
മലയാളസിനിമയെ സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരമായ വെള്ളിയാഴ്ചയാണ് ഇത്. പെരുന്നാള്‍ റിലീസുകളായി ആകെയെത്തുന്ന ആറ് സിനിമകളില്‍ ആദ്യമെത്തുന്ന രണ്ടെണ്ണം പകരുന്ന കൗതുകമാണ് കാരണം. വിനായകന്‍ ആദ്യമായി മുഴുനീള നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തൊട്ടപ്പനും' വിനയ് ഫോര്‍ട്ട് നായകനാവുന്ന 'തമാശ'യും വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ലഭ്യമായ അവസരങ്ങളിലെല്ലാം തങ്ങളിലെ അഭിനയ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണികളെ കാട്ടിക്കൊടുത്ത രണ്ട് നടന്മാര്‍. ഇരുവരുടെയും അഭിനയപ്രതിഭയെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് എഴുതി, ഒരുക്കപ്പെട്ട രണ്ട് സിനിമകള്‍ തന്നെയാണ് തൊട്ടപ്പനും തമാശയും. അതിനാല്‍ത്തന്നെ ഇരുവരുടെയും കരിയര്‍ ബ്രേക്ക് ആകാവുന്ന സിനിമകളായി ഈ ചിത്രങ്ങള്‍ ഇതിനോടകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് 'തൊട്ടപ്പന്‍' എന്ന സിനിമയുടെ അടിസ്ഥാനം. 'കിസ്മത്ത്' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഉള്ള് തൊട്ട ഷാനവാസ് ബാവക്കുട്ടിക്കുവേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് പി എസ് റഫീഖും. കൊച്ചിയിലെ കടമക്കുടി, വളന്തക്കാട് മേഖലകളിലും ആലപ്പുഴയിലെ പൂച്ചാക്കലിലുമായായിരുന്നു സിനിമയുടെ ചിത്രീകരണം. മലയാളസിനിമയില്‍ സമീപകാലത്തുതന്നെ ഒട്ടേറെത്തവണ ആവര്‍ത്തിച്ച കഥാപശ്ചാത്തലമാണ് തീരദേശ കൊച്ചി. എന്നാല്‍ മലയാളസിനിമ ഇതുവരെ കാണാത്ത കൊച്ചിയുടെ മുഖമാണ് 'തൊട്ടപ്പനി'ല്‍ കാണാനാവുക എന്നാണ് ഷാനവാസ് ബാവക്കുട്ടിയുടെ വാഗ്ദാനം. സിനിമയുടെ ഇതിനകം പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകളൊക്കെ ചിത്രം വിനായകന്‍ എന്ന നടനെ എത്രത്തോളം ബഹുമാനത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു. സുരേഷ് രാജനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിനായകനൊപ്പം റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുറത്തെത്തിയ തീയേറ്റര്‍ ലിസ്റ്റ് പ്രകാരം കേരളത്തില്‍ 99 തീയേറ്ററുകളിലാണ് തൊട്ടപ്പന്റെ റിലീസ്.
ശ്യാമപ്രസാദിന്റെ 'ഋതു'വിലൂടെ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകരുടെ കണ്ണില്‍ ഉടക്കിയ നടനാണ് വിനയ് ഫോര്‍ട്ട്. പിന്നീട് സിബി മലയിലിന്റെ അപൂര്‍വ്വരാഗങ്ങളിലും ജോയ് മാത്യുവിന്റെ ഷട്ടറിലും അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലുമൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ വലിയ ജനപ്രീതി നേടി. പക്ഷേ ഈ നടനെ അടുത്ത തലത്തിലേക്ക് എത്തിക്കുന്ന ഒരു നായക കഥാപാത്രം സംഭവിച്ചില്ല. ആ കുറവ് പരിഹരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് തമാശ. റിലീസിന് ശേഷം തന്റെ കരിയര്‍ തമാശയ്ക്ക് മുന്‍പും ശേഷവും എന്ന് വിലയിരുത്തപ്പെട്ടേക്കാമെന്ന് വിനയ് ഫോര്‍ട്ട് തന്നെ ഇതിനകം പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. വിനയ് ഫോര്‍ട്ട് ഒരു അധ്യാപകന്റെ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഷ്‌റഫ് ഹംസയാണ്. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 108 തീയേറ്ററുകളിലാണ് കേരളത്തിലെ റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ