ബജറ്റ് 500 കോടി, പേര് 'ഹോർമുസ് കടലിടുക്ക് ദി റിവഞ്ച്'; പാന്‍ ഇന്ത്യന്‍ പടമെടുക്കാനുള്ള പ്ലാനുമായി സന്തോഷ് പണ്ഡിറ്റ്

Published : Mar 28, 2026, 11:24 AM IST
santhosh pandit

Synopsis

ഗ്യാസ് നിറച്ച 101 കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങി പോകുന്നു. സർക്കാരും ജനങ്ങളും ബുദ്ധിമുട്ടുന്നതോടെ താൻ അവതരിപ്പിക്കുന്ന കഥാപാത്രം ഹോർമുസ് കടലിടുക്കിൽ നിന്നും കപ്പലുകൾ രക്ഷിച്ചു ഇന്ത്യയിൽ എത്തിക്കുവാനുള്ള ധൗത്യത്തിനായി പുറപ്പെടുന്നതാണ് കഥ.

'ഹോർമുസ് കടലിടുക്ക് ദി റിവഞ്ച്' എന്ന പേരിൽ ഒരു സിനിമ എടുക്കാൻ ആലോചിക്കുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫോളോവേഴ്സ് നിർബന്ധിച്ചാൽ സിനിമ ചെയ്യുമെന്നും രണ്ട് ഭാ​ഗങ്ങൾ സിനിമയ്ക്ക് ഉണ്ടാകുമെന്നും സന്തോഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ഗ്യാസ് നിറച്ച 101 കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങി പോകുന്നു. സർക്കാരും ജനങ്ങളും ബുദ്ധിമുട്ടുന്നതോടെ താൻ അവതരിപ്പിക്കുന്ന കഥാപാത്രം ഹോർമുസ് കടലിടുക്കിൽ നിന്നും കപ്പലുകൾ രക്ഷിച്ചു ഇന്ത്യയിൽ എത്തിക്കുവാനുള്ള ധൗത്യത്തിനായി പുറപ്പെടുന്നതാണ് കഥയെന്ന് സന്തോഷ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ 500 കോടി ബഡ്‌ജറ്റിൽ "ഹോർമുസ് കടലിടുക്ക് ദ റിവഞ്ച്- ചാപ്റ്റര്‍ 1" എന്ന പേരിൽ ഒരു പാൻ ഇന്ത്യൻ സിനിമ ചെയ്താലോ എന്ന ചിന്തയിൽ ആണേ. കഥ കേട്ട് നിങ്ങളൊക്കെ നിർബന്ധിച്ചാൽ ഞാൻ ചെയ്യാം.

കഥ ഇങ്ങനെ ആണ്..

തുടക്കം തന്നെ ഒരു ഐറ്റം ഡാൻസ്. പിന്നെയാണ് കഥയിലേക്ക് പോവുക. ഇറാൻ ഗൾഫ് ഇസ്രായേൽ യുദ്ധം കാരണം ഇന്ത്യയുടെ LPG ഗ്യാസ് നിറച്ച 101 കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങി പോകുന്നു. സർക്കാരും ജനങ്ങളും ബുദ്ധിമുട്ടുന്നു. LPG ക്കു ഇന്ത്യയിൽ 60 രൂപ വില കൂടുമെന്ന അവസ്ഥ. ജനങ്ങൾ "ഇളകുന്നു".

ഒടുവിൽ ഇറാനിൽ നിന്നും കപ്പൽ ഇന്ത്യയിൽ എത്തിക്കുവാൻ ആഭ്യന്തര മന്ത്രി ഡിജിപി യോട് പറയുന്നു. "ഇനി അവനെ വിളിക്കൂ.. അവൻ വന്നാലേ എന്തെങ്കിലും ഒക്കെ നടക്കൂ" സന്തോഷ്‌ പണ്ഡിറ്റ്‌ അവതരിപ്പിക്കുന്ന 7 പാക്ക് ശരീരം ഉള്ള സുന്ദരനായ ഉത്തർ പ്രദേശ് കാരനായ സന്തോഷ്‌ പണ്ഡിറ്റ്‌ കപൂർ IPS എന്ന കരുത്തനായ പോലീസ് കമ്മീഷ്ണറേ ഹോർമുസ് കടലിടുക്കിൽ നിന്നും കപ്പലുകൾ രക്ഷിച്ചു ഇന്ത്യയിൽ എത്തിക്കുവാനുള്ള ധൗത്യം ഏല്പിക്കുന്നു.

പക്ഷെ ഈ നായകന് ഒരു ഫ്ലാഷ്ബാക്ക് ഉണ്ടെ.. ആളൊരു ചൂടനാണ്. ഏതെങ്കിലും ക്രിമിനലിനെ കണ്ടാൽ ഉടനെ വെടിവെച്ചു കൊല്ലും. അത് അങ്ങേരുടെ ഒരു വീക്നെസ് ആണ്. ഒരു യുവതിയെ പീഡിപ്പിച്ചു കൊന്ന 12 പേരെ അവരുടെ വീട്ടിൽ പോയി വെടിവെച്ചു കൊന്നു. എങ്ങനെ ഉണ്ട്? ഇതറിഞ്ഞു കോടതി ഇങ്ങേരെ suspend ചെയ്തു. ഇതറിഞ്ഞ പണ്ഡിറ്റിന്റെ സുന്ദരിയും പണക്കാരിയും ആയ കേരളത്തിലെ കാമുകി അങ്ങേരെ തേച്ചു പോകുന്നു. "ജോലി ഇല്ലാത്ത ഒരുത്തനെ എനിക്ക് വേണ്ട. പ്ലീസ് എന്നെ ശപിക്കരുത് " എന്നൊക്കെ ഡയലോഗ് പറഞ്ഞു മറ്റൊരാളെ കെട്ടുന്നു. (ഇതിനിടയിൽ ലവ് song, "കണ്ണീർ പൂവിന്റെ കവിളിൽ തലോടി " രീതിയിലുള്ള 2 പാട്ട് )..വിഷമിച്ചു നിൽക്കുന്ന പണ്ഡിറ്റിന്റെ കഥ അറിഞ്ഞു സഹതാപം തോന്നി മറ്റൊരു പാവപ്പെട്ട വീട്ടിലെ ഉത്തർ പ്രദേശുകാരിയായ യുവതി പ്രണയിക്കുന്നു. അവളുമായുള്ള പണ്ഡിറ്റിന്റെ വിവാഹത്തിന്റെ തലേ ദിവസം ആണ് ഹോർമുസ് കടലിടുക്കിലേക്ക് പോകുവാൻ ആഭ്യന്തര മന്ത്രി നിർദേശിക്കുന്നത്. പണ്ഡിറ്റ്‌ എന്ന പേര് മാറ്റി "മൂസ കുട്ടി " എന്ന ഇറാൻ സ്റ്റൈൽ പേരിടുന്നു.

സസ്പെന്ഷൻ ഒക്കെ ഒഴിവാക്കി കൊടുക്കുന്നു. ഒടുവിൽ കല്യാണം മാറ്റിവെച്ചു പണ്ഡിറ്റ്‌ ഒരു "ഇന്ത്യൻ agent" ആയി spy വർക്ക്‌ ചെയ്യുവാൻ ഇറാനിലേക്ക് നുഴഞ്ഞു കയറുവാൻ പോകുന്നു. ഉത്തർ പ്രാദേശിൽ നിന്നും ഹോർമുസ് വരെ നീന്തി പോകുന്നു. ആകെ കൈയ്യിൽ ഉണ്ടായിരുന്ന കാമുകിയുടെ ഫോട്ടോ കത്തിക്കുവാൻ പറയുന്നു. അത് ചെയ്യുന്നു. (ഇതിനിടയിൽ 2 പാട്ട് )

ഈ ധൗത്യത്തിൽ പണ്ഡിറ്റിനെ സഹായിക്കുവാൻ രണ്ടു സന്ദരികളെയും സർക്കാർ കൊടുക്കുന്നു. പണ്ഡിറ്റിനെ കണ്ട ആദ്യ മാത്രയിൽ തന്നെ രണ്ടു സുന്ദരിമാരും മനസ്സ് കൊണ്ട് പ്രണയിക്കുന്നു. പക്ഷെ അതിനൊന്നും പണ്ഡിറ്റ്‌ നിന്ന് കൊടുത്തില്ല..(ഒരു അര പാട്ട് )

ഇറാനിൽ വിദഗ്ധമായി നീന്തി എത്തിയ അവരെല്ലാം മീൻകാരായി വേഷം മാറി മീൻ വിറ്റു ജീവിക്കുന്നു. ഇടക്കൊക്കെ വാർക്ക പണിക്കും പോകുന്നു. അങ്ങനെ ഇറാന്റെ യുദ്ധ തന്ത്രങ്ങൾ എല്ലാം പണ്ഡിറ്റ്‌ ഒറ്റയ്ക്ക് പഠിച്ചെടുക്കുന്നു. അതിനിടയിൽ രണ്ട് ഇറാനിയൻ സ്ത്രീകൾ പണ്ഡിറ്റ്‌ "മൂസ കുട്ടി " ആണെന്ന് തെറ്റിദ്ധരിച്ചു പ്രണയിക്കുന്നു. (Dance, പാട്ട് ).. പക്ഷെ ലക്ഷ്യം മാത്രം മുന്നിൽ കാണുന്ന പണ്ഡിറ്റ്‌ ആ പ്രണയം നിരസിക്കുന്നു. ഇറാൻ യുവതികളുടെ ഹൃദയം തകരുന്നു. ഇതിനിടയിൽ തന്റെ ഇന്ത്യൻ കാമുകിയെ ഓർത്തു ലോല ഹൃദയനായ പണ്ഡിറ്റ്‌ കരയുന്നു ! (പാട്ട് )

ഇന്ത്യയുടെ 101 കപ്പലുകൾ രക്ഷിക്കുവാൻ ഒരു രാത്രിയിൽ പണ്ഡിറ്റ്‌ വിദക്തമായ പ്ലാൻ തയ്യാറാക്കുന്നു. ഈ സമയം ഇങ്ങേർ ഒരു ഇന്ത്യൻ ഏജന്റ് ആണെന്ന് ഇറാൻ പോലീസ് തിരിച്ചറിയുന്നു.. ഓടി രക്ഷപെടുവാൻ ശ്രമിക്കുന്ന പണ്ഡിറ്റ്‌ തന്റെ ഇറാൻ കാരനായ വാർക്ക പണിയുടെ മേസ്തിരിയുടെ മുന്നിൽ പെട്ടു പോകുന്നു. പക്ഷെ താൻ മേസ്തിരിയും കോപ്പും ഒന്നും അല്ലെന്നും താനും ഒരു ഇന്ത്യൻ ഏജന്റ് ആണെന്ന് മേസ്തിരി പറയുന്നു. രഹസ്യങ്ങൾ ചോർത്തുവാൻ 45 വർഷമായി താനും ഇവിടെ വാർക്ക പണിയും ചെയ്ത് ജീവിക്കുകയാണ് എന്നും പറഞ്ഞു പണ്ഡിറ്റിനെ സഹായിക്കുന്നു. കുറേ AK 47 തോക്കുകൾ, ചൈനീസ് ബോംബുകൾ ഒക്കെ കൊടുത്ത് കപ്പലിൽ പണ്ഡിറ്റിനെ കൊണ്ട് എത്തിക്കുന്നു. അപ്പോഴേക്കും ശത്രുക്കൾ കപ്പൽ വളയുന്നു.

പണ്ഡിറ്റ്‌ ഓടുന്നു, ചാടുന്നു, "പറക്കുന്നു". ഒറ്റയ്ക്ക് എല്ലാവരെയും എതിരിട്ട്, കുറേ പേരെ കൊന്നു, മറ്റുള്ളവരെ ഓടിച്ചു, പഞ്ച് ഡയലോഗ്കൾ ഒക്കെ പറയുന്നു. ഒടുവിൽ 101 കപ്പലുമായി ഹോർമുസ് കടലിടുക്കിൽ നിന്നും പണ്ഡിറ്റ്‌ മുന്നിൽ നിന്നും നയിച്ചു ഉത്തർ പ്രദേശിൽ എത്തുന്നു. ഉടനെ പണ്ഡിറ്റ്‌ ഓടി എത്തി കാമുകിയെ കാണുന്നു.

അതോടെ ഇന്ത്യയിലെ LPG ക്ഷാമം പരിഹരിക്കപ്പെടുന്നു. പണ്ഡിറ്റിന് അവാർഡ് കൊടുക്കുന്നു. കാമുകിയെ വിവാഹം കഴിക്കുവാൻ ശ്രമിക്കുമ്പോൾ വീണ്ടും പണ്ഡിറ്റിനു whatsapp call വരുന്നു. "പണ്ഡിറ്റേ, നിങ്ങൾ ഒരിക്കൽ കൂടി ഹോർമുസ് കടലിടുക്കിൽ പോകണം. ഇത്തവണ ഇന്ത്യയുടെ പെട്രോൾ, ഡീസൽ നിറച്ച 301 കപ്പലുകൾ ഒരു പോറലും ഏൽക്കാതെ ഇന്ത്യയിൽ എത്തിക്കണം. ഇതാണ് പുതിയ task.."

ഇത് കേട്ടതോടെ വീണ്ടും വിവാഹം മാറ്റി വെച്ചു പണ്ഡിറ്റ്‌ വീണ്ടും ഹോർമുസ് കടലിടുക്ക് ലക്ഷ്യമാക്കി പോകുന്നു. കാമുകി "അമ്മേ.." എന്നു പറഞ്ഞു കരയുന്നു. (മെലഡി song) ഇത്തവണ പണ്ഡിറ്റിനെ സഹായിക്കുവാൻ 3 സ്ത്രീകളെ സർക്കാർ അനുവദിക്കുന്നു..

സ്ക്രീനിൽ.. “പ്ലീസ് wait for Chapter 2” കഥ എങ്ങനെ ഉണ്ട്? വിജയിക്കുമോ? ഞാൻ ഇതോടെ ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആകുമോ? പ്ലീസ് റിപ്ലെ..

(വാൽ കഷ്ണം..ഇതൊരു പ്രോപഗണ്ട സിനിമ അല്ല..മീൻ വിറ്റും, വാർക്ക പണി എടുത്തും ഇറാനിൽ ഇന്ത്യൻ ഏജന്റ് ആയ പോയ ഒരുത്തൻ എങ്ങനെ ആണ് ആ രാജ്യത്തിന്റെ യുദ്ധ തന്ത്രങ്ങൾ പഠിച്ചു എന്നാ ചോദ്യം ഒന്നും ഇങ്ങോട്ട് വേണ്ട. അതൊക്കെ വീട്ടിൽ പോയി ചോദിച്ചാൽ മതി )

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പേട്രിയറ്റ് എങ്ങനെയുണ്ടാകുമെന്ന് ഉടനറിയാം!, ട്രെയിലര്‍ റിലീസ് വൈകാതെ, സെൻസര്‍ വിവരങ്ങള്‍
വല്ലതും അറിയണ്ടേ, അറിയുന്ന പണി ചെയ്യുന്നുണ്ട്; രാഷ്ട്രീയത്തിലേക്കോന്ന ചോദ്യത്തിന് അനുശ്രീയുടെ മറുപടി