നെറ്റ്ഫ്ളിക്സിനുവേണ്ടി എംടിയും സന്തോഷ് ശിവനും കൈകോര്‍ക്കുന്നു

By Web TeamFirst Published Jun 13, 2021, 12:16 PM IST
Highlights

ഇത് എംടിയുടെ വ്യത്യസ്‍തമായ കഥകളില്‍ ഒരുങ്ങുന്ന ഒരു സിനിമാ സമുച്ചയത്തിന്‍റെ (Anthology) ഭാഗമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിനുവേണ്ടി എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും കൈകോര്‍ക്കുന്നു. എംടിയുടെ രചനയില്‍ താന്‍ നെറ്റ്ഫ്ളിക്സിനുവേണ്ടി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഇന്നലെ ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെയാണ് സന്തോഷ് ശിവന്‍ ആദ്യമായി വെളിപ്പെടുത്തിയത്. 'അഭയം തേടി' എന്നതാണ് പ്രോജക്റ്റ് എന്നും മരണം കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ചിത്രമെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. സാധാരണ രീതിയിലുള്ള ഒരു കഥയല്ല ഇതെന്നും..

"എന്‍റെ അടുത്ത പ്രോജക്റ്റ് എം ടി വാസുദേവന്‍ നായരുടെ അഭയം തേടി.. നെറ്റ്ഫ്ളിക്സിനുവേണ്ടി ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍. അമൂര്‍ത്തമായ ഒരു ആശയമാണ് ചിത്രത്തിന്. സിദ്ദിഖിനെയാണ് ഞാന്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും അത്. ഇതിനകത്ത് അങ്ങനെ കഥയായിട്ടൊന്നുമില്ല. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇത് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ആ ചലഞ്ച് ഏറെ ആവേശപ്പെടുത്തുന്ന ഒന്നാണ്. നെറ്റ്ഫ്ളിക്സ് പോലെ ഒരു ഒടിടി പ്ലാറ്റ്ഫോമില്‍ ഒരുപാട് എക്സ്പ്ലോര്‍ ചെയ്യാനുണ്ട്. അന്തര്‍ദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാം എന്നതാണ് ഒടിടിയുടെ ഏറ്റവും വലിയ നേട്ടം", സന്തോഷ് ശിവന്‍ ചുരുക്കം വാക്കുകളില്‍ പ്രോജക്റ്റിനെക്കുറിച്ച് പറഞ്ഞു.

ALSO READ: സത്യജിത് റായിയുടെ ചെറുകഥകളില്‍ നിന്ന് നെറ്റ്ഫ്ളിക്സ് ചിത്രം; 'റായ്' ട്രെയ്‍ലര്‍

 

അതേസമയം ഇത് എംടിയുടെ വ്യത്യസ്‍തമായ കഥകളില്‍ ഒരുങ്ങുന്ന ഒരു സിനിമാ സമുച്ചയത്തിന്‍റെ (Anthology) ഭാഗമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എംടിയുടെ കഥകളില്‍ ഒരുങ്ങുന്ന എട്ട് വ്യത്യസ്ത ചിത്രങ്ങളില്‍ ഒന്നാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. അതേസമയം നെറ്റ്ഫ്ളിക്സിന്‍റെ തമിഴിലെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷനും ഒരു ആന്തോളജി ചിത്രമായിരുന്നു. സുധ കൊങ്കര, വെട്രിമാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തിന്‍റെ പേര് 'പാവ കഥൈകള്‍' എന്നായിരുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത്ത് റായ്‍യുടെ നാല് ചെറുകളെ ആസ്‍പദമാക്കി 'റായ്' എന്ന മറ്റൊരു ആന്തോളജി ചിത്രവും നെറ്റ്ഫ്ളിക്സിന്‍റേതായി പുറത്തുവരാനുണ്ട്. ഈ മാസം 25നാണ് ഇതിന്‍റെ റിലീസ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!