
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയായ സൂര്യാ ഫെസ്റ്റിവലിന് വീണ്ടും അരങ്ങുണരുന്നു. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടി ഭാവന ബുക്ക് ലെറ്റ് പുറത്തിറക്കി. മലയാള സിനിമയ്ക്കും പുറത്തുമുള്ള നിരവധി കലാകാരന്മാരുടെ നൃത്ത സംഗീത വിസ്മയം ഇത്തവണ ഫെസ്റ്റിവലിന്റെ ഭാഗമാകും.
"കലാലോകത്ത് തിളങ്ങി നിൽക്കുന്ന പല നക്ഷത്രങ്ങളും സൂര്യയിലൂടെയാണ് വളർന്ന് വന്നത്. ലോകമെമ്പാടുമുള്ള സൂര്യയുടെ പ്രവർത്തനങ്ങൾ ഏറെ അത്ഭുതത്തോടെയാണ് ഞാൻ നോക്കി കാണുന്നത്. എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്നപ്പോൾ വളരെയധികം ആത്മദൈര്യം പകർന്ന് നൽകിയവരാണ് സൂര്യയും സൂര്യ കൃഷ്ണമൂർത്തി സാറും. എനിക്ക് നൽകി കൊണ്ടിരിക്കുന്ന യഥാർത്ഥമായ പിന്തുണയ്ക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. സൂര്യയുടെ ഒരു കുടുംബാംഗമെന്ന നിലയിൽ 111 ദിവസം നീണ്ടുനിൽക്കുന്ന സൂര്യമേളയുടെ ഫെസ്റ്റിവൽ ബുക് കലാകാരന്മാർക്കും കലാസ്വാദകർക്കും സമർപ്പിക്കുന്നു", എന്നാണ് ബുക്ക് ലെറ്റ് പുറത്തിറക്കി ഭാവന പറഞ്ഞത്.
ഏറെ പ്രത്യേകതകളുമായാണ് ഇത്തവണ സൂര്യ ഫെസ്റ്റ് ഒരുങ്ങുന്നത്. യേശുദാസ് തുടർച്ചയായി 45 തവണ ഒരേദിവസം ഒരേവേദിയിൽ കച്ചേരി അവതരിപ്പിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതകളിൽ ഒന്നാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും ഓൺലൈൻ ആയിട്ടായിരുന്നു യേശുദാസ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ അദ്ദേഹം നേരിട്ട് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സൂര്യയുടെ വേദിയില്‍ നൃത്ത വിസ്മയവുമായി ശോഭനയും എത്തുന്നുണ്ട്.
രമ വൈദ്യനാഥ്, മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ഗോവിന്ദ്, ട്രിവാൻഡ്രം കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ,പദ്മ പ്രിയ, ആശാ ശരത്, സുനന്ദ നായർ, ജാനകി രംഗരാജൻ, നവ്യനായർ, ശാർമിള മുഖർജി, മഞ്ജു വാര്യർ, മധുമിത റോയ് തുടങ്ങിയവരും ഫെസ്റ്റിവലിന്റെ ഭാഗമാകും. മീത പണ്ഡിറ്റ്, സിത്താര കൃഷ്ണകുമാർ, എച്ച് ജി ചൈത്ര, ഉസ്താദ് റാഫി ഖാൻ, അഭിഷേക് രഘുറാം, സുധ രഘുനാഥൻ, ബാലമുരളി, ഉണ്ണികൃഷ്ണൻ, സൂര്യ ഗായത്രി, ഹരി ശങ്കർ തുടങ്ങിയവർ ഫെസ്റ്റിനെ ഗാനങ്ങളാൽ സമൃദ്ധമാക്കാൻ ഉണ്ടാകും. ഇവരെ കൂടാതെ മറ്റ് പ്രഗത്ഭരായ കലാകാരന്മാരും സൂര്യ ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാൻ ഉണ്ടാകും.
പിറന്നാൾ ആശംസകൾക്ക് ഒപ്പം ജയസൂര്യയുടെ 'കത്തനാരെ' അവതരിപ്പിച്ച് മോഹൻലാൽ