മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനൊപ്പം സത്യരാജ്

By Web TeamFirst Published Aug 11, 2022, 5:20 PM IST
Highlights

ഇന്ത്യൻ 2വില്‍ ഒരു പ്രധാന കഥാപാത്രമാകാൻ സത്യരാജും.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനാകുന്ന ചിത്രം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ 'ഇന്ത്യൻ 2'വിലെ കാസ്റ്റിംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. സത്യരാജ് കമല്‍ഹാസന് ഒപ്പം ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കമല്‍ഹാസൻ നായകനായ 1986ലെ ചിത്രമായ 'വിക്ര'ത്തില്‍ സത്യരാജ് അഭിനയിച്ചിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സത്യരാജ് കമല്‍ഹാസനൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയൻ നായകനാകുന്ന 'പ്രിൻസ്' ആണ് സത്യരാജ് അഭിനയിക്കുന്ന മറ്റൊരു ചിത്രം. കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം 2019ലാണ് ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ തുടര്‍ന്നുള്ള ഷൂട്ടിംഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 200 കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത 'വിക്രം' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് കമല്‍ഹാസൻ ഇപ്പോള്‍. കൊവിഡിന് ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി 'വിക്രം'. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ്, കാളിദാസ് ജയറാം, നരേയ്ൻ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിനൊപ്പം  രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.

Read More : ആലിയ ഭട്ടിന്റെ 'ഡാര്‍ലിംഗ്‍സ്' തമിഴിലേക്ക്

click me!