
സിനിമകള്‍ക്ക് തിയറ്ററുകളിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ പലപ്പോഴും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ പലപ്പോഴും ട്രോളുകള്‍ വാങ്ങാറുണ്ട്, മറിച്ചും. തിയറ്ററുകളിലും ഒടിടിയിലും ഒരേപോലെ മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ നന്നേ കുറവാണ്. ഇപ്പോഴിതാ ആ ഗണത്തില്‍ പെടുത്താവുന്ന ചിത്രമായിരിക്കുകയാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. അഖില്‍ സത്യന്‍റെ രചനയിലും സംവിധാനത്തിലും ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. ഡിസംബര്‍ 25 ന് തന്നെ ആയിരുന്നു റിലീസ്. ആദ്യ ദിനങ്ങളില്‍ത്തന്നെ മികക്ക പ്രതികരണങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസിലും വന്‍ നേട്ടം കൊയ്തു. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായും മാറി സര്‍വ്വം മായ. എന്നാല്‍ ചിത്രം ഓവര്‍ റേറ്റഡ് ആണെന്നും ഒടിടിയില്‍ വരുമ്പോള്‍ അഭിപ്രായം മാറുമെന്നും അഭിപ്രായപ്പെട്ട ഒരു ചെറിയ വിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ പ്രവചനം പാടെ തെറ്റിക്കുന്ന റെസ്പോണ്‍സ് ആണ് ചിത്രം ഒടിടിയില്‍, വിശേഷിച്ചും മറുഭാഷാ പ്രേക്ഷകരില്‍ നിന്നും നേടിയിരിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. അങ്ങേയറ്റം പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് സ്ക്രീനില്‍ വയലന്‍സ് ആഘോഷിക്കപ്പെടുന്ന കാലത്ത് ആശ്വാസമാണ് സര്‍വ്വം മായ പോലെയുള്ള ചിത്രങ്ങള്‍ എന്നാണ് ഉയരുന്ന ഒരു അഭിപ്രായം. ചിത്രത്തെയും നിവിനെയും പ്രശംസിച്ച് രംഗത്തെത്തുന്നവരില്‍ പ്രശസ്തരുമുണ്ട്. രാധിക ശരത്കുമാറും പ്രമുഖ നിരൂപക അനുപമ ചോപ്രയുമൊക്കെ അക്കൂട്ടത്തില്‍ ഉണ്ട്. നിവിന്‍ പോളിക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവിനും ഒട്ടേറെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.
ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രമാണെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്‍റിമെന്‍റ്സിലും പ്രാധാന്യമുള്ള ചിത്രമാണ് ഇത്. പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന്‍ നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നായിരുന്നു തിയറ്റര്‍ റിലീസിന് പിന്നാലെ ചിത്രത്തിന് ലഭിച്ച മൗത്ത് പബ്ലിസിറ്റി. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്ക് ഉണ്ട്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ