സംവിധാനം മോഹന്‍ലാല്‍, ഛായാഗ്രഹണം സന്തോഷ് ശിവന്‍

By Web TeamFirst Published Oct 15, 2020, 5:50 PM IST
Highlights

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2'ന്‍റെയും അതിനുശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ പൂര്‍ണ്ണമായും 'ബറോസി'ന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും

ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന 'ബറോസ്' എന്ന ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത് 2019 ഏപ്രിലിലാണ്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരുന്ന പ്രോജക്ട് കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. താരനിരയിലെ ചില മുഖങ്ങളെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ലിഡിയന്‍ നാദസ്വരത്തെക്കുറിച്ചുമൊക്കെയേ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടുള്ളൂ. പൂര്‍ണ്ണമായും 3ഡിയില്‍ ഒരുക്കുന്ന, ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആരാവും എന്നത് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കെ യു മോഹനന്‍റെ പേര് അനൗദ്യോഗികമായി കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം സന്തോഷ് ശിവനാവും നിര്‍വ്വഹിക്കുകയെന്നാണ് പുതിയ വിവരം.

കാന്‍ ചാനല്‍ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം അടുത്ത വര്‍ഷം ആദ്യം നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2'ന്‍റെയും അതിനുശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ പൂര്‍ണ്ണമായും 'ബറോസി'ന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴും നടക്കുന്നുണ്ട്. അതേസമയം മോഹന്‍ലാലിന്‍റെ മകള്‍ വിസ്‍മയയും സംവിധാന സഹായിയായി 'ബറോസി'ല്‍ മോഹന്‍ലാലിനൊപ്പം ഉണ്ടാവും. കീര്‍ത്തി സുരേഷിന്‍റെ സഹോദരി രേവതി സുരേഷും ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരിക്കും. 

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധായകന്‍ ജിജോയുടേതാണ് ബറോസിന്‍റെ കഥ. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയെന്നാണ് മോഹന്‍ലാല്‍ ഇതിനെ വിശേഷിപ്പിച്ചത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ കഥാപാത്രമാണ് ബറോസ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളത് കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളത് കൈമാറുകയുള്ളൂ. ഒരിക്കല്‍ ബറോസിനെത്തേടിയെത്തുന്ന ഒരു കുട്ടിയും അവര്‍ക്കിടയിലുണ്ടാവുന്ന ബന്ധവുമാണ് സിനിമയുടെ പ്രമേയം. തന്‍റെ കഥ മോഹന്‍ലാല്‍ സിനിമയാക്കുമ്പോള്‍ എല്ലാറ്റിനും മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ജിജോ ഒപ്പമുണ്ട്.

click me!