
കേരളത്തിലും വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൈതി. അതുകൊണ്ടുതന്നെ വലിയ പ്രാധാന്യത്തോടെയാണ് കാര്‍ത്തിയുടെ പുതിയ ചിത്രങ്ങളുടെ കേരള വിതരണാവകാശം വില്‍ക്കപ്പെടുന്നത്. കാര്‍ത്തിയുടെ പുതിയ ചിത്രം സര്‍ദാറിന്‍റെ കേരള റൈറ്റ്സും വില്‍പ്പനയായിരിക്കുകയാണ്. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് സര്‍ദാറിന്‍റെ കേരള വിതരണാവകാശം നേടിയിരിക്കുന്നത്. നേരത്തെ വിജയ്‍യുടെ മാസ്റ്റര്‍, കാർത്തിയുടെ സുൽത്താൻ എന്നീ ചിത്രങ്ങൾ കേരളത്തില്‍ വിതരണം ചെയ്തതും ഫോര്‍ച്യൂണ്‍ സിനിമാസ് ആയിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയാന്റ് മൂവീസ് ആണ് തമിഴ്‍നാട്ടിലെ തിയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
കാര്‍ത്തിയുടെ സിനിമാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രമാണ് സര്‍ദാര്‍. വിദേശ രാജ്യങ്ങളിലടക്കമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കാര്‍ത്തി ഇരട്ടവേഷങ്ങളിലാണ് എത്തുന്നത്. കതിരവന്‍ ഐപിഎസ്, സര്‍ദാര്‍ ശക്തി എന്നിങ്ങനെയാണ് രണ്ട് കഥാപാത്രങ്ങള്‍. റാഷി ഖന്നയാണ് നായിക. രജിഷ വിജയനും ബോളിവുഡ് താരം ചങ്കി പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈല, സഹാന വാസുദേവന്‍, മുനിഷ്‍കാന്ത്, മുരളി ശര്‍മ്മ, ഇളവരസ്, റിത്വിക് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലൈല 16 വര്‍ഷത്തിനു ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നത്. ചങ്കി പാണ്ഡെയുടെ കോളിവുഡ് അരങ്ങേറ്റമാണ് ഇത്. പി എസ് മിത്രനാണ് രചനയും സംവിധാനവും.
ALSO READ : ബോക്സ് ഓഫീസില്‍ ആവേശമോ നിരാശയോ? 'കോബ്ര' കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത്
ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ ആണ്. ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്, എഡിറ്റിംഗ് റൂബന്‍. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്‍മണ്‍ കുമാര്‍ ആണ് നിര്‍മ്മാണം. കേരള പിആർഒ പി ശിവപ്രസാദ്.