
അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഷെയ്ന്‍ നിഗം ചിത്രം 'ഇഷ്‌ക്' ഈ നോമ്പുകാലത്ത് തീയേറ്ററുകളിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ്. മികച്ച അഭിപ്രായവുമായി ചിത്രം ഇപ്പോഴും തിയ്യറ്റുകളില്‍ കയ്യടി നേടി പ്രദര്‍ശനം തുടരുന്നു. ചിത്രത്തിലെ അഭിനേതാക്കളെയും സംവിധായകനെയും അഭിനന്ദിച്ച് നിരവധി താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇഷ്ക് ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
'ഇത്തിരി വൈകിയാണ് 'ഇഷ്‌ക്' കണ്ടത്. ഷൈൻ ടോം ചാക്കോയും, ഷെയ്ൻ നിഗവും, ജാഫർ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവർ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് 'ഇഷ്‌ക്' കാണുമ്പോഴാണ്. നായിക ആൻ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകൻ ക്യാമറക്കു പിന്നിൽ നിൽക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.
അനുരാജ് മനോഹർ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു'- സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
തിരഞ്ഞെടുപ്പും, അതിന്റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങനെ തോറ്റു എന്നതിനെക്കുറിച്ചുള്ള 'താത്വികമായ അവലോകനങ്ങളും' കഴിഞ്ഞു. ഇപ്പോഴും വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള 'അന്തർധാര സജീവമായിരുന്നു' എന്ന കണ്ടെത്തലിനു തന്നെയാണ് മുൻതൂക്കം.
ഈയടുത്ത ദിവസം ശ്രീ എം. പി. വീരേന്ദ്രകുമാർ ഒരു സൗഹൃദസംഭാഷണത്തിനിടയിൽ പറഞ്ഞു - 'സന്ദേശ'ത്തിലെ ഈ സംഭാഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടാൻ കാരണം അത് ശങ്കരാടി എന്ന അനുഗ്രഹീത നടൻ പറഞ്ഞതുകൊണ്ടാണ്.
വാസ്തവം!
കണ്മുന്നിലുള്ളപ്പോൾ അതിന്റെ വിലയറിയില്ലല്ലോ. ശങ്കരാടിയും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ അഭിനയകലയിലെ പകരം വെക്കാനില്ലാത്തവരാണെന്ന് നമ്മൾ പോലും തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്.
അഭിനയമികവിന്റെ കാര്യത്തിൽ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിർത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോൾ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളിൽ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്റെ പാതയിലൂടെയാണ് സിദ്ധിക്കിന്റെ യാത്ര എന്ന് തോന്നാറുണ്ട്.
സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം.
ഇപ്പോൾ ഇതൊക്കെ ഓർമ്മിക്കാൻ കാരണം 'ഇഷ്‌ക്' എന്ന സിനിമയാണ്. ഇത്തിരി വൈകിയാണ് 'ഇഷ്‌ക്' കണ്ടത്. ഷൈൻ ടോം ചാക്കോയും, ഷെയ്ൻ നിഗവും, ജാഫർ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവർ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് 'ഇഷ്‌ക്' കാണുമ്പോഴാണ്. നായിക ആൻ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകൻ ക്യാമറക്കു പിന്നിൽ നിൽക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.
അനുരാജ് മനോഹർ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു.
നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് ഒരു വിഷയം കണ്ടെത്തുക, അത് ഉള്ളിൽ തട്ടും വിധം പ്രേക്ഷകരിലേക്ക് പകരുക - രണ്ടിലും സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു.
ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മലയാള സിനിമ മുന്നോട്ടു തന്നെയാണ്- എല്ലാ അർത്ഥത്തിലും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ