
കുട്ടിക്കാലത്ത് തുടങ്ങുന്ന സമ്പാദ്യ ശീലം കുടുക്കയില്‍ പൈസ ഇട്ടുവയ്‍ക്കുന്നതാകും. എന്തൊക്കെയെങ്കിലും ആവശ്യം വരുമ്പോള്‍ കുടുക്ക പൊട്ടിച്ചാകും പണം കണ്ടെത്തുക. ചില്ലറത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് തന്നെ കുട്ടിക്കാലത്തെ രസമാണ്. പിശുക്കൻമാരാണെങ്കില്‍ കുടുക്ക നിറയും. ഒരുപാട് പണം കാണും. അല്ലെങ്കില്‍ എപ്പോഴും കുടുക്കയില്‍ നിന്ന് പണം വാരാൻ ശ്രമിക്കുന്നവരുമുണ്ടെന്ന് വ്യക്തമാക്കി ഗൃഹാതുരത തുളുമ്പുന്ന ഒരു കുറിപ്പുമായി ഇതാ സരയൂ മോഹൻ രംഗത്ത് എത്തിയിരിക്കുന്നു.
സരയൂ മോഹന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
ക്യൂട്ടിക്യൂറ പൗഡർ കുപ്പീടെ മൂട് തുളച്ചതായിരുന്നു കുടുക്ക. സിപ്പപ്പിന് കൊതി മൂക്കുന്ന വൈകുന്നേരങ്ങളിൽ, കത്രിക ഇട്ട് കുത്തി തിരുകി ചില്ലറ എടുക്കും. പൗഡർ മണക്കുന്ന ചില്ലറയും മുന്തിരി സിപ്പപ്പും ഇടയ്ക്ക് ഇടയ്ക്ക് കണ്ടുമുട്ടും. അങ്ങനെ നാളുകളോളം കുടുക്ക നിറയില്ല. പിന്നെ സ്‍കൂളിൽ, ക്ലാസ്സിൽ ഒരു കുടുക്ക ഉണ്ടായിരുന്നു.ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതി ഫൈൻ മേടിക്കുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു. പിന്നെ കറുത്ത റിബൺ കെട്ടാത്തതിന്, ബാഡ്‍ജ് കുത്താത്തതിന് അങ്ങനെ വേറെയും ചിലതുണ്ടായിരുന്നു. അഞ്ച് മുതൽ 10 വരെ കൂടെ ഉണ്ടായിരുന്നത് ഏറെക്കുറെ ഒരേ കുട്ടികൾ ആയിരുന്നു. നല്ല ഗംഭീര കക്ഷികൾ ആയിരുന്നത് കൊണ്ട് പൈസക്ക് ക്ഷാമം ഇല്ലായിരുന്നു. ഓണം, ക്രിസ്‍മസ് സെലിബ്രേഷൻ, ഫസ്റ്റ് എയ്‍ഡ് കിറ്റ്,ക്ലാസ്സിൽ അത്യാവശ്യം വരുന്നവർക്ക് പാഡ് വാങ്ങി വെക്കൽ ഒക്കെ ഈ പൈസക്ക് ആയിരുന്നു. പോസ്റ്റ് ബോക്സിന്റെ രൂപത്തിൽ ഉള്ള കുടുക്ക ആയിരുന്നു ക്ലാസ്സിൽ. താഴും താക്കോലും ഉള്ളത്.
പല രൂപത്തിലും സ്റ്റൈലിലും ഒക്കെ കുടുക്കകൾ വാങ്ങി,നിറച്ചു പൊട്ടിച്ചു. കുറച്ച് വര്‍ഷങ്ങളായി ഇതാണ് ഇഷ്‍ടം. മൺകുടുക്ക. നിറഞ്ഞു നിറഞ്ഞു വരുമ്പോൾ ഒരു സന്തോഷംണ്ട്. കയ്യിൽ ചില്ലറ കിട്ടിയാൽ ഉടൻ കുടുക്കയിൽ കൊണ്ടിടാനുള്ള ആവേശമാണ്. ശ്രദ്ധ കേമമായി ഉള്ളത് കൊണ്ട് സനൂന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് തന്നെ യഥേഷ്‍ടം സംഭാവന കിട്ടും. അമ്മേടെ കയ്യിലും ചില്ലറത്തുട്ടുകൾ എപ്പോഴും കാണും. എങ്ങനെ ആണാവോ.എങ്ങനെ ആയാലും കുടുക്ക വായിൽ തന്നെ. അങ്ങനെ വയറ് വീർത്ത ഇവനെ ഇന്ന് തകർത്തു. പണ്ടൊക്കെ ഇത് നിറയണതും കാത്ത് മനസിനുള്ളിൽ ചുരുണ്ടു കിടന്നിരുന്ന കുഞ്ഞു മോഹങ്ങൾ ഉണ്ടായിരുന്നു. ഇന്നത്തെ (അത്യാഗ്രഹങ്ങൾ )ആഗ്രഹങ്ങൾ പാവം മൺചെപ്പ് താങ്ങാതായി.
എന്നാലും പതിവ് വിടാൻ തോന്നിയില്ല. ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ. മാസാ മാസം കൃത്യം തീയതി വെച്ച് ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ, എന്റെ കയ്യിൽ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിൻ എന്ന് msg അയക്കുകയോ ഒന്നൂല്ല.
ആ കടേന്ന് കിട്ടിയ ബാക്കി ചില്ലറയോ, കാറിന്റെ ഉള്ളിൽ കിടക്കുന്ന നാണയതുട്ടോ, ബസ്സിൽ കൊടുത്തതിന്റെ ബാക്കിയോ ഒക്കെ ഇടയ്ക്കൊന്ന് കൊടുത്താൽ മതി. അങ്ങനെ പോകെ, ഇങ്ങനെ അന്തിച്ചു ചിന്തിച്ചു കുന്തിച്ചിരിക്കുമ്പോൾ, ചിലപ്പോൾ ഇവൻ ഒരു ചിരി ചിരിക്കും സാറേ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ