തെറിവാക്കുകളും ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടി ഉണ്ടാവില്ല.പക്ഷേ പാർവ്വതി പരാതികളില്ലാതെ സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നു.നമുക്കുവേണ്ടി പാർവ്വതി തെരുവിലിറങ്ങിയിരിക്കുന്നു.

അങ്ങേയറ്റം അത്ഭുതത്തോടെയാണ് ഞാൻ പാർവ്വതിയെ വീക്ഷിക്കാറുള്ളത്.ഇത്ര നിസ്വാർത്ഥമായി പെരുമാറാൻ മനുഷ്യരെക്കൊണ്ട് സാധിക്കുമോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്.സ്വന്തം നിലനിൽപ്പിൻ്റെ കാര്യം വരുമ്പോൾ മിക്ക ആളുകളും ആദർശങ്ങളിൽ കുറച്ച് വെള്ളം ചേർക്കാറുണ്ട്.പക്ഷേ പാർവ്വതി അവിടെയും വ്യത്യസ്തയാകുന്നു !

പാർവ്വതി ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങൾ ഒന്ന് പരിശോധിച്ചുനോക്കൂ.അനശ്വരപ്രണയത്തിൻ്റെ പ്രതീകമായ കാഞ്ചനമാല,നഴ്സുമാർക്ക് അഭിമാനപൂർവ്വം ചൂണ്ടിക്കാട്ടാവുന്ന സമീറ,ആസിഡ് ആക്രമണങ്ങൾ നേരിടേണ്ടിവരുന്ന പെൺകുട്ടികളെ പ്രചോദിപ്പിക്കുന്ന ഉയരെ...

എണ്ണത്തിൽ കുറവാണെങ്കിലും നിലവാരത്തിൻ്റെ കാര്യത്തിൽ പാർവ്വതിയുടെ കഥാപാത്രങ്ങൾ ബഹുദൂരം മുന്നിൽ നിൽക്കുന്നു.ഒട്ടുമിക്ക ചലച്ചിത്രമേളകളിലും പാർവ്വതിയുടെ സിനിമകൾ അംഗീകരിക്കപ്പെടാറുണ്ട്.ചെറിയൊരു കാലയളവുകൊണ്ട് എണ്ണമറ്റ അവാർഡുകൾ അവർ വാരിക്കൂട്ടിയിട്ടുമുണ്ട്.

പാർവ്വതിയുടെ യാത്ര ഒട്ടും സുഗമമായിരുന്നില്ല.തൻ്റെ പ്രാരംഭ കാലത്തെക്കുറിച്ച് ആരും സംസാരിക്കാറില്ല എന്ന് പാർവ്വതി തന്നെ പറഞ്ഞിട്ടുണ്ട്.'ബാംഗ്ലൂർ ഡെയ്സ് ' എന്ന സിനിമ മുതൽക്കാണ് മലയാളികൾ ആ നടിയെ ശ്രദ്ധിച്ചുതുടങ്ങിയത്.സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിച്ചുകൂട്ടിയ വ്യക്തിയാണ് പാർവ്വതി.

അഭിനയസിദ്ധിയിലൂടെ ലോകം കീഴടക്കാൻ പാർവ്വതിയ്ക്ക് സാധിക്കും.ആ സ്ഥാനം അവർ വളരെയേറെ കഷ്ടപ്പെട്ട് നേടിയതുമാണ്.ഇത്തരമൊരു സാഹചര്യത്തിൽ സാധാരണ മനുഷ്യർ എന്താണ് ചെയ്യുക?'കുഴപ്പങ്ങളിലൊന്നും' ചെന്ന് ചാടാതെ സ്വന്തം കരിയറിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോകും.പക്ഷേ പാർവ്വതി ചെയ്തത് എന്താണ്?

'കസബ' എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ നിശിതമായി എതിർത്തു.മമ്മൂട്ടിയെപ്പോലൊരു വലിയ താരത്തിൻ്റെ സിനിമയെ വിമർശിച്ചാൽ കരിയർ തന്നെ അപകടത്തിലാവുമെന്ന് അറിയാഞ്ഞിട്ടല്ല.ചില സത്യങ്ങൾ പറയാനുള്ളതാണ് എന്ന നിലപാടിൽ പാർവ്വതി ഉറച്ചുനിന്നു.

മലയാളസിനിമയിലെ ഒരു മുൻനിര നായിക പൈശാചികമായ രീതിയിൽ ആക്രമിക്കപ്പെട്ടപ്പോൾ 'അമ്മ' എന്ന താരസംഘടന കൈക്കൊണ്ട പരിഹാസ്യമായ സമീപനങ്ങൾ ഒരാൾക്കും മറക്കാനാവില്ല.പക്ഷേ പാർവ്വതി 'പക്ഷേ'കളില്ലാതെ തൻ്റെ കൂട്ടുകാരിയ്ക്കൊപ്പം നിലകൊണ്ടു.

ഈ രണ്ട് തീരുമാനങ്ങളുടെ പേരിൽ പാർവ്വതിയ്ക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.കീബോർഡ് പടയാളികൾ അവർക്കുചുറ്റും നിന്ന് ആക്രമിച്ചിട്ടുണ്ട്.പക്ഷേ പാർവ്വതി ഒരിഞ്ചുപോലും മാറിയില്ല.പണ്ട് പറഞ്ഞ കാര്യങ്ങൾ അതേപടി ഇപ്പോഴും പറയാൻ അവർക്ക് യാതൊരു മടിയുമില്ല.'അർജ്ജുൻ റെഡ്ഢി' വിമർശനം അതിൻ്റെ വ്യക്തമായ സൂചനയാണ്.

പാർവ്വതിയെ അധിക്ഷേപിച്ചു എന്ന കുറ്റത്തിന് ഒരാളെ പൊലീസ് ഈയിടെ പിടികൂടിയിരുന്നു.ആ വിഡ്ഢി പാർവ്വതിയുടെ വീട്ടിൽ പോയി പാർവ്വതിയുടെ അമ്മയെ ഉപദേശിച്ചുവെത്രേ ! പാർവ്വതിയുടെ ധീരമായ തുറന്നുപറച്ചിലുകൾ ഇവിടത്തെ യാഥാസ്ഥിതികരായ പുരുഷകേസരികളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

''നീ വെറും പെണ്ണാണ് '' എന്ന് ആണയിട്ടുകൊണ്ടിരുന്ന ഒരിടമായിരുന്നു മലയാളസിനിമ.മെയിൽ ഷോവനിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ ഒരു വ്യവസായം.ആണധികാരങ്ങളുടെ ശവപ്പെട്ടിയിൽ പാർവ്വതിയെപ്പോലുള്ളവർ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു.ആ ഇരുണ്ട കാലത്തേക്ക് ഇനിയൊരിക്കലും മലയാളസിനിമ മടങ്ങിപ്പോകില്ല.

രാജ്യം ഒരു വലിയ പ്രതിസന്ധിയിലേക്ക് സഞ്ചരിച്ചുതുടങ്ങിയപ്പോൾ മിക്ക സിനിമാക്കാരും മൗനത്തിലായിരുന്നു.ചിലർ ഇപ്പോഴും മിണ്ടിയിട്ടില്ല.കുറച്ചുപേർ വൈകിയാണ് പ്രതികരിച്ചത്.പക്ഷേ പാർവ്വതി ആരംഭത്തിൽ തന്നെ തൻ്റെ നിലപാട് കൃത്യമായും വ്യക്തമായും പറഞ്ഞിരുന്നു.

ഈ പ്രവൃത്തിയുടെ പേരിൽ പാർവ്വതിയ്ക്ക് പല പുരസ്കാരങ്ങളും കൈമോശം വന്നേക്കാം.പക്ഷേ പാർവ്വതിയ്ക്ക് സ്വന്തം കാര്യമല്ല പ്രധാനം.അവർ ഒരു മനുഷ്യസ്നേഹിയാണ്.ഈ രാജ്യത്തെ സാധുമനുഷ്യരെക്കുറിച്ച് അവർക്ക് ആശങ്കയുണ്ട്.

ഇതിനെയും ചിലർ 'പബ്ലിസിറ്റി സ്റ്റണ്ട് ' എന്ന് വിശേഷിപ്പിച്ചുകണ്ടു.അവരോട് ഒന്നേ പറയാനുള്ളൂ.നട്ടെല്ലുള്ള നടിയാണ് പാർവ്വതി.നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവർക്ക് അവരെ ഒരുകാലത്തും മനസ്സിലാകാൻ പോകുന്നില്ല...

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബട്ട് ക്യാഷ്?' എന്ന കമന്റുകൾ 100% പിആർ വർക്ക്...; പ്രതികരിച്ച് എൻ.എം ബാദുഷ
ഉണ്ണി മുകുന്ദൻ - അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു