'ഞാൻ ആക്രി കച്ചവടക്കാരനായിരുന്നു, ചെയ്യാത്ത ജോലികളില്ല'; 'സാന്റാക്രൂസ്' നിര്‍മാതാവിന്റെ കഥ

By Web TeamFirst Published Jul 1, 2022, 12:26 PM IST
Highlights

5000 രൂപയില്‍ നിന്ന് ആക്രികച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്റെ ഫലമാണ് തന്റെ സിനിമയെന്ന് രാജു ഗോപി പറഞ്ഞു.

ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് 'സാന്റാക്രൂസ്‌'(Santacruz ). ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. നൂറിന്‍ ഷെരീഫ് ആണ് നായിക. പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 5000 രൂപയില്‍ നിന്ന് ആക്രികച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്റെ ഫലമാണ് തന്റെ സിനിമയെന്ന് രാജു ഗോപി പറഞ്ഞു.

രാജു ഗോപി ചിറ്റത്തിന്റെ വാക്കുകൾ

28 വര്‍ഷം മുന്‍പ് എന്റെ അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രിക്കച്ചവടം തുടങ്ങി.1974-76 കാലഘട്ടങ്ങളില്‍ ഞാന്‍ ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. അവിടെ അന്ന് സിനിമകള്‍ കാണുമ്പോള്‍ ഒരു സിനിമ പിടിക്കണമെന്ന് എനിക്കും മോഹം തോന്നി. 1974ല്‍ 'കണ്ണപ്പനുണ്ണി' എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പതിനഞ്ചാമത്തെ തവണയാണ് ടിക്കറ്റ് കിട്ടിയത്. പക്ഷെ ഇന്റര്‍വല്‍ ആയപ്പോള്‍ പടം തീര്‍ന്നുവെന്ന് കരുതി ഞാന്‍ ഇറങ്ങി പോയി. അന്ന് മുതലേ സിനിമ എടുക്കണം എന്ന ആഗ്രഹം മനസില്‍ ഉണ്ട്. അമ്മായിയമ്മ അല്ല, ശരിക്കും എനിക്ക് അമ്മ തന്നെയാണ്. ആ അമ്മ തന്നെ 5000 രൂപ കൊണ്ട് കച്ചവടം ചെയ്താണ് ഞാന്‍ ഇവിടം വരെ എത്തിയത്. സിനിമ എടുത്തു. അതിനു എനിക്ക് പറ്റിയ ഒരാളെ കിട്ടി. ജോണ്‍ ശരിക്കും എന്റെ കൂടപ്പിറപ്പിനെ പോലെത്തെന്നെയാണ്. ഞങ്ങള്‍ തമ്മില്‍ ഇന്നുവരെ ഒരു കരാറും ഇല്ല. കൊച്ചി പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നോട് എല്ലാവരും ചോദിച്ചു പുതുമുഖങ്ങളെ വച്ച് ചെയ്താല്‍ വിജയിക്കുമോ എന്ന്. അതൊന്നും എനിക്ക് പ്രശ്‌നമല്ല എന്നാണ് പറഞ്ഞത്. ഞാനൊരു ആക്രക്കച്ചവടക്കാരനാണ്. ഞാന്‍ എല്ലാ തൊഴിലും ചെയ്തു ജീവിച്ച വ്യക്തിയാണ്. എനിക്ക് വലിയ വിദ്യാഭ്യസമൊന്നുമില്ല. മീന്‍ കച്ചവടം ചെയ്തിട്ടുണ്ട്. അപ്പോഴും എനിക്ക് കൊച്ചിയെ അറിയാം. അവിടുത്തെ ജനങ്ങളെ എനിക്കറിയാം. അതുകൊണ്ടാണ് കൊച്ചിയിലെ കഥ പറയുന്ന സിനിമ ചെയ്തത്.

Santacruz Trailer : ഡാൻസിന്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം; 'സാന്റാക്രൂസ്‌' ട്രെയിലർ

click me!